< Back
India
മഹാരാഷ്ട്രയിലെ ഈ ഗ്രാമത്തിൽ എല്ലാ ദിവസവും നാല് മണിക്കൂർ ഫോണുകൾ നിശബ്ദമാകുന്നു; എന്തുകൊണ്ട്?
India

മഹാരാഷ്ട്രയിലെ ഈ ഗ്രാമത്തിൽ എല്ലാ ദിവസവും നാല് മണിക്കൂർ ഫോണുകൾ നിശബ്ദമാകുന്നു; എന്തുകൊണ്ട്?

Web Desk
|
12 Jan 2026 8:32 PM IST

വിദ്യാർഥികൾക്ക് അവരുടെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസമായി മാറിയതിനെ തുടർന്നാണ് വ്യത്യസ്തമായ ഒരു ആശയവുമായി മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു സർപഞ്ച് (ഗ്രാമത്തലവൻ) രംഗത്ത് വന്നത്

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ഈ ഗ്രാമത്തിൽ ദിവസവും നാല് മണിക്കൂർ മൊബൈൽ ഫോണുകൾ നിശബ്ദമാകുന്നു. വിദ്യാർഥികൾക്ക് അവരുടെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസമായി മാറിയതിനെ തുടർന്നാണ് വ്യത്യസ്തമായ ഒരു ആശയവുമായി മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു സർപഞ്ച് (ഗ്രാമത്തലവൻ) രംഗത്ത് വന്നത്. മഹാരാഷ്ട്രയിലെ അഗ്രാൻ ദുൽഗാവ് സർപഞ്ച് ശിവദാസ് ഭോസാലെ തന്റെ ഗ്രാമത്തിലെ കുട്ടികൾ ദിവസവും നാല് മണിക്കൂർ പഠിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ്.

വിദ്യാർഥികൾ പഠനത്തിൽ ശ്രദ്ധിക്കാതെ മൊബൈൽ ഫോണിൽ മുഴുകിയിരിക്കുകയാണെന്ന് സർപഞ്ച് ശിവദാസ് ഭോസാലെ കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ പരിഷ്കരണം നടപ്പിലാക്കാൻ അദ്ദേഹം തീരുമാനിച്ചത്. തൽഫലമായി, ഒരു ദിവസത്തിൽ നാല് മണിക്കൂർ നിർബന്ധമായും കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ള എല്ലാവരും മൊബൈൽ ഫോണുകൾ മാറ്റിവെക്കണമെന്ന നിർദേശം പുറപ്പെടുവിച്ചു.

രാവിലെ 5 മണിക്കും വൈകുന്നേരം 7 മണിക്കും രണ്ട് മണിക്കൂർ വീതമുള്ള പഠന ഷെഡ്യൂൾ വിദ്യാർഥികളെ ഓർമിപ്പിക്കുന്നതിനായി വില്ലേജ് സ്പീക്കർ സിസ്റ്റത്തിൽ നിന്ന് വിളിച്ചുപറയുന്ന ആശയവും അദ്ദേഹം നടപ്പിലാക്കി. എന്നാൽ ഉത്തരവ് നടപ്പിലാക്കുക സർപഞ്ച് ശിവദാസ് ഭോസാലെയ്ക്ക് അത്ര എളുപ്പമായിരുന്നില്ല. തുടക്കത്തിൽ, വിദ്യാർഥികളുടെ കുടുംബാംഗങ്ങൾ ഈ വിഷയത്തിൽ വിമർശനം പ്രകടിപ്പിച്ചു. വിദ്യാർഥികളുടെ പഠന സമയത്തിനിടയിൽ മുതിർന്നവരും ഡിജിറ്റൽ ഉപകരണങ്ങളും ടെലിവിഷനുകളും നിശബ്ദമാക്കേണ്ടിവരുന്നു എന്നതായിരുന്നു കാരണം.

എന്നാൽ കാലക്രമേണ ഇതിലൂടെ മികച്ച അക്കാദമിക് ഫലങ്ങൾ ലഭിച്ചതോടെ ഗ്രാമവാസികളും വിദ്യാർഥികളുടെ കുടുംബാംഗങ്ങളും തീരുമാനത്തെ പിന്തുണയ്ക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കി. റിപ്പോർട്ടുകൾ പ്രകാരം വിദ്യാർഥികളുടെ പഠനം തടസപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ സർപഞ്ച് ഇടയ്ക്കിടെ വീടുതോറും സന്ദർശനം നടത്തുകയും ചെയ്യുന്നു.

Similar Posts