< Back
India
ഇന്‍ഡിഗോ പ്രതിസന്ധി: ഡിജിസിഎയ്ക്ക് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കുമെന്ന് വ്യോമയാനമന്ത്രി
India

ഇന്‍ഡിഗോ പ്രതിസന്ധി: ഡിജിസിഎയ്ക്ക് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കുമെന്ന് വ്യോമയാനമന്ത്രി

Web Desk
|
10 Dec 2025 1:57 PM IST

ഇന്‍ഡിഗോ പ്രതിസന്ധി മനഃപൂര്‍വം സൃഷ്ടിച്ചതാണോ എന്നും പരിശോധിക്കും

ന്യൂഡല്‍ഹി: ഇന്‍ഡിഗോ പ്രതിസന്ധിയില്‍ ഡിജിസിഎയ്ക്ക് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കുമെന്ന് വ്യോമയാനമന്ത്രി. കൃത്യമായ കൂടിയാലോചനകളോടെയാണോ ജോലിസമയം നടപ്പാക്കിയത് എന്ന് പരിശോധിക്കും. പുതുക്കിയ ഷെഡ്യൂള്‍ ഇന്‍ഡിഗോ ഇന്ന് സമര്‍പ്പിക്കും.

ഇന്‍ഡിഗോ പ്രതിസന്ധിക്ക് പരിഹാരമായതിന് പിന്നാലെയാണ് പുതിയ ചട്ടം നടപ്പാക്കിയതില്‍ ഡിജിസിഎയ്ക്ക് വീഴ്ച പറ്റിയോയെന്ന് വ്യോമയാന മന്ത്രാലയം പരിശോധിക്കാനൊരുങ്ങുന്നത്. ഒപ്പം ഇന്‍ഡിഗോ പ്രതിസന്ധി മനഃപൂര്‍വം സൃഷ്ടിച്ചതാണോ എന്നും പരിശോധിക്കും. ആവശ്യമെങ്കില്‍ ഇന്‍ഡിഗോ സിഇഒയെ പുറത്താക്കിയേക്കുമെന്നും കേന്ദ്രവ്യോമയാനമന്ത്രാലയം അറിയിച്ചു.

അതിനിടെ, എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്‍പാകെ ഹാജരാകും. ഡ്യൂട്ടി സമയലംഘനങ്ങള്‍, ജോലി സമ്മര്‍ദം തുടങ്ങിയ ആശങ്കകള്‍ പാര്‍ലമെന്ററി കമ്മിറ്റിയെ അറിയിക്കും.

പ്രശ്‌നം പരിഹരിച്ചുവെന്ന് ഇന്‍ഡിഗോ അവകാശപ്പെടുമ്പോഴും ഇന്നും ചില വിമാനത്താവളങ്ങളില്‍ സര്‍വീസുകള്‍ മുടങ്ങി. പുതുക്കിയ ഷെഡ്യുളുകള്‍ ഏതൊക്കെയെന്ന് ഇന്നു വൈകുന്നേരം അഞ്ചുമണിക്കകം അറിയിക്കണമെന്ന് വ്യോമയാനമന്ത്രാലയം ഇന്‍ഡിഗോയോട് ആവശ്യപ്പെട്ടു. 10 ശതമാനം വെട്ടിക്കുറക്കാന്‍ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഈ സ്ലോട്ട് മറ്റു വിമാനക്കമ്പനികള്‍ക്ക് നല്‍കും. ഫെസ്റ്റിവല്‍ സമയത്ത് ഈ തീരുമാനം ഇന്‍ഡിഗോക്ക് വലിയ തിരിച്ചടിയാണ്. പ്രതിസന്ധി ഉണ്ടായതില്‍ സര്‍ക്കാരിനെ ഡല്‍ഹി ഹൈക്കോടതി വിമര്‍ശിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ കോടതിയെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടു. വിമാന ടിക്കറ്റുകളുടെ കുത്തനെയുള്ള വര്‍ദ്ധനവിനെയും കോടതി വിമര്‍ശിച്ചു.

Similar Posts