< Back
India
Thar Into Sikh Procession
India

ജയ്പൂരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ സിഖ് ഘോഷയാത്രയിലേക്ക് ഥാര്‍ ഓടിച്ചുകയറ്റി; നിരവധി പേർക്ക് പരിക്ക്, ജനക്കൂട്ടം ജീപ്പ് തല്ലിത്തകര്‍ത്തു

Web Desk
|
3 Jan 2025 3:13 PM IST

രാജാ പാര്‍ക്ക് ഏരിയയില്‍ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം

ജയ്പൂര്‍: ജയ്പൂരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ സിഖ് ഘോഷയാത്രയിലേക്ക് ഥാര്‍ ഓടിച്ചുകയറ്റി നിരവധി പേര്‍ക്ക് പരിക്ക്. രോഷാകുലരായ ജനക്കൂട്ടം ജീപ്പ് തല്ലിത്തകര്‍ത്തു. രാജാ പാര്‍ക്ക് ഏരിയയില്‍ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.

രാത്രി എട്ടരയോടെ ആദർശ് നഗർ സർക്കിളിനു സമീപം മുന്നൂറോളം പേർ തടിച്ചുകൂടിയ പരിപാടിക്കിടെയായിരുന്നു അപകടം. പരിക്കേറ്റവരിൽ ഒരു വൃദ്ധനും ഒരു കുട്ടിയുമുണ്ടെന്ന് പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നു. അമിതവേഗതയിലെത്തിയ വാഹനം ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറി ദൃക്സാക്ഷികള്‍ പറഞ്ഞു. വാഹനം തടയാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന പൊലീസിന്‍റെ അവകാശവാദം വ്യാപക പ്രതിഷേധത്തിനിടയാക്കി. നാട്ടുകാര്‍ വാഹനത്തിന്‍റെ ബോണറ്റിന്‍റെ മുകളില്‍ കയറി ജനാലച്ചില്ലുകള്‍ തല്ലിത്തകര്‍ക്കുകയും നശിപ്പിക്കുകയും ചെയ്തു.

വാഹനമോടിച്ചിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ മകനൊപ്പം ഥാറില്‍ ഉണ്ടായിരുന്ന മറ്റ് മൂന്നുപേരും പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു. സംഭവം നടന്നയുടനെ ഇവര്‍ ഓടിരക്ഷപ്പെട്ടു. പ്രതികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് സിഖ് സമുദായാംഗങ്ങൾ സമീപത്തെ പൊലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ഒടുവിൽ പ്രായപൂർത്തിയാകാത്ത ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ക്രിമിനൽ കേസെടുക്കുമെന്നും ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും സമരക്കാർക്ക് ഉറപ്പുനൽകുകയുമായിരുന്നു. അന്വേഷണത്തിൻ്റെ ഭാഗമായി അപകടമുണ്ടാക്കിയ എസ്‌യുവി പിടിച്ചെടുത്ത് ജവഹർ നഗർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

Similar Posts