
സഹാറൻപൂർ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് മോശമായി പെരുമാറിയെന്ന് ഇഖ്റ ഹസൻ എംപി; പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ചത് രണ്ടാഴ്ച കഴിഞ്ഞ്
|പാർലമെന്റ് അംഗത്തെ ബഹുമാനിക്കാൻ അറിയാത്തവർ പൊതുജനങ്ങളോട് എങ്ങനെ പെരുമാറുമെന്നായിരുന്നു എസ്പി അദ്ധ്യക്ഷൻ അഖിലേഷ് യാദവിന്റെ ചോദ്യം
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സഹാറൻപൂർ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ്(എഡിഎം) മോശമായി പെരുമാറിയെന്ന സമാജ്‌വാദി പാർട്ടി(എസ്പി) എംപി ഇഖ്റ ഹസന്റെ ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോപണം ഉന്നയിച്ച് രണ്ടാഴ്ച കഴിഞ്ഞാണ് സഹാറൻപൂർ ഡിവിഷണൽ കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കൈരാനയിൽ നിന്നുള്ള എംപിയാണ് ഇഖ്റ ഹസന്‍.
ജൂലൈ ഒന്നിന് ചുത്മാൽപൂർ നഗർ പഞ്ചായത്ത് ചെയർപേഴ്‌സൺ ഷാമ പർവീനുമായി, സഹാറൻപൂർ എഡിഎം സന്തോഷ് ബഹാദൂർ സിങിന്റെ ഓഫീസിലെത്തിയപ്പോഴാണ് തന്നോട് മോശമായി പെരുമാറിയതെന്നാണ് ഇഖ്റ ഹസന്റെ ആരോപണം. അതേസമയം ആരോപണങ്ങൾ എഡിഎം നിഷേധിച്ചു.
തന്റെ മണ്ഡലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉന്നയിക്കാനാണ് ജൂലൈ ഒന്നിന് എഡിഎമ്മിന്റെ ഓഫീസിലെത്തിത്. എന്നാല്‍ അദ്ദേഹം ഉച്ചഭക്ഷണത്തിന് പുറത്തുപോയെന്നും പ്രശ്നങ്ങൾ എഴുതി നൽകാൻ നിർദ്ദേശിച്ചതായും എംപി പറയുന്നു. പിന്നീട്, ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ, ഹസനും പർവീണും വീണ്ടും എഡിഎമ്മിന്റെ ഓഫീസിലെത്തി. ധിക്കാരപരമായാണ് ശേഷം അദ്ദേഹം പെരുമാറിയതെന്നും ഓഫീസില്‍ നിന്നിറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടുവെന്നാണ് എംപി ആരോപിക്കുന്നത്.
പിന്നാലെ, പ്രിൻസിപ്പൽ സെക്രട്ടറിയും സഹാറൻപൂർ ഡിവിഷണൽ കമ്മീഷണറുമായ അടൽ കുമാർ റായിക്ക് എംപി ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു. രണ്ടാഴ്ച കഴിഞ്ഞാണ് പരാതിയില്‍ വിശദമായ അന്വേഷണം നടത്താൻ സഹാറൻപൂർ ജില്ലാ മജിസ്‌ട്രേറ്റ് മനീഷ് ബൻസലിനോട് അടൽ കുമാർ റായി നിര്‍ദേശിക്കുന്നത്. അതേസമയം വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി സമാജ് വാദി പാര്‍ട്ടി രംഗത്ത് എത്തി. ഒരു പാർലമെന്റ് അംഗത്തെ ബഹുമാനിക്കാത്തവർ പൊതുജനങ്ങളോട് എങ്ങനെ പെരുമാറുമെന്ന് എസ്പി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് ചോദിച്ചു.