< Back
India
ഇന്ത്യ - അമേരിക്ക വ്യാപാര കരാര്‍ ചര്‍ച്ചകള്‍ ഇന്ന് പുനരാരംഭിക്കും
India

ഇന്ത്യ - അമേരിക്ക വ്യാപാര കരാര്‍ ചര്‍ച്ചകള്‍ ഇന്ന് പുനരാരംഭിക്കും

Web Desk
|
16 Sept 2025 6:30 AM IST

ചര്‍ച്ചക്കായി യു.എസ് മുഖ്യവാണിജ്യ പ്രതിനിധി ബ്രെന്‍ഡന്‍ ലിന്‍ച്ചിയും സംഘവും ഡല്‍ഹിയിലെത്തി

ന്യൂഡല്‍ഹി: ഇന്ത്യ - അമേരിക്ക വ്യാപാര കരാര്‍ ചര്‍ച്ചകള്‍ ഇന്ന് പുനരാരംഭിക്കും. ചര്‍ച്ചക്കായി യു.എസ് മുഖ്യവാണിജ്യ പ്രതിനിധി ബ്രെന്‍ഡന്‍ ലിന്‍ച്ചിയും സംഘവും ഡല്‍ഹിയിലെത്തി. ഇന്ത്യയ്ക്കു മേല്‍ അമേരിക്ക 50 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയതിനു ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ നേരിട്ടു നടത്തുന്ന ആദ്യ വ്യാപാര ചര്‍ച്ചയാണിത്.

റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധിക തീരുവ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ ഓഗസ്റ്റ് 25 ന് നടക്കാനിരുന്ന ചര്‍ച്ചകള്‍ മാറ്റിവച്ചിരുന്നു. കഴിഞ്ഞയാഴ്ച, ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര തടസ്സങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതിനെ സ്വാഗതം ചെയ്തിരുന്നു.

ഇന്ത്യയും യുഎസും സ്വാഭാവിക പങ്കാളികളാണെന്നാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. ഇതിനെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഭിന്നതകളില്‍ അയവുണ്ടാകുന്നത്.

ഒക്ടോബര്‍ - നവംബര്‍ മാസത്തോടെ കരാറിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കാനാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം.ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വാണിജ്യ മന്ത്രാലയത്തിലെ പ്രത്യേക സെക്രട്ടറി രാജേഷ് അഗര്‍വാള്‍ പങ്കെടുക്കും.

Related Tags :
Similar Posts