< Back
India
biscuit
India

പാക്കറ്റിൽ ഒരു ബിസ്‌കറ്റ് കുറഞ്ഞു; ഉപഭോക്താവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

Web Desk
|
6 Sept 2023 5:08 PM IST

മണാലി ടൂറിനിടെ തെരുവുമൃഗങ്ങൾക്ക് കഴിക്കാനാണ് പരാതിക്കാരൻ ബിസ്‌കറ്റ് പാക്കറ്റ് വാങ്ങിയത്

ചെന്നൈ: പാക്കറ്റിൽ ഒരു ബിസ്‌കറ്റ് കുറഞ്ഞതിന്റെ പേരിൽ പ്രമുഖ ഭക്ഷ്യ കമ്പനി ഐടിസി ലിമിറ്റഡിന് ഒരു ലക്ഷം രൂപാ പിഴയിട്ട് ഉപഭോക്തൃ കോടതി. ചെന്നൈ സ്വദേശി പി ദില്ലിബാബു 2021 ഡിസംബറിൽ നൽകിയ പരാതിയിലാണ് ചെന്നൈയിലെ ഉപഭോക്തൃ ഫോറം തീർപ്പു കൽപ്പിച്ചത്.

മണാലി സന്ദർശനത്തിനിടെ തെരുവുമൃഗങ്ങൾക്ക് ഭക്ഷണം നൽകാൻ ചില്ലറ വിൽപ്പന കേന്ദ്രത്തിൽ നിന്നാണ് ദില്ലിബാബു രണ്ട് പാക്കറ്റ് സൺഫീസ്റ്റ് മാരി ലൈറ്റ് ബിസ്‌കറ്റ് വാങ്ങിയത്. കവറിന് പുറത്ത് 16 ബിസ്‌കറ്റ് എന്നാണ് എഴുതിയിരുന്നത് എങ്കിലും ഉള്ളിൽ 15 എണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉടൻ കടക്കാരനെയും പിന്നീട് ഐടിസിയെയും സമീപിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഇതിന് പിന്നാലെയാണ് ദില്ലിബാബു പരാതി നൽകിയത്.

പരാതിയിൽ പറയുന്നത് ഇങ്ങനെ; ഓരോ ബിസ്‌കറ്റിനും 75 പൈസയാണ് വില വരുന്നത്. ഒരു ദിവസം കമ്പനി നിർമിക്കുന്നത് 50 ലക്ഷം പാക്കറ്റ് ബിസ്‌കറ്റ്. അങ്ങനെയാണ് എങ്കിൽ ഓരോ ദിവസവും ഉപഭോക്താക്കളെ പറ്റിച്ച് കമ്പനി നേടിയെടുക്കുന്നത് 29 ലക്ഷം രൂപയാണ്.

കേസ് പരിഗണിക്കവെ, എണ്ണത്തിന്റെ പേരിലല്ല, ഭാരത്തിന്റെ പേരിലാണ് ബിസ്‌കറ്റുകൾ പാക്ക് ചെയ്യുന്നത് എന്നാണ് ഐടിസി വാദിച്ചത്. ആകെ ഭാരം 76 ഗ്രാമാണ് എന്നും അത് പുറത്ത് എഴുതിയിട്ടുണ്ട് എന്നും കമ്പനി വാദിച്ചു. വാദം പരിശോധിച്ച കോടതി പാക്കറ്റിന്റെ ഭാരം 74 ഗ്രാം മാത്രമേ ഉള്ളൂവെന്ന് കണ്ടെത്തി. ഇതോടെയാണ് പിഴ ചുമത്താനുള്ള കോടതി വിധി.





Related Tags :
Similar Posts