< Back
India
ബുദ്ധിജീവികൾ ഭീകരവാദികളായി എത്തുന്നതാണ് ചെങ്കോട്ടയിൽ കണ്ടത്; ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ സുപ്രിം കോടതിയിൽ ഡൽഹി പൊലീസ്
India

'ബുദ്ധിജീവികൾ ഭീകരവാദികളായി എത്തുന്നതാണ് ചെങ്കോട്ടയിൽ കണ്ടത്'; ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ സുപ്രിം കോടതിയിൽ ഡൽഹി പൊലീസ്

Web Desk
|
20 Nov 2025 4:18 PM IST

ഡൽഹി കലാപ ഗൂഢാലോചന കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് ഡൽഹി പൊലീസ്

ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് ഡൽഹി പൊലീസ്. പ്രതികളിൽ ഒരാളായി ആരോപിക്കപ്പെടുന്ന ഷർജീൽ ഇമാം അസം സംസ്ഥാനത്തെ ഇന്ത്യയിൽ നിന്ന് വേർപ്പെടുത്താൻ ശ്രമം നടത്തിയതായും ഡൽഹിയിൽ അവശ്യസാധനങ്ങളുടെ ലഭ്യത ഇല്ലാതെയാക്കാൻ ശ്രമിച്ചുവെന്നും പൊലീസ് കോടതിയിൽ വാദിച്ചു. ഒരു മത വിഭാഗത്തെ പ്രകോപിപ്പിക്കാൻ നീക്കം നടത്തിയെന്നും ഡൽഹി പൊലീസ് സുപ്രിം കോടതിയെ അറിയിച്ചു.

ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശന വേളയിൽ അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് കലാപം റിപ്പോർട്ട് ചെയ്യാൻ കഴിയുന്ന തരത്തിലായിരുന്നു ആസൂത്രണം. ഭരണത്തെ അസ്ഥിരപെടുത്തുക, സാമ്പത്തിക ഞെരുക്കം സൃഷ്ടിക്കുക എന്നിവയായിരുന്നു ഗൂഢാലോചനയുടെ ലക്ഷ്യമെന്നും ഡൽഹി പൊലീസ് സുപ്രിം കോടതിയിൽ അറിയിച്ചു. അതേസമയം, വാദത്തിനിടെ ചെങ്കോട്ട ആക്രമണം പരാമർശിച്ചു എഎസ്ജി. ബുദ്ധിജീവികൾ ഭീകരവാദികളായി എത്തുന്നതാണ് ചെങ്കോട്ടയിലും കാണാൻ സാധിച്ചതെന്ന് പൊലീസ് കോടതിയിൽ വാദിച്ചു.

കഴിഞ്ഞ ദിവസം ഉമർ ഖാലിദിന്റെ ജാമ്യത്തെ ഡൽഹി പൊലീസ് എതിർത്തിരുന്നു. ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് നിലവിൽ ഡൽഹി പൊലിസിന്റെ വാദം കേൾക്കുകയാണ് സുപ്രിം കോടതി. ഇതിനുശേഷമായിരിക്കും ഉത്തരവ് പുറപ്പെടുവിക്കുക. ഉമർ ഖാലിദ് ഉൾപ്പടെയുള്ളവരുടെ വാദങ്ങൾ നേരത്തെ പൂർത്തിയായിരുന്നു. തങ്ങൾ നിരപരാധികളാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് വാദത്തിൽ ഉന്നയിച്ചത്. എന്നാൽ ഇവർക്ക് ജാമ്യം നൽകരുതെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഡൽഹി പൊലീസ്.



Similar Posts