< Back
India
യുഎസ് വിമാനത്താവളത്തിൽ ഇന്ത്യൻ വിദ്യാർഥിയെ നിലത്ത് കെട്ടി, കൈകൾ വിലങ്ങിട്ട് നാടുകടത്തി; പ്രതികരിച്ച് ഇന്ത്യൻ എംബസി
India

യുഎസ് വിമാനത്താവളത്തിൽ ഇന്ത്യൻ വിദ്യാർഥിയെ നിലത്ത് കെട്ടി, കൈകൾ വിലങ്ങിട്ട് നാടുകടത്തി; പ്രതികരിച്ച് ഇന്ത്യൻ എംബസി

Web Desk
|
10 Jun 2025 3:44 PM IST

ഇന്ത്യൻ-അമേരിക്കൻ സംരംഭകൻ കുനാൽ ജെയിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയാണ് വാർത്ത പുറത്ത് കൊണ്ടുവന്നത്

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ ന്യൂവാർക്ക് വിമാനത്താവളത്തിൽ ഇന്ത്യൻ വിദ്യാർഥിയെ അധികാരികൾ കൈകൾ വിലങ്ങിട്ട് തറയിൽ പിടിച്ചുവെക്കുന്ന വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വൻ പ്രതിഷേധമാണ് ഉയരുന്നത്. ഇന്ത്യൻ-അമേരിക്കൻ സംരംഭകൻ കുനാൽ ജെയിൻ പങ്കുവെച്ച വിഡിയോയിൽ യുഎസ് അധികാരികൾ വിദ്യാർഥിയോട് ഒരു കുറ്റവാളിയെപ്പോലെ പെരുമാറുന്നത് കാണാം. വിദ്യാർഥിയെ നിലത്ത് കെട്ടിയിട്ടിരിക്കുന്നതും കുറഞ്ഞത് നാല് ഉദ്യോഗസ്ഥർ അയാളെ പിടിച്ചുനിർത്തുന്നതും രണ്ട് ഉദ്യോഗസ്ഥർ കാൽമുട്ടുകൾ വിദ്യാർഥിയുടെ പുറകിൽ വച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണിക്കുന്നു. അവർ വിദ്യാർഥിയുടെ കാലുകളും കൈകളും കെട്ടിയിട്ടിരുന്നു.

'ഇന്നലെ രാത്രി ന്യൂവാർക്ക് വിമാനത്താവളത്തിൽ സ്വപ്നങ്ങളെ പിന്തുടരാൻ വന്ന ഒരു ഇന്ത്യൻ വിദ്യാർഥിയെ കുറ്റവാളിയെപ്പോലെ കൈകൾ ബന്ധിച്ച് നാടുകടത്തുന്നത് ഞാൻ കണ്ടു. ഒരു എൻആർഐ എന്ന നിലയിൽ എനിക്ക് നിസ്സഹായതയും ഹൃദയം തകർന്നതായും തോന്നി. ഇത് ഒരു മാനുഷിക ദുരന്തമാണ്.' കുനാൽ ജെയിൻ എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ എഴുതി. വിഷയം അന്വേഷിക്കാനും വിദ്യാർഥിക്ക് സഹായം നൽകാനും അദ്ദേഹം യുഎസിലെ ഇന്ത്യൻ എംബസിയോട് ആവശ്യപ്പെട്ടു.

ഒരു ദിവസത്തിനുശേഷം ന്യൂയോർക്കിലെ ഇന്ത്യൻ എംബസി സംഭവത്തെക്കുറിച്ച് പ്രതികരിച്ചു. ന്യൂവാർക്ക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു ഇന്ത്യൻ പൗരന് ബുദ്ധിമുട്ടുകൾ നേരിടുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ കണ്ടതായി എംബസി അറിയിച്ചു. 'ഇക്കാര്യത്തിൽ പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ പൗരന്മാരുടെ ക്ഷേമത്തിനായി കോൺസുലേറ്റ് എപ്പോഴും പ്രതിജ്ഞാബദ്ധമാണ്.' എംബസി പറഞ്ഞു.

Similar Posts