
ഫഡ്നാവിസിന്‍റെ മണ്ഡലത്തിൽ വെറും ആറ് മാസത്തിനുള്ളിൽ 29,219 പുതിയ വോട്ടർമാര്‍!
|പ്രതിദിനം 162 വോട്ടര്‍മാരാണ് പുതുതായി പട്ടികയിൽ ചേര്‍ക്കപ്പെട്ടത്
ഡൽഹി: 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനും മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനും ഇടയിലുള്ള വെറും ആറ് മാസത്തിനുള്ളിൽ, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ സീറ്റായ നാഗ്പൂർ സൗത്ത് വെസ്റ്റിൽ 29,219 പുതിയ വോട്ടർമാര്‍. പ്രതിദിനം 162 വോട്ടര്‍മാരാണ് പുതുതായി പട്ടികയിൽ ചേര്‍ക്കപ്പെട്ടത്.
50 ബൂത്തുകളിൽ നടത്തിയ പരിശോധനയിൽ, വിലാസമില്ലാത്ത കുറഞ്ഞത് 4,000 വോട്ടർമാരെ കണ്ടെത്തിയതായി ന്യൂസ് ലോൺട്രി റിപ്പോര്‍ട്ട് ചെയ്യുന്നു. മണ്ഡലത്തിൽ വ്യാജ വോട്ടർമാർ ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്.നാഗ്പൂര്‍ സൗത്ത് വെസ്റ്റിൽ 2,301 വോട്ടര്‍മാരെ വോട്ടര്‍ പട്ടികയിൽ നിന്നും നീക്കം ചെയ്തിട്ടുമുണ്ട്. അതായത് മൊത്തം വോട്ടുകളുടെ 0.6 ശതമാനം. കോൺഗ്രസ് സ്ഥാനാര്‍ഥി പ്രഫുൽ ഗുഡാദെയെ 39,000 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഫഡ്നാവിസ് നാഗ്പൂര്‍ സൗത്ത് വെസ്റ്റിൽ തുടര്‍ച്ചയായ നാലാം തവണ വിജയിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ, ബിജെപിക്ക് വോട്ടർമാരുടെ എണ്ണം 14,225 വർധിച്ചപ്പോൾ കോൺഗ്രസിന് ഏകദേശം 8,000 വോട്ടുകളുടെ വർധനവ് മാത്രമേ ഉണ്ടായിട്ടുള്ളൂ.
മഹാരാഷ്ട്രയിൽ വോട്ടര്‍ പട്ടികയിൽ വ്യാപക ക്രമക്കേട് നടന്നതായി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികൾ നേരത്തെ ആരോപിച്ചിരുന്നു. മഹാരാഷ്ട്രയിലെ ജനസംഖ്യയിലുള്ളതിനെക്കാള്‍ ആളുകള്‍ വോട്ടര്‍ പട്ടികയിലുണ്ടായിരുന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം. മഹാരാഷ്ട്രയില്‍ ജനസംഖ്യയിലുള്ളവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് 2024ലെ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയിലുള്ള ആളുകളുടെ എണ്ണം. ഇക്കാര്യത്തില്‍ തങ്ങളുടെ ചോദ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. 2019- 2024 ലോക്‌സഭ തെരഞ്ഞെടുപ്പുകള്‍ക്കിടയില്‍ 32 ലക്ഷം വോട്ടര്‍മാരെയാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ അതിന് ശേഷം അഞ്ച് മാസം കഴിഞ്ഞുള്ള തെരഞ്ഞെടുപ്പില്‍ 39 ലക്ഷം വോട്ടര്‍മാരെ കൂട്ടിച്ചേര്‍ത്തെന്നും ഇതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നുമാണ് രാഹുല്‍ഗാന്ധിയുടെ ആരോപണം. ഡൽഹിയിലും ഉത്തര്‍പ്രദേശിലും ക്രമക്കേട് നടന്നതായി രാഹുൽ ആരോപിച്ചിരുന്നു.
മുൻ വോട്ടർ പട്ടികയേക്കാൾ 4 ശതമാനത്തിൽ കൂടുതൽ കൂട്ടിച്ചേർക്കലും 2 ശതമാനത്തിൽ കൂടുതൽ ഇല്ലാതാക്കലും ഉണ്ടെങ്കിൽ, ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുടെ ക്രോസ്-വെരിഫിക്കേഷൻ നിർബന്ധമാണ്.
നിയമസഭയിലെ 378 ബൂത്തുകളിലെ വോട്ടർ പട്ടിക സൂക്ഷ്മമായി പരിശോധിച്ചപ്പോൾ 263 ബൂത്തുകളിൽ വോട്ടർമാരിൽ 4 ശതമാനത്തിലധികം വർധനവ് ഉണ്ടായതായി കണ്ടെത്തി - 26 ബൂത്തുകളിൽ 20 ശതമാനത്തിൽ കൂടുതലും നാല് ബൂത്തുകളിൽ 40 ശതമാനത്തിൽ കൂടുതലും. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റിൽ വോട്ടര്‍ പട്ടികയിൽ 4 ശതമാനത്തിൽ കൂടുതലാണെങ്കിൽ കൂട്ടിച്ചേർക്കലുകൾ പരിശോധിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പട്ടികപ്പെടുത്തിയിട്ടുണ്ട്. വോട്ടർ പട്ടിക പുതുക്കുമ്പോൾ ഫീൽഡ് വെരിഫിക്കേഷനും അധിക പരിശോധനയും ഈ നടപടിക്രമത്തിൽ ഉൾപ്പെടുന്നു.
2009 ന് ശേഷമുള്ള വോട്ടർമാരുടെ എണ്ണത്തിലെ ഏറ്റവും വലിയ വർധനവാണിത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിയമസഭാ മണ്ഡലത്തിൽ 32,822 വോട്ടർമാരെ ചേർത്തിരുന്നു. 2001 നും 2011 നും ഇടയിൽ നാഗ്പൂർ ജില്ലയിലെ ജനസംഖ്യയിൽ 14 ശതമാനം വർധനവുണ്ടായതായി സെൻസസ് സൂചിപ്പിക്കുന്നു. കഴിഞ്ഞ ദശകവുമായി താരതമ്യപ്പെടുത്തുമ്പോൾ വളർച്ചാ നിരക്ക് കുറവായിരുന്നു.
"നാഗ്പൂരിലെ ജനസംഖ്യയിൽ പെട്ടെന്ന് വർധനവുണ്ടായിട്ടില്ലെങ്കിൽ , വോട്ടർ പട്ടികയിൽ ഇത് കാണിക്കുന്നതിൽ അർത്ഥമില്ല" എന്ന് മുൻ രജിസ്ട്രാർ ജനറലും ഇന്ത്യൻ സെൻസസ് കമ്മീഷണറുമായ എ.ആർ നന്ദ പറഞ്ഞു. 1988 ൽ, വോട്ടർമാരുടെ എണ്ണത്തിൽ പെട്ടെന്നുള്ള കുതിച്ചുചാട്ടം ഉണ്ടായി, കാരണം വോട്ടർമാരുടെ പ്രായം 18 ആയി കുറച്ചിരുന്നു'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഈയിടെ തള്ളിയിരുന്നു. കോൺഗ്രസ് പാർട്ടി മുൻപ് ഉയർത്തിയ ആരോപണങ്ങൾക്കുള്ള മറുപടിയിൽ തിരഞ്ഞെടുപ്പു കമ്മിഷൻ വസ്തുതകളെല്ലാം വിശദീകരിച്ചിരുന്നുവെന്നും ഇതു കമ്മിഷന്റെ വെബ്സൈറ്റിൽ ലഭ്യമാണെന്നും അധികൃതർ വ്യക്തമാക്കി.