
Photo | NDTV
റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ടിച്ച ഇന്ത്യൻ വിദ്യാർഥി യുക്രൈൻ സൈന്യത്തിൻ്റെ പിടിയിൽ
|റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന ഇന്ത്യൻ പൗരൻമാരുടെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം
കിയവ്: മയക്കുമരുന്ന് കേസിൽ ജയിൽശിക്ഷ ഒഴിവാക്കാൻ റഷ്യൻ സെന്യത്തിൽ സേവനമനുഷ്ടിച്ചിരുന്ന ഇന്ത്യൻ വിദ്യാർഥി യുക്രൈൻ സൈന്യത്തിൻ്റെ പിടിയിൽ. ഗുജറാത്ത് സ്വദേശി സാഹിൽ മുഹമ്മദ് ഹുസൈനാണ് പിടിയിലായത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റത്തിന് റഷ്യയിൽ ഏഴ് വർഷത്തെ തടവിന് ശിക്ഷിക്കപ്പെടുകയും പിന്നീട് റഷ്യൻ സൈന്യവുമായുള്ള കരാറിൻ്റെ അടിസ്ഥാനത്തിൽ സൈന്യത്തിൽ സേവനമനുഷ്ടിച്ചുവരികയായിരുന്നുവെന്നും യുക്രൈൻ സൈന്യം പുറത്തുവിട്ട വീഡിയോയിൽ വിദ്യാർഥി പറയുന്നു.
22കാരനായ ഹുസൈൻ പഠനത്തിനായാണ് റഷ്യയിൽ എത്തിയത്. സൈന്യത്തിൽ തുടരാനും യുദ്ധം ചെയ്യാനും തനിക്ക് താത്പര്യമില്ലെന്നും റഷ്യയിലേക്ക് തിരികെ പോകേണ്ടതില്ലെന്നും ഹുസൈൻ പറഞ്ഞു. സൈന്യത്തിൽ സേവനമനുഷ്ടിക്കുന്നതിന് തനിക്ക് സാമ്പത്തിക നഷ്ട പരിഹാരം വാഗ്ദാനം ചെയ്തിരുന്നതായും എന്നാൽ ലഭിച്ചല്ലെന്നും വിദ്യാർഥി കൂട്ടിച്ചേർത്തു. സംഭവം കിയവിലെ ഇന്ത്യൻ മിഷൻ അന്വേഷിച്ചു വരികയാണ്.
റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന ഇന്ത്യൻ പൗരൻമാരുടെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. പൗരൻമാരെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യൻ അധികാരികളുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് രൺധീപ് ജയ്സ്വാൾ പറഞ്ഞു.
കഴിഞ്ഞ വർഷത്തെ റഷ്യ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയം ഉന്നയിച്ചിരുന്നു. യുക്രൈനിലെ സംഘർഷത്തിൽ നിലവിൽ 12 ഇന്ത്യക്കാർ കൊല്ലപ്പെടുകയും 16 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.