< Back
India
India buys 30 million barrels of Russian oil
India

യുഎസ് അനുവദിച്ചതിന് പിന്നാലെ റഷ്യയില്‍ നിന്ന് 30 ദശലക്ഷം ബാരല്‍ എണ്ണ വാങ്ങി ഇന്ത്യ

ശരത് ലാൽ തയ്യിൽ
|
11 March 2026 5:50 PM IST

പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യത്തില്‍ എണ്ണ ലഭ്യത ഉറപ്പാക്കുന്നതിനായി യുഎസ് ഇന്ത്യക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ അനുവാദം നല്‍കിയിരുന്നു

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് 30 ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ വാങ്ങി ഇന്ത്യ. പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യത്തില്‍ എണ്ണ ലഭ്യത ഉറപ്പാക്കുന്നതിനായി യുഎസ് ഇന്ത്യക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ അനുവാദം നല്‍കിയിരുന്നു. യുദ്ധം കാരണം കടലില്‍ കുടുങ്ങിക്കിടക്കുന്ന ടാങ്കറുകളില്‍ നിന്നുള്ള എണ്ണ വാങ്ങാനായിരുന്നു അനുമതി. ഇതുപ്രകാരമാണ് ഇന്ത്യന്‍ റിഫൈനറികള്‍ റഷ്യന്‍ എണ്ണ വാങ്ങിയതെന്ന് ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പൊതുമേഖലാ കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം, മംഗളൂരു റിഫൈനറി എന്നിവ വിതരണം വേഗത്തിലാക്കാന്‍ വ്യാപാരികളുമായി ചര്‍ച്ച നടത്തുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം, ഏത് വിലയിലാണ് എണ്ണ വാങ്ങിയതെന്ന് വ്യക്തമല്ല. നേരത്തെ ഡിസ്‌ക്കൗണ്ട് വിലയില്‍ ഇന്ത്യയ്ക്ക് ലഭിച്ചിരുന്ന റഷ്യന്‍ എണ്ണ, ബ്രെന്‍ഡ് ക്രൂഡിനേക്കാള്‍ 4-5 ഡോളര്‍ പ്രീമിയത്തിലാണ് ഇപ്പോള്‍ വില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

കടലില്‍ കപ്പലുകളില്‍ കെട്ടിക്കിടക്കുന്ന എണ്ണ ഏറ്റെടുക്കാന്‍ മാത്രമാണ് ഇന്ത്യക്ക് ഇളവെന്ന് യുഎസ് വ്യക്തമാക്കിയിരുന്നു. അതേസമയം, എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് ഏതെങ്കിലും രാജ്യത്തിന്റെ അനുമതിയുടെ ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഒരു രാജ്യത്തിന്റെയും അനുമതിയെ ഇന്ത്യ ഒരിക്കലും ആശ്രയിച്ചിട്ടില്ല. റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതിചെയ്യുന്നത് തുടരുമെന്നും കേന്ദ്രം പറഞ്ഞിരുന്നു.

യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ എണ്ണക്ക് യുഎസും യൂറോപ്യന്‍ യൂണിയനും ഉപരോധം ഏര്‍പ്പെടുത്തിയപ്പോഴായിരുന്നു ഇന്ത്യ ഡിസ്‌കൗണ്ട് വിലയില്‍ റഷ്യന്‍ എണ്ണ വാങ്ങിത്തുടങ്ങിയത്. ഇക്കാരണത്താല്‍ യുഎസ് ഇന്ത്യക്ക് ഇരട്ടത്തീരുവ ചുമത്തിയിരുന്നു. പിന്നീട്, ഈ വര്‍ഷമാദ്യം ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ ധാരണകള്‍ക്ക് പിന്നാലെ ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു.

2024 മധ്യത്തില്‍ പ്രതിദിനം രണ്ട് ദശലക്ഷം വരെ റഷ്യന്‍ എണ്ണ വാങ്ങിയിരുന്ന ഇന്ത്യ ഈ ഫെബ്രുവരിയില്‍ ഇത് 1.06 ദശലക്ഷം ബാരലാക്കി കുറച്ചിരുന്നു. എന്നാല്‍, പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യുഎസ് ഇന്ത്യക്ക് ഇളവ് അനുവദിക്കുകയായിരുന്നു.

Similar Posts