< Back
India
Indias elderly population to double by 2050; UNFPA
India

2050ഓടെ ഇന്ത്യയിൽ വയോധികരുടെ എണ്ണം ഇരട്ടിയാകും; യു.എൻ.എഫ്.പി.എ

Web Desk
|
21 July 2024 4:37 PM IST

നൂറ്റാണ്ട് മുഴുവൻ ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി തുടരും

ന്യൂഡൽ​ഹി: 2050-ഓടെ ഇന്ത്യയിലെ പ്രായമായവരുടെ ജനസംഖ്യ ഇരട്ടിയാകുമെന്ന് യു.എൻ.എഫ്.പി.എ ഇന്ത്യ മേധാവി ആൻഡ്രിയ വോജ്‌നാർ. ആരോഗ്യ സംരക്ഷണം, പാർപ്പിടം, പെൻഷൻ എന്നിവയിൽ കൂടുതൽ നിക്ഷേപം ആവശ്യമാണെന്നും അവർ പറഞ്ഞു. ഒറ്റയ്ക്ക് താമസിക്കാനും ദാരിദ്ര്യത്തെ അഭിമുഖീകരിക്കാനും സാധ്യതയുള്ള പ്രായമായ സ്ത്രീകൾക്കായിരിക്കും ഇതിന്റെ ആവശ്യം കൂടുതലായി വരുക. പി.ടി.ഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യ മുൻഗണന നൽകുന്ന പ്രധാന ജനസംഖ്യാ പ്രവണതകളെക്കുറിച്ച് വോജ്‌നാർ വിശദീകരിച്ചു. ഈ ജനസംഖ്യാ ട്രെന്റിൽ യുവജന ജനസംഖ്യ, പ്രായമാകുന്നവരുടെ ജനസംഖ്യ, നഗരവൽക്കരണം, കുടിയേറ്റം, കാലാവസ്ഥാ പ്രതിരോധം എന്നിവ ഉൾപ്പെടുന്നുണ്ട്. 2050 ആകുമ്പോഴേക്കും 60 വയസും അതിൽ കൂടുതലുമുള്ള വ്യക്തികളുടെ എണ്ണം 346 ദശലക്ഷമായി ഉയരുമെന്ന് വോജ്നാർ പറഞ്ഞു. 10നും 19നും ഇടയിൽ പ്രായമുള്ള 252 ദശലക്ഷം ആളുകൾ രാജ്യത്തുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.

'ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, തൊഴിലവസരങ്ങൾ എന്നിവയിൽ നിക്ഷേപിക്കുന്നത് ലിംഗസമത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം രാജ്യത്തെ സുസ്ഥിര പുരോഗതിയിലേക്ക് നയിക്കാനും കഴിയും. ചേരികളുടെ വർധനവ്, വായു മലിനീകരണം, പരിസ്ഥിതിനാശം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് സ്മാർട്ട് സിറ്റികൾ, അടിസ്ഥാന സൗകര്യങ്ങൾ, എന്നിവ അനിവാര്യമാണ്. ന​ഗരങ്ങളിലെ പ്ലാനുകൾ സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ള ആവശ്യങ്ങൾ പരിഗണിക്കുന്നതിനോടൊപ്പം, അവരുടെ ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം, ജോലി, മൊത്തത്തിലുള്ള ജീവിതനിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളും പരി​ഗണിക്കണം. കാലാവസ്ഥ വ്യതിയാനം പ്രത്യുൽപാദനശേഷിയെ ബാധിക്കുകയും ഗർഭധാരണ സങ്കീർണതകൾ വർധിപ്പിക്കുകയും ചെയ്യും.'- വോജ്നർ പറഞ്ഞു.

ദേശീയ കുടുംബാസൂത്രണ പദ്ധതി നടപ്പിലാക്കിയ ആദ്യ രാജ്യമായ ഇന്ത്യ അതിൽ ഗണ്യമായ പുരോഗതി കൈവരിച്ചു. രാജ്യത്തിനകത്തും പുറത്തേക്കുമുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിന് കൃത്യമായ ആസൂത്രണവും നൈപുണ്യ വികസനവും ആവശ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.

2060-കളുടെ തുടക്കത്തിൽ ഇന്ത്യയുടെ ജനസംഖ്യ 170 കോടിയായി ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ ഇപ്പോഴത്തെ ജനസംഖ്യ 140 കോടിക്ക് മുകളിലാണ്. 2022ൽ ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തേറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി മാറിയിരുന്നു. യുഎൻ കണക്കുകൾ പ്രകാരം, ഈ നൂറ്റാണ്ട് മുഴുവൻ ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി തുടരും. അടുത്ത 50-60 വർഷത്തിനുള്ളിൽ ലോകജനസംഖ്യ വർധിക്കുമെന്നും 2080കളുടെ മധ്യത്തോടെ 10.3 ബില്യണിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം, നിലവിൽ ജനസംഖ്യാനുപാതത്തിൽ രണ്ടാമത്തെ വലിയ രാഷ്ട്രമായ ചൈനയിൽ ജനസംഖ്യയിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് റിപ്പോർട്ട്. ചൈനയുടെ ജനസംഖ്യ 1.41 ബില്ല്യണിൽ നിന്ന് 30 വർഷത്തിനുള്ളിൽ 1.21 ബില്യണായി കുറയുമെന്നും ഈ നൂറ്റാണ്ട് അവസാനിക്കുന്നതോടെ 633 ദശലക്ഷമായി കുറയുമെന്നും റിപ്പോർട്ടുണ്ട്.

Related Tags :
Similar Posts