< Back
India
ഉത്തർപ്രദേശിലെ ഘോസിയിൽ ബി.ജെ.പിയെ പരാജയപ്പെടുത്തി ഇൻഡ്യ
India

ഉത്തർപ്രദേശിലെ ഘോസിയിൽ ബി.ജെ.പിയെ പരാജയപ്പെടുത്തി 'ഇൻഡ്യ'

Web Desk
|
8 Sept 2023 9:56 PM IST

ഇൻഡ്യ സഖ്യം രൂപം കൊണ്ട ശേഷം നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയേയാണ് പ്രതിപക്ഷ സഖ്യം പിന്തുണച്ചത്

ഉത്തർപ്രദേശിലെ ഘോസിയിൽ ബി.ജെ.പിയെ പരാജയപ്പെടുത്തി ഇൻഡ്യ സഖ്യം. ഘോസി ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ 6 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ത്രിപുരയിൽ സി.പി.എമ്മിനെ അപ്രസക്തമാക്കി രണ്ട് സീറ്റുകളിലും ബിജെപി ജയിച്ചു.

ഇൻഡ്യ സഖ്യം രൂപം കൊണ്ട ശേഷം നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയേ ആണ് പ്രതിപക്ഷ സഖ്യം പിന്തുണച്ചത്. ബി.എസ്.പി വിട്ട് നിൽക്കുകയും രജ്പുത് വോട്ടുകൾ ലഭിക്കുകയും ചെയ്തതോടെ മുൻ മന്ത്രി ധാരാ സിംഗിനെ പരാജയപ്പെടുത്തിയ സമാജ്‌വാദി പാർട്ടി സ്ഥാനാർഥി സുധാകർ സിംഗിൻറെ ഭൂരിപക്ഷം മുപ്പതിനായിരം പിന്നിട്ടു.

ജാർഖണ്ഡിലെ ഡുംമ്രി മണ്ഡലത്തിലും ഇൻഡ്യ മുന്നണി പിന്തുണച്ച ജെഎംഎം സ്ഥാനാർഥി വിജയിച്ചു. ബേബി ദേവി പതിനയ്യായിരത്തിലേറെ വോട്ടുകൾക്ക് ആണ് ബിജെപി സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്. മുൻ മുഖ്യമന്ത്രി മണിക് സർക്കാരിന്‍റെ കുത്തകയായിരുന്ന ധൻപൂരിൽ 11146 വോട്ടുകൾ മാത്രമാണ് സി.പി.എമ്മിന് ലഭിച്ചത്. ഇവിടെ ബിജെപി സ്ഥാനാർഥി ബിന്ദു ദേബ്നാഥിന്‍റെ ഭൂരിപക്ഷം 18871 ആണ്. സി.പി.എം സിറ്റിംഗ് സീറ്റായ ബോക്സാനഗറിൽ എം.എൽ.എ ശംസുൽ ഹഖിന്‍റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മകൻ മിസാൻ ഹോസ്സൈൻ മത്സരിച്ചെങ്കിലും 30237 വോട്ടുകൾക്ക് ബിജെപി സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു.

വോട്ടെടുപ്പിൽ അട്ടിമറി നടന്നെന്ന് ആരോപിച്ച് വോട്ടെണ്ണൽ ഇടത് സഖ്യം ബഹിഷ്കരിച്ചിരുന്നു. ത്രികോണ മത്സരം നടന്ന പശ്ചിമ ബംഗാളിലെ ധുപ്ഗുരിയിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി വിജയിച്ചപ്പോൾ ഉത്തരാഖണ്ഡിലെ ബാഗെശ്വർ നിയമസഭാ സീറ്റ് സഹതാപ തരംഗം മറികടന്ന് ബി.ജെ.പി കോൺഗ്രസിൽ നിന്ന് പിടിച്ചെടുത്തു.

Similar Posts