
ബിഹാറിലെ വോട്ടർപട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് ഇൻഡ്യ മുന്നണിയുടെ മാർച്ച് ഇന്ന്
|ബിജെപിക്കായി തെരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യത്തെ കൊല്ലുന്നു എന്നാണ് ഇന്‍ഡ്യ സഖ്യത്തിന്റെ ആരോപണം
ന്യൂഡല്‍ഹി: ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തിൽ പ്രതിഷേധിച്ച് ഇന്‍ഡ്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കുള്ള മാർച്ച് ഇന്ന് നടക്കും. രാവിലെ 11 മണിക്ക് നടക്കുന്ന പ്രതിഷേധ മാർച്ചിൽ പ്രതിപക്ഷ പാർട്ടിയെ നേതാക്കളും എംപിമാരും പങ്കെടുക്കും. അതേസമയം കർണാടകയിലെ വോട്ട് കൊള്ള ആരോപണത്തിൽ ഡിജിറ്റൽ പ്രചാരണവും കോൺഗ്രസ് ശക്തമാക്കിയിട്ടുണ്ട്. ജനാധിപത്യ ഇന്ത്യയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന് ഒരുങ്ങുകയാണ് ഇന്‍ഡ്യ സഖ്യം.
ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ എതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ് പ്രതിപക്ഷം. ഇന്ന് 11 മണിക്ക് പാർലമെന്റ് വളപ്പിൽ നിന്നും ആരംഭിക്കുന്ന മാർച്ചിൽ പ്രതിപക്ഷ പാർട്ടി എംപിമാരും നേതാക്കളും പങ്കെടുക്കും. ബിജെപിക്കായി തെരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യത്തെ കൊല്ലുന്നു എന്നാണ് ഇന്‍ഡ്യ സഖ്യത്തിന്റെ ആരോപണം.
മാർച്ചിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണത്തിൽ മറുപടി നൽകാത്ത കമ്മീഷനെതിരെ ശക്തമായ പോരാട്ടത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ്. രാജ്യവ്യാപക ക്യാമ്പയിന് അന്തിമരൂപം നൽകാൻ കോൺഗ്രസ് ജനറൽ സെക്രട്ടറിമാരുടെ യോഗം ഇന്ന് ചേരും. വിഷയത്തിൽ ഇന്‍ഡ്യ മുന്നണിയുടെ തുടർ നീക്കങ്ങൾക്കായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗയുടെ വസതിയിൽ പ്രതിപക്ഷ എംപിമാരുടെ യോഗവും ചേരുന്നുണ്ട്. രാഹുൽഗാന്ധി പുറത്തുവിട്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖയല്ലയെന്ന് വാദങ്ങൾ ഉയർത്തുമ്പോഴും നാലു ദിവസങ്ങൾ പിന്നിടുമ്പോഴും ആരോപണങ്ങളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെയും മറുപടി നൽകിയിട്ടില്ല.