< Back
India
Pak flight
India

മെയ്‌ 23 വരെ പാക് വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമാതിര്‍ത്തിയിൽ വിലക്ക്; നടപടി ശക്തമാക്കി ഇന്ത്യ

Web Desk
|
1 May 2025 6:19 AM IST

പാകിസ്താനെതിരെ കടുത്ത നടപടികളിലേക്ക് കടക്കും എന്നതിന്‍റെ സൂചനയാണ് ഇന്ത്യ നൽകുന്നത്

ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താനെതിരെ കൂടുതൽ നടപടിക്ക് ഇന്ത്യ. മെയ്‌ 23 വരെ പാകിസ്താൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമാതിര്‍ത്തിയിൽ വിലക്ക് ഏർപ്പെടുത്തി. അതിർത്തിയിൽ പാക് സൈന്യം വെടിനിർത്തൽ ലംഘനം തുടരുന്ന സാഹചര്യത്തിൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യൻ സേന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

പാകിസ്താനെതിരെ കടുത്ത നടപടികളിലേക്ക് കടക്കും എന്നതിന്‍റെ സൂചനയാണ് ഇന്ത്യ നൽകുന്നത്. മെയ് 23 വരെ പാകിസ്താൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്നത് വ്യോമയാന മന്ത്രാലയം വിലക്കി. പാകിസ്താനിൽ രജിസ്റ്റർ ചെയ്ത സൈനിക യാത്രാ വിമാനങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയത്. പഹൽഗാം ഭീകരാക്രമണത്തിൽ മറുപടി നൽകുന്നതിൽ ഇന്ത്യ സമയം പാഴാക്കരുതെന്നും തീരുമാനമെടുക്കുന്നതിൽ പ്രധാനമന്ത്രിക്ക് ആശങ്ക ഉണ്ടാകരുതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അതിർത്തിയിൽ തുടർച്ചയായി പാകിസ്താൻ വെടി നിർത്തൽ കരാർ ലംഘിക്കുന്നതിൽ ശക്തമായി തിരിച്ചടി നൽകുമെന്ന് സേന മുന്നറിയിപ്പ് നൽകി. ഇന്ത്യ-പാക് സൈനിക ജനറൽമാർ തമ്മിൽ സംസാരിച്ചതിന് പിന്നാലെയാണ് ഇന്ത്യ മുന്നറിയിപ്പ് നൽകിയത്.

പഹൽഗാം ആക്രമണത്തിൽ പങ്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയ ഹാഷിം മൂസക്കായുള്ള തിരച്ചിൽ വനമേഖലയിൽ പുരോഗമിക്കുകയാണ്. സൈനിക പ്രതിരോധ മേഖലയിലെ സുരക്ഷ വർധിപ്പിക്കാൻ ദേശീയ സുരക്ഷാ ഉപദേശക ബോർഡ് കേന്ദ്രം പുനഃസംഘടിപ്പിച്ചു. മുൻ റോ മേധാവി അലോക് ജോഷിയെ NSAB ചെയർമാനായി നിയമിച്ചു. സായുധസേന, പൊലീസ്, ഫോറിൻ സർവീസ് എന്നിവയിലെ മുതിർന്ന അംഗങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

അതേസമയം പഹല്‍ഗാം ഭീകരാക്രമണം ജുഡീഷ്യൽ കമ്മിഷൻ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. കശ്മീരിലെ വിനോദസഞ്ചാരികളുടെ സംരക്ഷണത്തിനായി കേന്ദ്ര സർക്കാരിനും ജമ്മു കശ്മീർ സര്‍ക്കാരിനും നിർദേശം നൽകണമെന്നും ഹരജിയിൽ ആവശ്യമുണ്ട്. കശ്മീർ സ്വദേശികളായ മുഹമ്മദ് ജുനൈദ്, ഫതേഷ് കുമാർ സാഹു, വിക്കി കുമാർ എന്നിവരാണ് ഹരജിക്കാര്‍. ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ.കോട്ടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ച് ഹരജി ഇന്ന് പരിഗണിക്കും.

Similar Posts