
ഇൻഡിഗോ പ്രതിസന്ധി; ഉത്തരവ് പൂർണമായും മരവിപ്പിച്ചിട്ടില്ലെന്ന് വ്യോമയാനമന്ത്രാലയ വൃത്തങ്ങൾ
|പൈലറ്റുമാരുടെ ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോയ്ക്ക് ഭാഗികമായ ഇളവുകള്‍ മാത്രമാണ് നല്‍കുകയെന്നും വ്യോമയാനമന്ത്രാലയ വൃത്തങ്ങൾ
ന്യൂഡൽഹി: ഇന്‍ഡിഗോ പ്രതിസന്ധിയില്‍ ഡിജിസിഐ ഉത്തരവ് പൂര്‍ണമായും മരവിപ്പിച്ചിട്ടില്ലെന്ന് വ്യോമയാനമന്ത്രാലയ വൃത്തങ്ങള്‍. പൈലറ്റുമാരുടെ ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോയ്ക്ക് ഭാഗികമായ ഇളവുകള്‍ മാത്രമാണ് നല്‍കുക. ചില വ്യവസ്ഥകള്‍ മാത്രമാണ് മരവിപ്പിച്ചത്. രാത്രി ഡ്യൂട്ടി, രാത്രി ലാന്‍ഡിങ് എന്നിവയില്‍ ഇന്‍ഡിഗോയ്ക്ക് മാത്രമാകും ഫെബ്രുവരി 10 വരെ ഇളവ്. കേന്ദ്രത്തിന്റെ ഉന്നതതല അന്വേഷണ സമിതി 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും വ്യോമയാന മന്ത്രാലയ വൃത്തങ്ങള്‍.
രാജ്യമൊട്ടാകെയുള്ള വിവിധ വിമാനത്താവളങ്ങളില്‍ സൃഷ്ടിച്ചത് എക്കാലത്തേയും വലിയ പ്രതിസന്ധി. തുടര്‍ച്ചയായ മൂന്നാം ദിവസവും വിവിധ പ്രശ്‌നങ്ങള്‍ തുടര്‍ന്നതോടെയാണ് വിമാന കമ്പനി യാത്രക്കാര്‍ക്ക് ഇരുട്ടടിയേകുന്ന കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്. ഇതോടെ, ശക്തമായ പ്രതിഷേധത്തിനാണ് വിമാനത്താവളങ്ങള്‍ സാക്ഷിയായത്. ഇതിന് പിന്നാലെ ഇന്‍ഡിഗോ പ്രതിസന്ധിയില്‍ മാപ്പ് പറഞ്ഞ് സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് രംഗത്തെത്തിയിരുന്നു.
പ്രശ്‌നം പരിഹരിക്കാന്‍ ത്രിതല നടപടികള്‍ സ്വീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ യാത്രക്കാര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കും. നാളെ മുതല്‍ മികച്ച സേവനം ഉറപ്പാക്കാന്‍ ശ്രമിക്കും. നിര്‍ദേശം പിന്‍വലിച്ച ഡിജിസിഎ തീരുമാനം സ്വാഗതാര്‍ഹമെന്നും സിഇഒ പറഞ്ഞു.
ഡിസംബര്‍ പത്തിനും 15 നും ഇടയില്‍ പൂര്‍വസ്ഥിതിയിലേക്ക് എത്താന്‍ സാധിക്കും. യാത്രക്കാര്‍ സഹകരിക്കണമെന്നും പീറ്റര്‍ എല്‍ബേഴ്‌സ് ആവശ്യപ്പെട്ടു.