< Back
India
പൊലീസ് എന്നെ കൊലപ്പെടുത്തിയേക്കും, സുരക്ഷ വര്‍ധിപ്പിക്കണം; ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്ണോയ് കോടതിയില്‍
India

പൊലീസ് എന്നെ കൊലപ്പെടുത്തിയേക്കും, സുരക്ഷ വര്‍ധിപ്പിക്കണം; ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്ണോയ് കോടതിയില്‍

Web Desk
|
30 May 2022 9:00 PM IST

ലോറൻസിനെ പൊലീസ് വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുമെന്നും അല്ലെങ്കിൽ എതിരാളികൾ അദ്ദേഹത്തിനെതിരെ ആക്രമണം നടത്താമെന്നും അഭിഭാഷകൻ ആരോപിച്ചു

ഡല്‍ഹി: സുരക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തിഹാര്‍ ജയിലിൽ കഴിയുന്ന ഗുണ്ടാത്തലവന്‍ ലോറൻസ് ബിഷ്‌ണോയ് ഡൽഹി പട്യാല കോടതിയിൽ ഹരജി നല്‍കി. ലോറൻസിനെ പൊലീസ് വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുമെന്നും അല്ലെങ്കിൽ എതിരാളികൾ അദ്ദേഹത്തിനെതിരെ ആക്രമണം നടത്താമെന്നും അഭിഭാഷകൻ ആരോപിച്ചു.

''പ്രതി ഒരു വിദ്യാർഥി നേതാവാണ്.രാഷ്ട്രീയ സ്പർദ്ധ മൂലം പഞ്ചാബ്, ചണ്ഡീഗഡ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ഒന്നിലധികം കള്ളക്കേസുകളിൽ പ്രതിയായതിനാൽ പഞ്ചാബ് പൊലീസിന്‍റെ വ്യാജ ഏറ്റുമുട്ടലിനെക്കുറിച്ച് പ്രതിക്ക് ആശങ്കയുണ്ട്'' ഹരജിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പഞ്ചാബി ഗായകന്‍ സിദ്ദു മൂസേവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ലോറന്‍സ് ബിഷ്ണോയ് സംഘത്തിന്‍റെ പേര് ഉയര്‍ന്നുവന്നിരുന്നു. കൊലപാതകത്തില്‍ ബിഷ്ണോയി സംഘത്തിൽ അംഗമായ കാനഡയിൽ താമസിക്കുന്ന ലക്കി ഉത്തരവാദിത്തം ഏറ്റെടുത്തെന്ന് പൊലീസ് ഇന്നലെ അറിയിച്ചിരുന്നു. എഎപി സർക്കാർ സുരക്ഷ പിൻവലിച്ച് 24 മണിക്കൂറിനുള്ളിലാണ് മൂസേവാല വെടിയേറ്റു മരിക്കുന്നത്. പഞ്ചാബ് മാന്‍സയിൽ വെച്ച് ഇന്നലെയാണ് സിദ്ദു വെടിയേറ്റ് മരിച്ചത്. സ്വന്തം ഗ്രാമത്തിലേക്ക് കാറിൽ സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കവേയാണ് ആക്രമണം.

പഞ്ചാബ് യുവത്വത്തിന്‍റെ ഹരമായി മാറിയ സിദ്ദു വിവാദങ്ങളുടെ ഇഷ്ടതോഴനായിരുന്നു. പഞ്ചാബിലെ മന്‍സ ജില്ലയിലെ മൂസ ഗ്രാമമാണ് സിദ്ദുവിന്‍റെ സ്വദേശം. തോക്ക് സംസ്കാരം പരസ്യമായി പ്രോത്സാഹിപ്പിക്കുകയും പ്രകോപനപരമായ പാട്ടുകളിൽ ഗുണ്ടാസംഘങ്ങളെ മഹത്വവത്കരിക്കുകയും ചെയ്തതിന് അദ്ദേഹം പല തവണ വിമര്‍ശനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. 2017ല്‍ പുറത്തിറങ്ങിയ 'സോ ഹൈ' എന്ന പാട്ട് പഞ്ചാബി യുവാക്കള്‍ക്കിടയില്‍ ഹിറ്റായിരുന്നു. നിലവില്‍ അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിന് 52 ലക്ഷം സബ്‌സ്‌ക്രൈബർമാർ ഉണ്ട്. പാട്ടുകളിലൂടെയും വിഡിയോകളിലൂടെയും അക്രമം പ്രോത്സാഹിപ്പിച്ചെന്നാരോപിച്ച് മൂസേവാലയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

Similar Posts