< Back
India
In India matrimonial disputes most bitterly fought cases Bombay High Court
India

ഇന്ത്യയില്‍ ഏറ്റവും രൂക്ഷമായ നിയമ പോരാട്ടം നടക്കുന്നത് ദാമ്പത്യ തര്‍ക്ക കേസുകളിലെന്ന് കോടതി

Web Desk
|
12 April 2023 12:09 PM IST

15 വയസ്സുള്ള മകനെ കാണാൻ അനുവദിക്കണമെന്ന പിതാവിന്‍റെ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം

മുംബൈ: ഇന്ത്യയില്‍ വൈവാഹിക തര്‍ക്ക കേസുകളിലാണ് ഏറ്റവും രൂക്ഷമായ നിയമ പോരാട്ടം നടക്കുന്നതെന്ന് ബോംബെ ഹൈക്കോടതി. വേര്‍പിരിയുന്ന ദമ്പതികള്‍ സ്വന്തം ആസ്തിയായാണ് മക്കളെ കാണുന്നത്. 15 വയസ്സുള്ള മകനെ കാണാൻ അനുവദിക്കണമെന്ന പിതാവിന്‍റെ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ആർ.ഡി ധനുക, ഗൗരി ഗോഡ്‌സെ എന്നിവരുടെ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. കുട്ടി അമ്മയ്‌ക്കൊപ്പം തായ്‌ലൻഡിലാണ് താമസിക്കുന്നത്. മകനൊപ്പം ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ അമ്മയ്ക്ക് കോടതി നിര്‍ദേശം നല്‍കി.

"മാതാപിതാക്കളുടെ തർക്കം മൂലം കുട്ടികൾ കഷ്ടപ്പെടുന്ന ദൗർഭാഗ്യകരമായ സംഭവമാണിത്. നമ്മുടെ നാട്ടിൽ വൈവാഹിക തർക്കങ്ങളാണ് ശത്രുതയോടെ ഏറ്റവും രൂക്ഷമായ പോരാട്ടം നടക്കുന്ന വ്യവഹാരം. ദമ്പതികള്‍ മക്കളെ സ്വന്തം ആസ്തിയായി കാണുന്നു. ഇത്തരം കേസുകളിൽ കോടതികളുടെ പങ്ക് നിര്‍ണായകമാണ്. കുട്ടികളുടെ താത്പര്യം പരിഗണിച്ച് തീരുമാനമെടുക്കാന്‍ ദമ്പതികളോട് കോടതി ആവശ്യപ്പെടുന്നു. പരിഗണനയ്ക്ക് വന്ന കേസില്‍ പിതാവിനെ കാണാൻ കുട്ടി ആഗ്രഹിക്കുന്നില്ല. എന്നാൽ സഹോദരങ്ങളെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഒരു വ്യക്തിയെന്ന നിലയിൽ കുട്ടിയെ പരിഗണിക്കേണ്ടതുണ്ട്. കുട്ടിയുടെ ചിന്തകളെ മാനിക്കണം"- ബെഞ്ച് പറഞ്ഞു.

വേർപിരിഞ്ഞ ദമ്പതികളുടെ പ്രായപൂര്‍ത്തിയായ മകനും മകളും പിതാവിന്റെ കൂടെയാണ്. 15 വയസ്സുകാരനായ ഇളയ മകന്‍ അമ്മയുടെ കൂടെയാണ്. ഈ മകനെ കാണാന്‍ തന്നെ അനുവദിക്കണമെന്ന് കുടുംബ കോടതി 2020ല്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്ന് പിതാവ് വാദിക്കുന്നു. അതിനാല്‍ വേനലവധിക്ക് മകനെ ഇന്ത്യയിലെത്തിക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ കോടതിയിലെത്തിയത്. ഇന്ത്യയിലേക്ക് വരാൻ തയ്യാറാണെന്നും എന്നാൽ അവധിക്കാലം തീരുമ്പോള്‍ മകനോടൊപ്പം സുരക്ഷിതമായി തായ്‌ലൻഡിലേക്ക് മടങ്ങാൻ കഴിയുമെന്ന് ഉറപ്പ് നല്‍കണമെന്ന് യുവതി ആവശ്യപ്പെട്ടു.

മാതാപിതാക്കളുടെ ആവശ്യങ്ങളും കുട്ടിയുടെ ക്ഷേമവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തേണ്ടത് ആവശ്യമാണെന്ന് കോടതി പറഞ്ഞു. കുട്ടിയുടെ ചിന്തകൾക്കും കാഴ്ചപ്പാടുകൾക്കും അർഹമായ പരിഗണന നൽകിയില്ലെങ്കിൽ അത് ഭാവിയില്‍ അവനെ ദോഷകരമായി ബാധിക്കും. ദാമ്പത്യ തർക്കം മൂലം മകന് പിതാവിന്റെയും മൂത്ത സഹോദരങ്ങളുടെയും കൂട്ട് നഷ്ടമായെന്നും ബെഞ്ച് പറഞ്ഞു.

"ഒരു കുട്ടിയുടെ വളർച്ചയ്ക്ക് മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും സഹവാസം ആവശ്യമാണ്. കുട്ടിക്ക് കുടുംബവുമായി ഇടപഴകാൻ സുരക്ഷിതവും സൗകര്യപ്രദവുമായ അന്തരീക്ഷമൊരുക്കണം. മാതാപിതാക്കള്‍ തിരുത്തൽ നടപടിക്ക് തയ്യാറാകണം"- കോടതി വ്യക്തമാക്കി.

മകനൊപ്പം ഇന്ത്യയിലെത്താന്‍ യുവതിയോട് കോടതി ആവശ്യപ്പെട്ടു. കുട്ടിയെയോ അമ്മയെയോ തടഞ്ഞുവെയ്ക്കാന്‍ പിതാവ് ശ്രമിക്കരുതെന്ന് കോടതി നിര്‍ദേശം നല്‍കി. ഇരുവര്‍ക്കും സുരക്ഷിതമായി തായ്‌ലൻഡിലേക്ക് മടങ്ങാൻ ഒരു തടസ്സവുമില്ലെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട സംസ്ഥാന, കേന്ദ്ര ഏജൻസികൾക്കും കോടതി നിര്‍ദേശം നല്‍കി.

Summary- The Bombay High Court observed that matrimonial disputes constitute the most bitterly fought adversarial litigation with estranged couples treating their children as chattel or property

Similar Posts