
ആഭ്യന്തര കാര്യങ്ങളിൽ പരസ്പരം ഇടപെടരുത്; ചൈനീസ് മുൻ അംബാസിഡർ
|'ചൈനയ്ക്കും ഇന്ത്യയ്ക്കും ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്'
ന്യൂഡൽഹി: പരസ്പരം ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിൽ നിന്ന് ഇന്ത്യയും ചൈനയും വിട്ടുനിൽക്കണമെന്ന് ചൈനീസ് പ്രതിനിധി സൺ വെയ്‌ഡോംഗ്. ചൈനീസ് അംബാസഡറായിരുന്ന സണ്‍ വെയ്‌ഡോംഗ് കാലവധി അവസാനിച്ച് മടങ്ങുന്നതിന് മുന്നോടിയായുള്ള പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'ചൈനയ്ക്കും ഇന്ത്യയ്ക്കും ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ ആ വ്യത്യാസങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാം എന്നതാണ് പ്രധാനം. രണ്ട് രാജ്യങ്ങളുടെയും പൊതുതാൽപ്പര്യങ്ങളാണ് വ്യത്യാസങ്ങളേക്കാൾ വലുതെന്ന് നാം അറിഞ്ഞിരിക്കണം. അതേസമയം, അഭിപ്രായവ്യത്യാസങ്ങൾ കൈകാര്യം ചെയ്യാനും പരിഹരിക്കാനും ഇരുപക്ഷവും ശ്രമിക്കണം, സംഭാഷണത്തിലൂടെയും ശരിയായ പരിഹാരം കാണുന്നതിനും ശ്രമിക്കണം. ചൈന-ഇന്ത്യ ബന്ധം വ്യത്യാസങ്ങൾ കൊണ്ട് നിർവചിക്കുന്നതിന് പകരം കൂടിയാലോചന നടത്തണം'; അദ്ദേഹം പറഞ്ഞു.
ഇന്ത്യ-ചൈന ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും വിടവാങ്ങൽ പ്രസംഗത്തിൽ സൂചിപ്പിച്ചു. ഇതുവരെ 1800-ലധികം വിസകൾ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അനുവദിച്ചിട്ടുണ്ട്, രണ്ട് രാജ്യങ്ങൾക്കിടയിൽ ഇനിയും കൂടുതൽ സന്ദർശനങ്ങൾ നടക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം, കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ് വരയിൽ ഇന്ത്യ-ചൈന സംഘർഷം രണ്ട് വർഷത്തിലധികമായി തുടരുകയാണ്. സൺ വെയ്‌ഡോംഗ് ചൈനീസ് അംബാസഡറായിരിക്കുമ്പോഴായിരുന്നു സംഘര്‍ഷങ്ങള്‍ നടന്നത്.