< Back
India
ഡി.കെ ശിവകുമാറിനെതിരായ പരാമർശം: കേന്ദ്രമന്ത്രി കിരൺ റിജിജുവിനെതിരെ അവകാശലംഘന നോട്ടീസ്‌ നല്‍കി കോണ്‍ഗ്രസ്
India

ഡി.കെ ശിവകുമാറിനെതിരായ പരാമർശം: കേന്ദ്രമന്ത്രി കിരൺ റിജിജുവിനെതിരെ അവകാശലംഘന നോട്ടീസ്‌ നല്‍കി കോണ്‍ഗ്രസ്

Web Desk
|
24 March 2025 5:09 PM IST

ഡി.കെ ശിവകുമാറിന്റേതെന്ന തരത്തില്‍ തെറ്റായ പ്രസ്താവന നല്‍കി സഭയെ കേന്ദ്രമന്ത്രി തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ചെയർമാൻ ജഗ്ദീപ് ധൻഖഡിന് മുമ്പാകെ സമര്‍പ്പിച്ച നോട്ടീസിൽ ജയ്റാം രമേശ് പറയുന്നത്.

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി കിരൺ റിജിജുവിനെതിരെ അവകാശലംഘന നോട്ടീസ് നല്‍കി കോണ്‍ഗ്രസ് . കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെതിരായ പരാമർശത്തിൽ കോൺഗ്രസ് എം.പി ജയറാം രമേശാണ് രാജ്യസഭയിൽ നോട്ടീസ് നൽകിയത്. ചട്ടം 188 പ്രകാരമാണ് ജയറാം രമേശിന്റെ നീക്കം.

മുസ്‌ലിംകൾക്ക്‌ സംവരണം നൽകുന്നതിനായി തന്റെ പാർട്ടി ഭരണഘടനയിൽ മാറ്റം വരുത്തുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞുവെന്നായിരുന്നു റിജിജു സഭയില്‍ പറഞ്ഞിരുന്നത്. ഈ പരാമർശങ്ങൾ ഏതെങ്കിലും സാധാരണ പാർട്ടി നേതാവിൽ നിന്നല്ലെന്നും മറിച്ച് ഭരണഘടനാ പദവി വഹിക്കുന്ന ഒരാളിൽ നിന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

ഡികെയുടെ പേര് റിജിജു പരാമര്‍ശിച്ചില്ലെങ്കിലും ലക്ഷ്യമിട്ടത് അദ്ദേഹത്തെയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു പിന്നിടുള്ള പരാമര്‍ശങ്ങള്‍. ഇതിനെതിരെയാണ് കോണ്‍ഗ്രസ് രംഗത്ത് എത്തിയത്.

ഡി.കെ ശിവകുമാറിന്റേതെന്ന തരത്തില്‍ തെറ്റായ പ്രസ്താവന നല്‍കി സഭയെ കേന്ദ്രമന്ത്രി തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ചെയർമാൻ ജഗ്ദീപ് ധൻഖഡിന് മുമ്പാകെ സമര്‍പ്പിച്ച നോട്ടീസിൽ ജയ്റാം രമേശ് പറയുന്നത്.

തന്റെ പേരിൽ ആരോപിക്കപ്പെട്ട പ്രസ്താവനകൾ ഇല്ലാത്തതാണെന്നും അവഹേളനപരമാണെന്നും ഡി.കെ ശിവകുമാർ തന്നെ വ്യക്തമാക്കിയിരുന്നു. എന്നിട്ടും കിരൺ റിജിജു, അതെ പരാമർശങ്ങൾ ഏറ്റുപിടിക്കുന്നത് തെറ്റിദ്ധരിപ്പിക്കാനാണെന്നും ഇത് സഭയോടുള്ള അവഹേളനവുമാണെന്നും ജയ്റാം രമേശ് ചൂണ്ടിക്കാണിക്കുന്നു.

Similar Posts