
മദ്യനിരോധനം നിലവിലുള്ള ഗുജറാത്തിൽ കഴിഞ്ഞ വർഷം ഓരോ നാല് സെക്കൻഡിലും പിടികൂടിയത് ഒരു കുപ്പി വിദേശ മദ്യം
|അഹമ്മദാബാദ്, ഭാവ്നഗർ, വഡോദര തുടങ്ങിയ മേഖലകളിൽ നിന്നാണ് മദ്യം പിടികൂടിയത്.
അഹമ്മദാബാദ്: മദ്യനിരോധനം നിലവിലുള്ള ഗുജറാത്തിൽ കഴിഞ്ഞ വർഷം ഓരോ നാല് സെക്കൻഡിലും ഒരു കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യം പിടിച്ചെടുത്തതായി പൊലീസ് രേഖകൾ. സംസ്ഥാനത്ത് പിടിച്ചെടുത്ത 144 കോടി രൂപ വിലമതിക്കുന്ന 82,00,000 കുപ്പികളിൽ 4,38,047 കുപ്പികൾ അഹമ്മദാബാദ് നഗരം, അഹമ്മദാബാദ് റൂറൽ, വെസ്റ്റേൺ റെയിൽവേയുടെ അഹമ്മദാബാദ് അധികാരപരിധി എന്നിവിടങ്ങളിൽ നിന്നാണ് പിടിച്ചെടുത്തത്. അഹമ്മദാബാദ് നഗരത്തിൽ മാത്രം 3.06 ലക്ഷം വിദേശ മദ്യക്കുപ്പികൾ ഉൾപ്പെട്ട 2,139 കേസുകളും 1.58 ലക്ഷം ലിറ്റർ നാടൻ മദ്യം ഉൾപ്പെട്ട 7,796 കേസുകളും റിപ്പോർട്ട് ചെയ്തു.
പൊലീസ് നടത്തിയ വ്യാപകമായ പരിശോധനയാണ് മദ്യം പിടികൂടാൻ കാരണം. എന്നാൽ ഇത് മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നാണ് അവർ പറയുന്നത്. വഡോദരയിലെ ഗ്രാമീണ മേഖലയിലാണ് ഈ നടപടിക്ക് നേതൃത്വം നൽകിയത്, അവിടെ ട്രക്കുകളുടെയും ഗോഡൗണുകളുടെയും രഹസ്യ അറകളിൽ ഒളിപ്പിച്ച 9.8 കോടി രൂപയുടെ ഐഎംഎഫ്എൽ കുപ്പികൾ അധികൃതർ പിടിച്ചെടുത്തു.
സൂറത്തിലും സമാനമായ ഓപ്പറേഷനിൽ 8.9 കോടി രൂപയുടെ മദ്യം കണ്ടെത്തി. വീട്ടുപകരണങ്ങൾ കൊണ്ടുപോകുന്നവരെന്ന രീതിയിൽ മദ്യം കടത്താൻ ശ്രമിച്ച അന്തർസംസ്ഥാന സംഘത്തിൽ നിന്നാണ് മദ്യം പിടികൂടിയത്. നവസാരിയിൽ നിന്ന് 6.23 ലക്ഷം വിദേശ മദ്യവും ഗോദ്രയിൽ 8.8 കോടി രൂപയുടെ മദ്യവും പിടിച്ചെടുത്തു.
ഭാവ്‌നഗറിൽ നിന്ന് 8.7 കോടി രൂപയുടെ വിദേശ മദ്യവും, നാടൻ മദ്യവും വാട്ടർ ടാങ്കുകളിലും പച്ചക്കറികൾക്കിടയിലും ഒളിപ്പിച്ച നിലയിലായിരുന്നു. കള്ളക്കടത്തുകാർക്ക്, അവരുടെ തന്ത്രങ്ങൾ എത്ര നൂതനമാണെങ്കിലും, നിയമം ലംഘിക്കാൻ അനുവദിക്കില്ല എന്നതിന്റെ വ്യക്തമായ ഓർമപ്പെടുത്തലാണ് റെയ്ഡ്. ഗാന്ധിയുടെ നാട്ടിൽ നിയമലംഘനത്തിന് ഇടമില്ല എന്ന സന്ദേശമാണ് തങ്ങൾ നൽകാൻ ഉദ്ദേശിക്കുന്നതെന്നും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.