< Back
India
ഇത് അശ്ലീലമല്ലെങ്കിൽ പിന്നെ എന്താണ്?; രണ്‍വീർ അലഹബാദിയെ വിമര്‍ശിച്ച് സുപ്രിംകോടതി
India

'ഇത് അശ്ലീലമല്ലെങ്കിൽ പിന്നെ എന്താണ്?'; രണ്‍വീർ അലഹബാദിയെ വിമര്‍ശിച്ച് സുപ്രിംകോടതി

Web Desk
|
18 Feb 2025 1:52 PM IST

ജനപ്രീതിയുണ്ടെന്ന് കരുതി എന്തും പറയാമെന്ന് കരുതരുതെന്നും സമൂഹത്തെ നിസാരമായി കാണരുതെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു

ന്യൂഡല്‍ഹി: അശ്ലീല പരാമര്‍ശത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ എടുത്ത കേസുകള്‍ ഒരുമിച്ച് പരിഗണിക്കണമെന്ന രണ്‍വീർ അലഹബാദിയയുടെ ഹരജിയില്‍ കടുത്ത വിമര്‍ശനവുമായി സുപ്രിംകോടതി. കൊമേഡിയൻ സമയ് റെയ്‌നയുടെ 'ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്' എന്ന പരിപാടിയിലായിരുന്നു രണ്‍വീർ അലഹബാദിയ നടത്തിയ പരാമർശം വിവാദമായത്.

ജനപ്രീതിയുണ്ടെന്ന് കരുതി എന്തും പറയാമെന്ന് കരുതരുതെന്നും സമൂഹത്തെ നിസാരമായി കാണരുതെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് തന്നെ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'നിങ്ങളുടെ അഭിപ്രായത്തിൽ എന്താണ് അശ്ലീലം? ഇത് അശ്ലീലമല്ലെന്ന് നിങ്ങൾ പറയുന്നു. ഇത് അശ്ലീലമല്ലെങ്കിൽ പിന്നെ എന്താണ്'എന്ന് കോടതി ചോദിച്ചു.

തനിക്ക് വധഭീഷണിയുണ്ടെന്ന് രണ്‍വീർ കോടതിയെ അറിയിച്ചു. വധഭീഷണിയുണ്ടെങ്കില്‍ അതില്‍ പരാതി നല്‍കൂ എന്നും കോടതി നിര്‍ദേശിച്ചു. അലഹബാദിയയെ അറസ്റ്റ് ചെയ്യുന്നത് കോടതി താല്‍ക്കാലികമായി തടഞ്ഞു. അസം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെടുത്ത കേസുകളിലാണ് നടപടി. പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ കേസുകള്‍ എടുക്കുന്നതും കോടതി തടഞ്ഞു.

Similar Posts