< Back
India
റിപ്പബ്ലിക് ദിനാഘോഷം: ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ഡൽഹിയിൽ എത്തി
India

റിപ്പബ്ലിക് ദിനാഘോഷം: ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ഡൽഹിയിൽ എത്തി

Web Desk
|
24 Jan 2025 11:18 AM IST

പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള സുബിയാന്തോയുടെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്

ന്യൂഡൽഹി: 76ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മുഖ്യാതിഥിയായ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ഡൽഹിയിൽ എത്തി. വ്യാഴാഴ്ച രാത്രി ഡൽഹിയിലെത്തിയ അദ്ദേഹത്തെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റ വിമാനത്താവളത്തിൽ സ്വീകരിച്ചു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്.

രാഷ്ട്രപതി ഭവനില്‍ നടക്കുന്ന അറ്റ് ഹോം വിരുന്നിലും സുബിയാന്തോ പങ്കെടുക്കും. പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള സുബിയാന്തോയുടെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്. 2020ല്‍ ഇന്തോനേഷ്യയുടെ പ്രതിരോധ മന്ത്രിയായിരിക്കെ സുബിയാന്തോ ഡല്‍ഹി സന്ദര്‍ശിച്ചിരുന്നു. പ്രസിഡൻന്റ് ദ്രൗപതി മുർമു, വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ എന്നിവരുമായി സുബിയാന്തോ കൂടിക്കാഴ്ച നടത്തും. ഇന്തോനേഷ്യയിൽ നിന്നുള്ള 352 അംഗ മാർച്ചും ബാൻഡ് സംഘവും റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്നുണ്ട്.

ഇരുരാജ്യങ്ങളും തമ്മില്‍ ദശാബ്ദങ്ങളായുള്ള ബന്ധമാണുള്ളതെന്നും സമഗ്രപരവും തന്ത്രപവുമായ പങ്കാളി എന്ന നിലയില്‍ ഇന്തോനേഷ്യ ഇന്ത്യക്ക് വളരെ സുപ്രധാനമാണെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

ഇത് നാലാം തവണയാണ് ഒരു ഇന്തോനേഷ്യൻ നേതാവ് റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി ക്ഷണിക്കപ്പെടുന്നത്. 1950ലെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പ്രസിഡൻ്റ് സുകാർണോ പങ്കെടുത്തിരുന്നു. കഴിഞ്ഞ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ആയിരുന്നു പ്രധാന അതിഥി.

Similar Posts