< Back
India
പരുക്കൻ സ്വഭാവമുള്ളവർക്കേ നല്ല നേതാവാകാൻ കഴിയൂ? മോദിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി വിജയ് രൂപാണിയുടെ മകള്‍
India

'പരുക്കൻ സ്വഭാവമുള്ളവർക്കേ നല്ല നേതാവാകാൻ കഴിയൂ?' മോദിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി വിജയ് രൂപാണിയുടെ മകള്‍

Web Desk
|
14 Sept 2021 1:00 PM IST

അക്ഷർധാം ആക്രമണം ഉണ്ടായപ്പോൾ മോദിയെക്കാൾ മുൻപെ അവിടെ എത്തിയത് വിജയ് രൂപാണിയാണെന്ന് രാധിക രൂപാണി

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ പരോക്ഷ വിമർശനവുമായി ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മകൾ രാധിക രൂപാണി. പരുക്കൻ സ്വഭാവമുള്ളവർക്ക് മാത്രമേ നല്ല നേതാവാകാൻ കഴിയുകയുള്ളൂ എന്ന് രാധിക ചോദിച്ചു.

അക്ഷർധാം ആക്രമണം ഉണ്ടായപ്പോൾ മോദിയെക്കാൾ മുൻപെ അവിടെ എത്തിയത് വിജയ് രൂപാണിയാണ്. തന്‍റെ അച്ഛനെ ഏതൊരാൾക്കും സമീപിക്കാൻ കഴിയുമായിരുന്നു. ജനങ്ങൾക്ക് ആവശ്യമുള്ള സ്ഥലത്തെല്ലാം അദ്ദേഹം ഉണ്ടായിരുന്നു. കോവിഡ് പ്രതിസന്ധിയുടെ സമയത്ത് അദ്ദേഹം പുലര്‍ച്ചെ 2.30 വരെയൊക്കെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഉറങ്ങാതെ ഇരുന്നിട്ടുണ്ടെന്നും രാധിക രൂപാണി അവകാശപ്പെട്ടു.

ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കിയതിൽ ഗുജറാത്ത് ബിജെപിയിൽ അതൃപ്തി പുകയുകയാണ്. 2017ൽ ആദ്യമായി എംഎൽഎ ആയ ഭൂപേന്ദ്ര പട്ടേലിനെ എന്ത് അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയാക്കിയത് എന്നാണ് ബിജെപിയില്‍ ഒരു വിഭാഗം ചോദിക്കുന്നത്. പാർട്ടി പറയുന്നത് അനുസരിക്കുമെന്നാണ് പരസ്യ നിലപാടെങ്കിലും ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലും മുഖ്യമന്ത്രി ആകാത്തതിൽ കേന്ദ്ര നേതൃത്വത്തെ അതൃപ്തി അറിയിച്ചു. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും പട്ടേൽ സമുദായത്തിൽ നിന്ന് വേണ്ടെന്ന് ദേശീയ നേതൃത്വം തീരുമാനമെടുത്താൽ നിതിൻ പട്ടേലിന് നിലവിലെ ഉപമുഖ്യമന്ത്രി സ്ഥാനവും നഷ്ടമാവും.

നിലവിലത്തെ 21 അംഗ മന്ത്രിസഭയിൽ കൂട്ടിച്ചർക്കലുകൾക്ക് സാധ്യതയില്ല. എന്നാൽ ആരൊക്കെ പുതിയ മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് നാളെ മാത്രമേ അറിയാനാകൂ.

Similar Posts