< Back
India
ബംഗാളിൽ ഹോളി ആഘോഷങ്ങൾക്കിടെ സംഘർഷം; ഇന്റർനെറ്റ് സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചു
India

ബംഗാളിൽ ഹോളി ആഘോഷങ്ങൾക്കിടെ സംഘർഷം; ഇന്റർനെറ്റ് സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചു

Web Desk
|
15 March 2025 2:18 PM IST

സംഘർഷങ്ങളുമായി ബന്ധപ്പെട്ട് 20 ലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്

കൊൽക്കത്ത: ബംഗാളിലെ ബിർഭും ജില്ലയിൽ ഹോളി ആഘോഷങ്ങൾക്കിടെ സംഘർഷം. രണ്ട് വിഭാഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. സംഘർഷത്തെ തുടർന്ന് പ്രദേശത്ത് ഇന്റർനെറ്റ് സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സ്ഥിതിഗതികൾ ശാന്തമാക്കാനും കൂടുതൽ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാനും സ്ഥലത്ത് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. സംഘർഷങ്ങളുമായി ബന്ധപ്പെട്ട് 20 ലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

സൈന്തിയ പട്ടണത്തിലാണ് രണ്ട് സംഘങ്ങൾ തമ്മിൽ വാക്കുതർക്കം ഉണ്ടായത്. ഒരു സംഘത്തിലുള്ളവർ മദ്യപിച്ചിരുന്നതായി പ്രദേശവാസികൾ പറയുന്നു. ഇരു വിഭാഗങ്ങളും പരസ്പരം കല്ലെറിയുകയും കൈയേറ്റം നടത്തുകയും ചെയ്തതോടെ സ്ഥിതിഗതികൾ വഷളായി. സംഘർഷത്തിൽ ചില പ്രദേശവാസികൾക്ക് പരിക്കേട്ടിട്ടുണ്ട്. പിന്നീട്, പൊലീസ് ലാത്തിച്ചാർജിന് ശേഷം സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.

കൂടുതൽ സംഘർഷങ്ങൾ തടയുന്നതിനായി സൈന്തിയയിലെ അഞ്ച് ഗ്രാമങ്ങളിൽ രണ്ട് ദിവസത്തേക്ക് ഇന്റർനെറ്റ് താത്കാലികമായി നിർത്തിവെച്ചതായി ബംഗാൾ ആഭ്യന്തര വകുപ്പ് അറിയിച്ചു. വോയ്‌സ് കോളുകളും എസ്എംഎസും പ്രവർത്തനക്ഷമമായി തുടരുമെന്ന് ഉത്തരവിൽ വ്യക്തമാക്കി. പത്രങ്ങൾക്ക് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല. സൈന്തിയ മുനിസിപ്പാലിറ്റി, ഹതോറ, മത്പൽസ, ഹരിസര, ഫരിയാപൂർ, ഫുലൂർ എന്നിവിടങ്ങളാണ് സംഘർഷം ഉണ്ടായത്.

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജാർഖണ്ഡ് ഗിരിദിഹ് ജില്ലയിലെ ഘോർത്തംബയിൽ ഹോളി ആഘോഷത്തിനിടെ കടകൾക്കും വാഹനങ്ങൾക്കും തീവെച്ചു. രണ്ട് സമുദായങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാൻ വൻ പൊലീസ് സംഘത്തെ വിന്യസിച്ചതായും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

Similar Posts