
‘15 മിനിറ്റിനകം രോഗം മാറി’; ഗോമൂത്രത്തെ പുകഴ്ത്തി മദ്രാസ് ഐഐടി ഡയറക്ടർ
|‘ആന്റി ബാക്ടീരിയൽ, ആൻറി ഫംഗൽ, ദഹന ഗുണങ്ങളുള്ളതാണ് ഗോമൂത്രം’
ചെന്നൈ: ഗോമൂത്രത്തിന്റെ 'ഔഷധമൂല്യ'ത്തെ പുകഴ്ത്തി ഐഐടി മദ്രാസ് ഡയറക്ടർ വി. കാമകോടി. ആന്റി ബാക്ടീരിയൽ, ആൻറി ഫംഗൽ, ദഹന ഗുണങ്ങളുള്ളതാണ് ഗോമൂത്രമെന്നും ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്) പോലുള്ള അവസ്ഥകൾക്ക് ഇത് ഉപയോഗപ്രദമാണെന്നുമാണ് ഡയറക്ടർ പറഞ്ഞത്.
കടുത്ത പനി ബാധിച്ചപ്പോൾ ഗോമൂത്രം കഴിച്ച സന്യാസിയുടെ ജീവിതത്തിൽ നിന്നുള്ള കഥ വിവരിക്കുമ്പോഴാണ് ഗോമൂത്രത്തിന്റെ 'ഔഷധമൂല്യ'ത്തെക്കുറിച്ച് കാമകോടി പറഞ്ഞത്. ഗോമൂത്രം കുടിച്ച് 15 മിനിറ്റിനുള്ളിൽ സന്യാസിയുടെ രോഗം ഭേദമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനുവരി 15ന് ഗോ സംരക്ഷണ ശാലയിൽ മാട്ടുപൊങ്കലിനോടനുബന്ധിച്ച് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ഐഐടി മദ്രാസ് ഡയറക്ടറുടെ പരാമര്‍ശത്തെ 'അസംബന്ധം' എന്നാണ് ഡിഎംകെ നേതാവ് ഇളങ്കോവന്‍ വിശേഷിപ്പിച്ചത്. വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമായ ഒരാൾക്ക് എങ്ങനെയാണ് ഇങ്ങനെ പറയാനാവുകയെന്ന് അദ്ദേഹം ചോദിച്ചു. ഡയറക്ടർമാർ കുട്ടികളെ പഠിപ്പിക്കാത്തത് നന്നായയെന്നും ഐഐടിയിൽ നിന്ന് മാറ്റി സർക്കാർ മെഡിക്കൽ കോളേജിൽ നിയമിക്കണമെന്നും വിദ്യാഭ്യാസ സമ്പ്രദായത്തിൽനിന്ന് തന്നെ പുറത്താക്കണമെന്നും പാർട്ടി നേതാവ് പറഞ്ഞു. കോൺഗ്രസ് നേതാവ് കാർത്തി പി. ചിദംബരവും ഡയറക്ടർക്കെതിരെ രംഗത്തെത്തി. കപട ശാസ്ത്രത്തെ ഐഐടി ഡയറക്ടർ തന്നെ പ്രചരിപ്പിക്കുന്നത് യോജിക്കാനാവില്ലെന്നും അദ്ദേഹം എക്സിൽ പങ്കുവെച്ചു.
എന്നാൽ, കാമകോടി ഒരു ജൈവ കർഷകനാണെന്നും അദ്ദേഹത്തിന്റെ പരാമർശങ്ങൾക്ക് വലിയൊരു പശ്ചാത്തലമുണ്ടെന്നും ഗോ സംരക്ഷണശാല പറഞ്ഞു. ഡയറക്ടറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.