
Photo| Special Arrangement
ഗസ്സ യുദ്ധ വിരാമം: ട്രംപിന്റെ 20 ഇന പദ്ധതിയെ സ്വാഗതം ചെയ്ത് ഇന്ത്യ
|എട്ട് മുസ്‌ലിം രാജ്യങ്ങൾ പദ്ധതിയെ സ്വാഗതം ചെയ്ത് രംഗത്തെത്തിയതിനു പിന്നാലെയാണ് ഇന്ത്യയും നിലപാട് അറിയിച്ചത്.
ന്യൂഡൽഹി: ഗസ്സ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച 20 ഇന പദ്ധതിയെ സ്വാഗതം ചെയ്ത് ഇന്ത്യ. പാകിസ്താനും സൗദിയുമടക്കം എട്ട് മുസ്‌ലിം രാജ്യങ്ങൾ പദ്ധതിയെ സ്വാഗതം ചെയ്ത് രംഗത്തെത്തിയതിനു പിന്നാലെയാണ് ഇന്ത്യയും നിലപാട് അറിയിച്ചത്.
'ഗസ്സ സംഘർഷം അവസാനിപ്പിക്കാനുള്ള സമഗ്ര പദ്ധതി സംബന്ധിച്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഇത് ഫലസ്തീൻ, ഇസ്രായേൽ ജനതകൾക്കും പശ്ചിമേഷ്യൻ മേഖലയ്ക്കും ദീർഘകാലവും സുസ്ഥിരവുമായ സമാധാനം, സുരക്ഷ, വികസനം എന്നിവയിലേക്കുള്ള ഒരു പ്രായോഗിക മാർഗമായി മാറുന്നു. ട്രംപിന്റെ സംരംഭത്തിന് പിന്നിൽ ബന്ധപ്പെട്ട എല്ലാവരും ഒത്തുചേരുമെന്നും സംഘർഷം അവസാനിപ്പിക്കാനും മനഃസമാധാനം ഉറപ്പാക്കാനുമുള്ള ഈ ശ്രമത്തെ പിന്തുണയ്ക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു'- പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ നിരീക്ഷിച്ചുവരികയാണ് ഇന്ത്യ. നേരത്തെ, പദ്ധതിയെ പാക് പ്രധാനമന്ത്രി ശഹബാസ് ഷരീഫും സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറും സ്വാഗതം ചെയ്തിരുന്നു. തിങ്കളാഴ്ച ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി വൈറ്റ് ഹൗസിൽ ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് 20 ഇന പദ്ധതി ട്രംപ് മുന്നോട്ടുവച്ചത്.
കൂടിക്കാഴ്ചയ്ക്ക് ശേഷം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പദ്ധതിയെ പിന്തുണക്കുന്നതായി പറഞ്ഞു. എന്നാൽ പദ്ധതി അംഗീകരിക്കുന്നതുമായി ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. മൂന്നോ നാലോ ദിവസത്തിനുള്ളില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ഗസ്സയിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കുമെന്ന് ഹമാസിന് ട്രംപ് മുന്നറിയിപ്പ് നല്‍കി.
അമേരിക്കൻ പ്രസിഡന്റിന്റെ പദ്ധതിയെക്കുറിച്ചുള്ള മോദിയുടെ പ്രസ്താവനയെ ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ സ്വാഗതം ചെയ്തു. നിർമാണ പ്രവർത്തനങ്ങൾ ഉൾപ്പെടെ ഗസ്സയിലെ ഇസ്രായേൽ പദ്ധതികളിൽ ഇന്ത്യക്ക് സംഭാവന നൽകാൻ കഴിയുമെന്നും റൂവൻ കൂട്ടിച്ചേർത്തു. 'ഇന്ത്യൻ സർക്കാരിനോട് ഞങ്ങൾ ഏറെ നന്ദിയുള്ളവരാണ്. മേഖലയിലെ സമാധാനത്തെ പിന്തുണയ്ക്കുന്നതിൽ ഇന്ത്യ വലിയ പങ്ക് വഹിക്കുന്നു. സാമ്പത്തിക പ്രവർത്തനങ്ങളുടെ കാര്യത്തിൽ ഇന്ത്യക്ക് വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ട്'- ഇസ്രായേൽ പ്രതിനിധി പറഞ്ഞു.
സൗദി, യുഎഇ, ഖത്തർ, ജോർദാൻ, ഈജിപ്ത്, ഇന്തോനേഷ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങളാണ് ട്രംപിന്റെ 20 ഇന പദ്ധതിയെ പിന്തുണച്ച് സംയുക്ത പ്രസ്താവന ഇറക്കിയത്. ഗസ്സ സൈനിക പിന്മാറ്റം, പുനർനിർമാണം, വെസ്റ്റ്ബാങ്ക് കൈയേറില്ല തുടങ്ങിയ പ്രഖ്യാപനങ്ങളെ ഈ രാജ്യങ്ങൾ സ്വാഗതം ചെയ്തു. കരാർ അംഗീകരിപ്പിക്കാൻ വേണ്ടി ഇടപെടുമെന്നും പ്രസ്താവനയിൽ പറയുന്നു.
സമാധാനം പുനഃസ്ഥാപിക്കാൻ യുഎസുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഈ രാജ്യങ്ങൾ പറയുന്നു. ട്രംപിന്റെ പ്ലാനിൽ ഗസ്സയിൽ നിന്ന് ഹമാസ് നേതാക്കൾ പോകണമെന്നും നിരായുധീകരണത്തിന് സന്നദ്ധമാകണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഇതിൽ ഹമാസിന്റെ പ്രതികരണം എന്തായിരിക്കുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ലോക രാജ്യങ്ങൾ. നിബന്ധനകളോടെ പ്ലാൻ ഹമാസ് സ്വീകരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ നിബന്ധനകൾ അമേരിക്കയും ഇസ്രായേലും അംഗീകരിക്കുമോ എന്നതാണ് ചോദ്യം.
ഗസ്സ ആകമാനം നിരായുധീകരണം, ഇസ്രയേൽ ഭീഷണിയാകാത്ത ടെറർ ഫ്രീ സോൺ, ഗസ്സ നിവാസികൾക്ക് ഉപകരിക്കുംവിധം പ്രദേശത്തിന്‍റെ പുനർനിർമാണം, ഇരുപക്ഷവും ഈ പദ്ധതി അംഗീകരിക്കാൻ ധാരണയിലെത്തിയാൽ യുദ്ധം ഉടനടി അവസാനിപ്പിക്കും, ഇസ്രയേലി സൈന്യം നടപടികൾ നിർത്തിവയ്ക്കും, ക്രമേണ ഗസ്സയിൽ നിന്ന് പിൻവാങ്ങും, ഡീൽ അംഗീകരിക്കുന്ന കാര്യം ഇസ്രയേൽ പ്രഖ്യാപിച്ച് 72 മണിക്കൂറിനുള്ളിൽ ജീവിച്ചിരിക്കുന്ന മുഴുവൻ ബന്ദികളെയും ഹമാസ് വിട്ടയയ്ക്കും, മരിച്ചവരുടെ മൃതദേഹവും കൈമാറും, ബന്ദികൾ തിരിച്ചെത്തിയാലുടൻ ഇസ്രയേൽ നൂറുകണക്കിന് ഫലസ്തീൻ തടവുകാരെ മോചിപ്പിക്കും എന്നിവയാണ് പദ്ധതിയിലെ പ്രധാന നിർദേശങ്ങൾ.



