< Back
India
ലോകാരോഗ്യ സംഘടനയുടെ കോവാക്സ്  പദ്ധതിയുമായി ഇന്ത്യ സഹകരിക്കില്ല
India

ലോകാരോഗ്യ സംഘടനയുടെ കോവാക്സ് പദ്ധതിയുമായി ഇന്ത്യ സഹകരിക്കില്ല

Web Desk
|
20 Oct 2021 9:58 AM IST

ഇന്ത്യയുടെ തദ്ദേശീയ വാക്സിനായ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി വൈകുന്നതാണ് കാരണം

പിന്നാക്ക രാജ്യങ്ങൾക്ക് വാക്സിൻ നൽകുന്ന ലോകാരോഗ്യ സംഘടനയുടെ കോവാക്സ് പദ്ധതിയുമായി ഇന്ത്യ സഹകരിക്കില്ല. പദ്ധതിയിലേക്കുള്ള വാക്സിൻ കയറ്റുമതി ഇന്ത്യ മരവിപ്പിച്ചു. ഇന്ത്യയുടെ തദ്ദേശീയ വാക്സിനായ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി വൈകുന്നതാണ് കാരണം.

ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിൻ രാജ്യത്ത് ഇതുവരെ 11 ശതമാനം ആളുകൾക്ക് നൽകി കഴിഞ്ഞു. എന്നാൽ അംഗീകാരത്തിനായി പലതവണ ലോകാരോഗ്യ സംഘടനയെ സമീപിച്ചുവെങ്കിലും കൂടുതൽ വിവരങ്ങൾ നൽകാനാണ് സ്ട്രാറ്റെജിക് കമ്മിറ്റി ആവശ്യപ്പെടുന്നത്. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം വൈകുന്നത് വാക്സിനെടുത്തവരുടെ വിദേശ യാത്രയെയും ജോലിയെയും ബാധിക്കുന്നുണ്ടെന്ന പരാതികൾ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കോവാക്സ് പദ്ധതിയിലേക്കുള്ള വാക്സിൻ വിതരണം ഇന്ത്യ മരവിപ്പിച്ചത്. കോവിഡിന്‍റെ രണ്ടാം തരംഗത്തെ തുടർന്ന് സൌഹൃദ രാജ്യങ്ങൾക്ക് വാക്സിൻ നൽകുന്നത് ഇന്ത്യ നിർത്തിവെച്ചിരുന്നെങ്കിലും പിന്നീട് പുനരാരംഭിച്ചു.

എന്നാൽ കോവാക്സ് പദ്ധതിയിലേക്ക് ഇതുവരെ വാക്സിൻ വിതരണം ആരംഭിച്ചിട്ടില്ല. കോവാക്സിന് അനുമതി നൽകിയാൽ മാത്രം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നാണ് ഇന്ത്യയുടെ നിലപാട്. കോവാക്സ് പദ്ധതിയിലേക്ക് 198 ലക്ഷം വാക്സിൻ ഡോസുകളാണ് ഇന്ത്യ ഇതുവരെ വിതരണം ചെയ്തത്. ഇന്ത്യ വാക്സിൻ വിതരണം അവസാനിപ്പിച്ചത് ആഫ്രിക്കൻ രാജ്യങ്ങളിലെ കുത്തിവെപ്പിനെ ബാധിച്ചേക്കും. അതേസമയം കോവാക്സിന് അംഗീകാരം നൽകാനുള്ള ലോകാരോഗ്യ സംഘടനയുടെ സ്ട്രാറ്റെജിക് കമ്മിറ്റി ചൊവ്വാഴ്ച വീണ്ടും യോഗം ചേരും. വാക്സിന്‍റെ സുരക്ഷ വിലയിരുത്തിയ ശേഷം മാത്രമേ അംഗീകാരം നൽകാനാകൂ എന്നാണ് സ്ട്രാറ്റെജിക് കമ്മിറ്റിയുടെയും വിലയിരുത്തൽ.

Similar Posts