
വാഷിംഗ്‌ടൺ ഡിസി വെടിവെപ്പിന് പിന്നാലെ നയതന്ത്രജ്ഞർക്ക് കൂടുതൽ സുരക്ഷ ആവശ്യപ്പെടാൻ ഇന്ത്യ
|കോൺഗ്രസ് എംപി ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘം ജൂൺ ആദ്യവാരം വാഷിംഗ്ടൺ സന്ദർശിക്കാനിരിക്കെ, ഖാലിസ്ഥാൻ വിഘടനവാദികൾ സംഘത്തിനെതിരെ ഭീഷണി മുഴക്കിയിരിക്കുന്ന പശ്ചാത്തലത്തിൽ വിഷയം അടിയന്തിരമായി മാറിയിരിക്കുന്നു
ന്യൂഡൽഹി: യുഎസ് തലസ്ഥാനത്ത് രണ്ട് ഇസ്രായേലി എംബസി ജീവനക്കാർ കൊല്ലപ്പെട്ടതിനെത്തുടർന്ന് വാഷിംഗ്ടൺ ഡിസിയിലെ നയതന്ത്രജ്ഞരുടെയും എംബസിയുടെയും സുരക്ഷ വർദ്ധിപ്പിക്കാൻ ഇന്ത്യ യുഎസ് അധികൃതരോട് ആവശ്യപ്പെടുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കോൺഗ്രസ് എംപി ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘം ജൂൺ ആദ്യവാരം വാഷിംഗ്ടൺ സന്ദർശിക്കാനിരിക്കെ, ഖാലിസ്ഥാൻ വിഘടനവാദികൾ സംഘത്തിനെതിരെ ഭീഷണി മുഴക്കിയിരിക്കുന്ന പശ്ചാത്തലത്തിൽ വിഷയം അടിയന്തിരമായി മാറിയിരിക്കുന്നു.
വാഷിംഗ്‌ടണിലെ ജൂത മ്യൂസിയത്തിന് സമീപമുണ്ടായ വെടിവെപ്പിൽ രണ്ട് ഇസ്രായേൽ എംബസി ജീവനക്കാർ കൊല്ലപ്പെട്ടിരുന്നു. ബുധനാഴ്ച വൈകുന്നേരമാണ് വെടിവെപ്പുണ്ടായത്. കാപിറ്റൽ ജൂത മ്യൂസിയത്തിലെ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇസ്രായേൽ എംബസി ഉദ്യോഗസ്ഥർക്ക് നേരെ വെടിവെപ്പുണ്ടായത്.
കൊലപാതകത്തിന് പിന്നിൽ രണ്ടുപേരാണെന്നാണ് നിഗമനം. ഇതിലൊരാളെ സംഭവസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.