< Back
India
Indians lost Rs 22,495 crore, mainly in investment scams
India

ഡിജിറ്റല്‍ അറസ്റ്റൊക്കെ ചെറുത്, കോടികള്‍ നഷ്ടമാകുന്നത് നിക്ഷേപ തട്ടിപ്പുകളില്‍; സൈബര്‍ ക്രൈമില്‍ 24 ശതമാനം വര്‍ധന, ആകെ നഷ്ടം 22,495 കോടി

ശരത് ലാൽ തയ്യിൽ
|
22 Feb 2026 12:44 PM IST

ഡിജിറ്റല്‍ അറസ്റ്റ് വഴി പണം തട്ടുന്നത് ആകെ തട്ടിപ്പുകളുടെ ഒമ്പത് ശതമാനമാണ് വരുന്നത്

ന്യൂഡല്‍ഹി: സൈബര്‍ തട്ടിപ്പുകളിലൂടെ ഇന്ത്യക്കാര്‍ക്ക് പണം നഷ്ടമാകുന്നതില്‍ 75 ശതമാനവും നിക്ഷേപ തട്ടിപ്പുകളിലൂടെയെന്ന് കണക്കുകള്‍. ആകെ നഷ്ടമായ തുകയില്‍ 2025ല്‍ നേരിയ കുറവുണ്ടായെങ്കിലും തട്ടിപ്പുകളുടെ എണ്ണത്തില്‍ 24 ശതമാനം വര്‍ധനവുണ്ടായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ കാണിക്കുന്നു.

2025ല്‍ സൈബര്‍ തട്ടിപ്പുകളിലൂടെ 22,495 കോടി രൂപയാണ് ഇന്ത്യക്കാര്‍ക്ക് നഷ്ടമായത്. 2024ല്‍ ഇത് 22,845 കോടി രൂപയായിരുന്നു. അതേസമയം, തട്ടിപ്പുകളുടെ എണ്ണം വര്‍ധിച്ചു. 2024ല്‍ 22.68 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2025ല്‍ ഇത് 28.15 ലക്ഷമായി ഉയര്‍ന്നു. അതേസമയം, തട്ടിപ്പുകളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ട സംഭവങ്ങള്‍ കുറഞ്ഞിട്ടുണ്ട്. 2024ല്‍ 66,370 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2025ല്‍ ഇത് 55,484 ആയി കുറഞ്ഞു. ബാങ്കുകളുടെയും പൊലീസിന്റെയും ഇടപെടല്‍ വഴി തട്ടിപ്പ് തുകകള്‍ തിരിച്ചെടുക്കാനോ തടഞ്ഞുവെക്കാനോ കൂടുതലായി സാധിക്കുന്നതു കൊണ്ടാണ് എഫ്‌ഐആറുകള്‍ കുറഞ്ഞതെന്ന് ആഭ്യന്തര വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

വ്യാജ നിക്ഷേപങ്ങളില്‍ വീഴല്ലേ

2025ല്‍ സൈബര്‍ തട്ടിപ്പുകളില്‍ ആകെ നഷ്ടമായ തുകയുടെ 75 ശതമാനവും വ്യാജ നിക്ഷേപ പദ്ധതികളിലൂടെയാണ് പോയത്. വ്യാജ ഓഹരിവിപണി തട്ടിപ്പുകള്‍, വ്യാജ ക്രിപ്‌റ്റോ തട്ടിപ്പുകള്‍, പൊന്‍സി പദ്ധതികള്‍, മണി ചെയിനുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. അതിവേഗത്തില്‍ കൂടുതല്‍ പണം സമ്പാദിക്കാമെന്ന തട്ടിപ്പുകാരുടെ വാഗ്ദാനങ്ങളില്‍ വീണുപോകുന്നവര്‍ക്കാണ് ഇത്തരത്തില്‍ പണം പോകുന്നത്.

ഡിജിറ്റല്‍ അറസ്റ്റ് വഴി പണം തട്ടുന്നത് ആകെ തട്ടിപ്പിന്റെ ഒമ്പത് ശതമാനമാണ് വരുന്നത്. നഗ്നദൃശ്യങ്ങള്‍ കാട്ടി ബ്ലാക്ക്‌മെയില്‍ ചെയ്തുള്ള തട്ടിപ്പുകള്‍ നാല് ശതമാനമാണ്.

സൈബര്‍ ക്രൈമുകളെ നേരിടാനുള്ള സംവിധാനങ്ങള്‍ കൂടുതലായി ഒരുക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം ലോക്‌സഭയിലെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ (ഐ4സി) സംസ്ഥാനങ്ങളുമായും ബാങ്കുകളുമായും ധനകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ്. സംശയകരമായ 18.34 ലക്ഷം അക്കൗണ്ടുകളുടെയും 24.67 ലക്ഷം വാടക അക്കൗണ്ടുകളുടെയും വിവരം ബാങ്കുകള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇതുവഴി 8031.56 കോടി തട്ടിപ്പുപണം കൈമാറുന്നത് തടയാന്‍ കഴിഞ്ഞു.

2021ല്‍ ആരംഭിച്ച സിറ്റിസണ്‍ ഫിനാന്‍ഷ്യല്‍ സൈബര്‍ ഫ്രോഡ് റിപ്പോര്‍ട്ടിങ് മാനേജ്‌മെന്റ് സിസ്റ്റം വഴി 23.02 ലക്ഷം പരാതികളാണ് ഇതുവരെ ലഭിച്ചത്. തല്‍സമയമുള്ള ഇടപെടലിലൂടെ 7130 കോടി രൂപയുടെ തട്ടിപ്പുകളാണ് തടയാന്‍ സാധിച്ചത്. രാജ്യത്ത് സൈബര്‍ ക്രൈമുകള്‍ മാത്രം കൈകാര്യം ചെയ്യുന്നതിനായി 459 സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനുകളുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Similar Posts