< Back
India
അച്ഛാ എനിക്ക് ആമസോണിൽ ജോലി കിട്ടി; പിതാവിന്‍റെ പ്രതികരണം ഏറ്റെടുത്ത് നെറ്റിസൺസ്

Representation Image

India

'അച്ഛാ എനിക്ക് ആമസോണിൽ ജോലി കിട്ടി'; പിതാവിന്‍റെ പ്രതികരണം ഏറ്റെടുത്ത് നെറ്റിസൺസ്

Web Desk
|
27 Oct 2025 2:04 PM IST

ഐഐടി ബിരുദധാരിയായ ശിവാൻഷു രഞ്ജന് ആമസോണിൽ ജോലി ലഭിച്ചപ്പോഴുള്ള പിതാവിന്‍റെ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്

ഡൽഹി: നിങ്ങൾക്കൊരു ജോലി കിട്ടിയാൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് തീര്‍ച്ചയായും നിങ്ങളുടെ മാതാപിതാക്കളായിരിക്കും. പക്ഷെ അതിനോടുള്ള പ്രതികരണം ചിലപ്പോൾ വ്യത്യസ്തമായിരിക്കും. ചിലര്‍ സന്തോഷം കെട്ട് കെട്ടിപ്പിടിക്കും അല്ലെങ്കിൽ കണ്ണ് നിറഞ്ഞുകൊണ്ട് നിങ്ങളെ അനുഗ്രഹിക്കും. എന്നാൽ ഇതിലൊന്നും പെടാത്ത ഒരു കൂട്ടരുണ്ട്...അവരുടെ പ്രതികരണം ദേ...ഇങ്ങനെയായിരിക്കും.

ഐഐടി ബിരുദധാരിയായ ശിവാൻഷു രഞ്ജന് ആമസോണിൽ ജോലി ലഭിച്ചപ്പോഴുള്ള പിതാവിന്‍റെ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 'അച്ഛാ എനിക്ക് ആമസോണിൽ ജോലി കിട്ടി' എന്നായിരുന്നു ശിവാന്‍ഷുവിന്‍റെ വാട്സാപ്പിലൂടെയുള്ള മെസേജ്. എന്നാൽ പിതാവിന്‍റെ പ്രതികരണം യുവാവിനെ അക്ഷരാര്‍ഥതത്തിൽ ഞെട്ടിക്കുന്നതായിരുന്നു. 'ശരി' എന്ന് മാത്രമായിരുന്നു പിതാവിന്‍റെ മറുപടി. 'എനിക്ക് ജോലി കിട്ടിയതിന് ശേഷമുള്ള ടിപ്പിക്കൽ അച്ഛന്‍റെ പ്രതികരണം' എന്ന അടിക്കുറിപ്പോടെ ശിവാൻഷു മെസേജിന്‍റെ സ്ക്രീൻഷോട്ട് എക്സിൽ പങ്കുവച്ചിട്ടുണ്ട്.

ഏതൊരു സാധാരണ ഇന്ത്യൻ പിതാവിന്‍റെയും പ്രതികരണമെന്നാണ് നെറ്റിസൺസ് ഇതിനോട് പ്രതികരിച്ചത്. ''നിങ്ങളുടെ അച്ഛൻ ഇതെല്ലാം നേരത്തെ മുൻകൂട്ടി കണ്ടിട്ടുണ്ട്. അതാണ് ഇതൊന്നും അദ്ദേഹത്തെ ആവേശഭരിതനാക്കാത്തത്. കുറച്ച് വർഷങ്ങൾക്ക് ശേഷം നിങ്ങളുടെ പ്രതികരണം അതേപടി ആയിരിക്കും, നമ്മൾ ഒരു കളിപ്പാട്ടത്തിനായി കരഞ്ഞപ്പോൾ ഓർക്കുക, പക്ഷേ കളിപ്പാട്ടം കിട്ടിയതിനുശേഷം അത് അത്ര രസകരമല്ല'' ഒരു ഉപയോക്താവ് കുറിച്ചു. 'അസൂയയുള്ള ഒരു സുഹൃത്തിൽ നിന്ന് നിങ്ങൾക്ക് സമാനമായ പ്രതികരണം ലഭിക്കും' എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം. എന്‍റെ അച്ഛനാണെങ്കിൽ മെസേജ് കാണാതെ അവഗണിക്കുമായിരുന്നുവെന്ന് ഒരാൾ പറഞ്ഞു. "ആ ഓകെയ്ക്ക് വാട്ട്‌സ്ആപ്പിന് വിശദീകരിക്കാൻ കഴിയാത്ത ഒരു വലിയ വികാരമുണ്ട്," മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. ചില എക്സ് ഉപയോക്താക്കൾ പിതാവിന്‍റെ പ്രതികരണത്തിലെ ലാളിത്യത്തെയും സത്യസന്ധതയെയും അഭിനന്ദിച്ചു.

അടുത്തിടെയാണ് തനിക്ക് ആദ്യ ജോലി ലഭിച്ചതെന്ന് രഞ്ജൻ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. എസ്‌ഡി‌ഇ-1 തസ്തികയിലേക്കുള്ള പ്രീ-പ്ലേസ്‌മെന്‍റ് ഓഫറായിരുന്നു അത്. ബനാറസ് എഞ്ചിനീയറിങ് കോളജിൽ നിന്നും കെമിക്കൽ എഞ്ചിനീയറിങ്ങിലാണ് ശിവാൻഷു ബിരുദം നേടിയിട്ടുള്ളത്.

Similar Posts