
സംഭലിലുണ്ടായ സംഘർഷത്തിൽ അന്വേഷണം തുടരുന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഡിസംബർ 1 വരെ അടച്ചു
|ഈ മാസം 30 വരെ സംഭലിലേക്ക് പുറത്തുനിന്നുള്ളവർക്ക് പ്രവേശനവും ഉണ്ടാകില്ല
ലഖ്നൗ: ഉത്തർപ്രദേശിലെ സംഭലിലുണ്ടായ സംഘർഷത്തിൽ അന്വേഷണം തുടരുന്നു. ഏഴ് എഫ് ഐ ആറുകളാണ് സംഭൽ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്‍റര്‍നെറ്റ് നിരോധനം ഇപ്പോഴും തുടരുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഡിസംബർ ഒന്നുവരെ അടച്ചു.
ഈ മാസം 30 വരെ സംഭലിലേക്ക് പുറത്തുനിന്നുള്ളവർക്ക് പ്രവേശനവും ഉണ്ടാകില്ല. ഇന്നലെ കസ്റ്റഡിയിലെടുത്ത മസ്ജിദ് കമ്മിറ്റി അധ്യക്ഷൻ സഫർ അലിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. സഫർ അലി ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്നാണ് പൊലീസ് ആരോപിക്കുന്നത്. പൊലീസിന്‍റെ വെടിയേറ്റല്ല അഞ്ചു യുവാക്കൾ മരിച്ചതെന്ന വാദം തുടരുകയാണ് പൊലീസും കലക്ടറും.
സംഘർഷത്തിൽ ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്‍റിനെ കസ്റ്റഡിയിലെടുത്തിരുന്നു. സംഘർഷത്തിന് മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് പ്രേരിപ്പിച്ചതായാണ് പൊലീസ് ആരോപണം. അറസ്റ്റ് രേഖപ്പെടുത്താതെയാണ് നടപടി. പ്രസിഡൻ്റിനെ കസ്റ്റഡിയിലെടുത്ത് നടപടിക്കെതിരെ സംഭലിൽ വൻ പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.
ഇതിനിടെ സംഘർഷത്തെതുടർന്നുണ്ടായ വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്നലെയുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടിരുന്നു. മസ്ജിദ് സ്ഥിതി ചെയ്യുന്നത് പണ്ട് ക്ഷേത്രമുണ്ടായിരുന്ന സ്ഥലത്താണോയെന്ന് പരിശോധിക്കാൻ നടത്തിയ സർവെയാണ് കല്ലേറിലും സംഘർഷത്തിലും കലാശിച്ചത്.