
Photo|Special Arrangement
'ഇനിയൊരു ആക്രമണം ഉണ്ടായാൽ പാകിസ്താന്റെ ഭൂപടം തന്നെ മാറും'; മുന്നറിയിപ്പുമായി കരസേന മേധാവി
|പ്രകോപനം ഉണ്ടായാൽ ശക്തമായി ഇന്ത്യ തിരിച്ചെടി നൽകുമെന്നും ഓപ്പറേഷൻ സിന്ദൂരിൽ ഉണ്ടായ സംയമനം ഉണ്ടാകില്ലെന്നും ഉപേന്ദ്ര ദ്വിവേദി പറഞ്ഞു
ന്യൂഡൽഹി: പാകിസ്താന് മുന്നറിയിപ്പുമായി ഇന്ത്യൻ കരസേന മേധാവി ഉപേന്ദ്ര ദ്വിവേദി. പ്രകോപനം ഉണ്ടായാൽ ശക്തമായി ഇന്ത്യ തിരിച്ചെടി നൽകുമെന്നും ഓപ്പറേഷൻ സിന്ദൂരിൽ ഉണ്ടായ സംയമനം ഉണ്ടാകില്ലെന്നും ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. ഇനിയൊരു ആക്രമണം ഉണ്ടായാൽ പാകിസ്താന്റെ ഭൂപടം തന്നെ മാറുമെന്നും കരസേന മേധാവി മുന്നറിയിപ്പ് നൽകി.
ഭീകരവാദത്തിനെതിരെയാണ് ഇന്ത്യയുടെ പോരാട്ടം. ലോക ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും ഒരു സ്ഥാനം നിലനിർത്താൻ പാകിസ്താൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് സർക്കാർ സ്പോൺസർ ചെയ്യുന്ന ഭീകരവാദം അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത സൈനികരെ അഭിനന്ദിക്കുന്ന ചടങ്ങിൽ ആയിരുന്നു കരസേന മേധാവിയുടെ പ്രതികരണം.
ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ യുദ്ധവിമാനങ്ങൾ പാകിസ്താന്‍ തകർത്തിട്ടില്ലെന്ന് വ്യോമ സേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി സിങ് പറഞ്ഞിരുന്നു. പാകിസ്താന്റെ അഞ്ച് യുദ്ധവിമാനങ്ങളെ ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വെടിവെച്ച് വീഴ്ത്തിയെന്നും ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ പാകിസ്താന്റെ എഫ്-16 ഉള്‍പ്പെടെ വ്യോമതാവളങ്ങളില്‍ സൂക്ഷിച്ചിരുന്ന 10 യുദ്ധവിമാനങ്ങള്‍ തകര്‍ത്തുവെന്നുമായിരുന്നു എ.പി സിങ്ങിന്റെ വെളിപ്പെടുത്തൽ.