< Back
India
യാത്രക്കാരെ ശ്രദ്ധിക്കുവിൻ; ജനറൽ ടിക്കറ്റുമായി ഇനി എല്ലാ ട്രെയിനിലും കയറാനാകില്ല, വരാനിരിക്കുന്നത് വമ്പൻ മാറ്റങ്ങൾ !
India

യാത്രക്കാരെ ശ്രദ്ധിക്കുവിൻ; ജനറൽ ടിക്കറ്റുമായി ഇനി എല്ലാ ട്രെയിനിലും കയറാനാകില്ല, വരാനിരിക്കുന്നത് വമ്പൻ മാറ്റങ്ങൾ !

Web Desk
|
11 March 2025 1:27 PM IST

ദിവസേന കോടിക്കണക്കിന് യാത്രക്കാരാണ് രാജ്യത്ത് ജനറൽ ടിക്കറ്റുകൾ ഉപയോഗിച്ച് യാത്ര ചെയ്യുന്നത്

ന്യൂഡൽഹി: ജനറൽ ടിക്കറ്റ് മാർഗനിർദ്ദേശങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. റെയിൽവേ സ്റ്റേഷനുകളിലെ തിരക്കിന്റെയും അടുത്തിടെ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ അപകടത്തിന്റെയും പശ്ചാത്തലത്തിലാണ് നീക്കം. സുരക്ഷ വർദ്ധിപ്പിക്കുന്നതിനും യാത്രക്കാരുടെ തിരക്ക് കുറക്കാനും മെച്ചപ്പെട്ട യാത്രാസൗകര്യവും ലക്ഷ്യമിട്ടാണ് ജനറൽ ടിക്കറ്റ് മാർഗനിർദ്ദേശങ്ങളിൽ മാറ്റങ്ങൾ വരുത്താൻ റെയിൽവേ ആലോചിക്കുന്നത്. ദിവസേന കോടിക്കണക്കിന് യാത്രക്കാരാണ് രാജ്യത്ത് ജനറൽ ടിക്കറ്റുകൾ ഉപയോഗിച്ച് യാത്ര ചെയ്യുന്നത്.

വരുന്ന മാറ്റങ്ങൾ എന്തൊക്കെ ?

ജനറല്‍ ടിക്കറ്റ് എടുത്ത് കഴിഞ്ഞാല്‍ ഏത് ട്രെയിനിലേയും ജനറല്‍ കോച്ചുകളില്‍ യാത്രചെയ്യാമെന്ന രീതി അവസാനിക്കുമെന്നാണ് സൂചന. പകരം നിങ്ങൾ കയറേണ്ട നിശ്ചിത ട്രെയിനും ഇനി മുതൽ ജനറൽ ടിക്കറ്റുകളിൽ രേഖപ്പെടുത്തി നൽകും. ആ ട്രെയിനിൽ മാത്രമേ ഇനി ജനറൽ ടിക്കറ്റുമായി യാത്ര ചെയ്യാൻ സാധിക്കുകയുള്ളു.

നിലവിൽ ഒരു ജനറൽ ടിക്കറ്റ് എടുത്ത് കഴിഞ്ഞത് മൂന്ന് മണിക്കൂറിനുള്ളിൽ യാത്ര ആരംഭിച്ചിരിക്കണം. മിക്ക യാത്രക്കാർക്കും ഇക്കാര്യത്തെക്കുറിച്ച് ധാരണയില്ല. അതിനാൽ ഈ നിയമം എല്ലാ യാത്രക്കാരും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കൂടുതൽ കർശനമായ പരിശോധനകൾ ആരംഭിക്കും. അനധികൃത യാത്രകൾ തടയുന്നത് വഴി തിരക്ക് നിയന്ത്രിക്കാനും യാത്രക്കാരുടെ സുരക്ഷയും സ്റ്റേഷനുകളിലെ ക്രമസമാധാനവും ഉറപ്പാക്കാനുമാണ് ഈ നീക്കം. ഒപ്പം, അൺറിസർവ്ഡ് ടിക്കറ്റ് സിസ്റ്റം (UTS) വഴി ടിക്കറ്റ് എടുക്കുന്നതിലും നിയന്ത്രണം വരാനാണ് സാധ്യത.

പുതിയ മാറ്റങ്ങൾ സംബന്ധിച്ച് ഉടൻ തന്നെ ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Similar Posts