
ഇൻഡിഗോ പ്രതിസന്ധി വിരൽ ചൂണ്ടുന്നത് മോദി സർക്കാരിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയിലേക്ക്; ആരാണ് രാം മോഹൻ നായിഡു?
|ടിഡിപി മേധാവിയും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ എൻ.ചന്ദ്രബാബു നായിഡുവിന്റെ ഡൽഹിയിലെ വിശ്വസ്തനാണ് റാം മോഹൻ നായിഡു
ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻ പ്രതിസന്ധിയെ തുടർന്ന് ഏറ്റവും കൂടുതൽ വിരലുകൾ നീളുന്നത് കേന്ദ്ര വ്യോമയാന മന്ത്രിയായ രാം മോഹൻ നായിഡുവിലേക്കാണ്. കേന്ദ്ര സിവിൽ വ്യോമയാന മന്ത്രിയുടെ ജോലി എളുപ്പമല്ലെന്നും വെല്ലുവിളികളെ നേരിടാൻ തയ്യാറാണെന്നും തെലുങ്കുദേശം പാർട്ടിയിലെ (ടിഡിപി) തന്റെ അനുയായികളോട് പറഞ്ഞതിന് ഒരു വർഷത്തിന് ശേഷം രാജ്യത്തിന്റെ സമീപകാല വ്യോമയാന ചരിത്രത്തിലെ ഏതാണ്ട് അഭൂതപൂർവമായ പ്രതിസന്ധിയെ നേരിടുകയാണ് റാം മോഹൻ നായിഡു. നരേന്ദ്ര മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയും മൂന്ന് തവണ ശ്രീകാകുളം എംപിയും സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടത്തിന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പ്രശംസ നേടിയ വ്യക്തിയുമാണ് റാം മോഹൻ. ഇൻഡിഗോ വിമാനങ്ങൾ വൻതോതിൽ റദ്ദാക്കിയതിനെത്തുടർന്നുണ്ടായ പ്രതിസന്ധിയുടെ പരിണതഫലങ്ങൾ കൈകാര്യം ചെയ്യുന്നതിലൂടെ കഴിഞ്ഞ ആഴ്ച മുതൽ അദ്ദേഹം ദേശീയ ശ്രദ്ധാകേന്ദ്രമാണ്.
പിതാവും മുൻ കേന്ദ്രമന്ത്രിയും എംപിയുമായ കെ. യെരൻ നായിഡു ഒരു വാഹനാപകടത്തിൽ മരിച്ചതിന് പിന്നാലെയാണ് റാം മോഹൻ നായിഡു ടിഡിപിയിൽ ചേരുന്നത്. രണ്ട് വർഷത്തിന് ശേഷം 27-ാം വയസിൽ ശ്രീകാകുളത്ത് നിന്ന് ആദ്യമായി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുകയും ഇപ്പോഴും ആ സീറ്റ് നിലനിർത്തുകയും ചെയ്യുന്നു. സംസ്ഥാനത്തെ 25 ലോക്‌സഭാ സീറ്റുകളിൽ 23 എണ്ണം നേടിയ വൈഎസ്ആർ കോൺഗ്രസ് പാർട്ടി (വൈഎസ്ആർസിപി)യുടെ വൻ വിജയത്തിനിടയിൽ 2019ൽ വിജയിച്ച ടിഡിപിയുടെ മൂന്ന് എംപിമാരിൽ ഒരാളായിരുന്നു അദ്ദേഹം.
ടിഡിപി മേധാവിയും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ എൻ.ചന്ദ്രബാബു നായിഡുവിന്റെ വിശ്വസ്തനാണ് റാം മോഹൻ നായിഡു. 'ഡൽഹിയിലുള്ള മുഖ്യമന്ത്രിയുടെ കണ്ണും കാതും' എന്നാണ് പാർട്ടിക്കുള്ളിൽ റാം മോഹൻ അറിയപ്പെടുന്നത്. സംസ്ഥാനത്തിന്റെ ആവശ്യത്തിനായി കേന്ദ്രത്തിൽ ഏതൊക്കെ വിഷയങ്ങൾ ഉന്നയിക്കണമെന്നും, ഏത് മന്ത്രാലയത്തെ സമീപിക്കണമെന്നും റാം മോഹൻ നായിഡുവിനെയാണ് ചന്ദ്ര ബാബു ചുമതലപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല പാർട്ടി എംപിമാർക്കുള്ള മുഖ്യമന്ത്രിയുടെ നിർദേശങ്ങൾ റാം മോഹൻ നായിഡുവിന്റെ അഭിപ്രായങ്ങളെയാണ് ആശ്രയിച്ചിരിക്കുന്നത്. 'ശാന്ത പ്രകൃതവും, സൂക്ഷ്മമായ രാഷ്ട്രീയ ചാതുര്യവും, വിശകലന മനസും, സംഘടിതവും വ്യവസ്ഥാപിതവുമായ സമീപനവും റാം മോഹനുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾക്ക് പാർട്ടി നേതൃത്വത്തിനിടയിൽ വലിയ വിലയുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ പിതാവിനെപ്പോലെ ചന്ദ്രബാബുവിന്റെ ഏറ്റവും വിശ്വസ്തരായ നേതാക്കളിൽ ഒരാളായും പാർട്ടി നേതൃത്വം അദ്ദേഹത്തെ കാണുന്നു.' ടിഡിപിയിലെ ഒരു അംഗം പറഞ്ഞു.
രാഷ്ട്രീയത്തിൽ പ്രവേശിച്ചതിനുശേഷം തന്റെ പിതാവ് ആരംഭിച്ച ക്ഷേമ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോക്കുകയാണ് റാം മോഹൻ നായിഡു. 2023 സെപ്റ്റംബർ 9ന് നൈപുണ്യ വികസന അഴിമതിക്കേസിൽ അറസ്റ്റിലായ സമയത്ത് ചന്ദ്രബാബു നായിഡുവിന് വേണ്ടി ചന്ദ്രബാബുവിന്റെ മകനും ആന്ധ്രാ മന്ത്രിയുമായ നര ലോകേഷുമായി ചേർന്ന് ഡൽഹിയിൽ മുഖ്യമന്ത്രിക്ക് പിന്തുണ ശേഖരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതും റാം മോഹനാണ്. ജൂൺ 12ന് അഹമ്മദാബാദിലുണ്ടായ എയർ ഇന്ത്യ വിമാനാപകടവും കേന്ദ്രമന്ത്രിയായിരിക്കെ രാം മോഹൻ നായിഡു കൈകാര്യം ചെയ്തു. പാർലമെന്റിലും രാം മോഹൻ നായിഡു സജീവ സാന്നിധ്യമാണ്.