< Back
India
g 20 summit

ജി20 ഉച്ചകോടി

India

ജി 20 ഉച്ചകോടിക്ക് ഇന്ന് തുടക്കം; കാലാവസ്ഥാ വ്യതിയാനം,യുക്രൈന്‍ എന്നിവ മുഖ്യ ചര്‍ച്ചയാകും

Web Desk
|
9 Sept 2023 6:30 AM IST

ഡൽഹി പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിലാണ് ഉച്ചകോടി

ഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി-20 ഉച്ചകോടിക്ക് ഇന്ന് തുടക്കം. ഡൽഹി പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിലാണ് ഉച്ചകോടി. മാനവ കേന്ദ്രീകൃതവും ഏവരെയും ഉൾക്കൊള്ളുന്നതുമായ വികസനത്തിൽ പുതിയ പാത രൂപപ്പെടുത്താൻ ഉച്ചകോടിക്ക് സാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം ആഘോഷിക്കുമ്പോഴാണ് ഇന്ത്യയുടെ അധ്യക്ഷപദം. ജി 20 ലൂടെ ലോകം ഒരിക്കൽ കൂടി ഇന്ത്യയിലേക്ക് കണ്ണുറപ്പിക്കുകയാണ്. യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ 20 അംഗരാജ്യങ്ങളുടെ തലവന്മാരും ക്ഷണിക്കപ്പെട്ട ഒമ്പത് രാജ്യങ്ങളുടെ ഭരണാധികാരികളും ഐക്യരാഷ്ട്രസഭ ഉൾപ്പെടെ 14 ലോകസംഘടനകളുടെ മേധാവികളുമാണ് ഉച്ചകോടിയിൽ പങ്കെടുക്കുക. റഷ്യൻ പ്രസിഡന്‍റ് വ്‌ളാദിമിർ പുട്ടിന് പകരം വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റോവ് പങ്കെടുക്കും.

ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങ്ങിന് പകരം പ്രധാനമന്ത്രി ലി ചിയാങ് പങ്കെടുക്കും. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ,യുകെ പ്രധാനമന്ത്രി ഋഷി സുനക് ,അർജന്‍റീന പ്രസിഡന്‍റ് ആൽബർട്ടോ ഫെർണാണ്ടസ് തുടങ്ങിയവർ ഡൽഹിലെത്തി. രാവിലെ 10 : 30ന് ആരംഭിക്കുന്ന ഉച്ചകോടിയിൽ വസുധൈവ കുടുംബകം എന്ന ആശയത്തിൽ ഒരുഭൂമി ഒരു കുടുംബം ഒരു ഭാവി എന്നി വിഷയങ്ങളുടെ ഭാഗമായി ആഗാള സാമ്പത്തികാവസ്ഥ, കാലാവസ്ഥാ വ്യതിയാനം, കോവിഡ് ആഘാതം, ഭക്ഷ്യവിതരണശൃംഖല തുടങ്ങിയവാ ചര്‍ച്ച ചെയ്യും.

സൗഹൃദത്തിന്‍റെയും സഹകരണത്തിന്‍റെയും ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിന് നിരവധി നേതാക്കളുമായും പ്രതിനിധി സംഘത്തലവൻമാരുമായും ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചൈനീസ്, റഷ്യൻ പ്രസിഡന്‍റുമാർ വിട്ടുനിൽക്കുന്ന ഉച്ചകോടി യുക്രൈന്‍ വിഷയത്തിൽ എന്തു നിലപാട് സ്വീകരിക്കുമെന്ന് ഏവരും ഉറ്റുനോക്കുന്നുണ്ട്. കൂടാതെ സംയുക്ത പ്രസ്താവനയുടെ കരടിൽ യുക്രൈന്‍ പരാമര്‍ശിക്കുന്നിടത്ത് യൂറോപ്യൻ യൂണിയൻ വിയോജിപ്പ് രേഖപ്പെടുത്തിയതായാണ് വിവരം.

Similar Posts