< Back
India
നെഹ്‌റു ബാബരി മസ്ജിദ് പണിയാൻ ശ്രമിച്ചെന്ന ആരോപണം; രാജ്‌നാഥ് സിങ്ങിന് പട്ടേലിന്റെ മകളുടെ ഡയറിക്കുറിപ്പ് നൽകി ജയറാം രമേശ്
India

നെഹ്‌റു ബാബരി മസ്ജിദ് പണിയാൻ ശ്രമിച്ചെന്ന ആരോപണം; രാജ്‌നാഥ് സിങ്ങിന് പട്ടേലിന്റെ മകളുടെ ഡയറിക്കുറിപ്പ് നൽകി ജയറാം രമേശ്

Web Desk
|
12 Dec 2025 7:38 AM IST

പൊതുപണം ഉപയോഗിച്ച് ബാബരി മസ്ജിദ് പണിയാൻ നെഹ്‌റു ശ്രമിച്ചെന്നും സർദാർ വല്ലഭായ് പട്ടേൽ അത് തടഞ്ഞെന്നും രാജ്‌നാഥ് സിങ് ഈയിടെ ഗുജറാത്തിൽ പ്രസംഗിച്ചിരുന്നു

ന്യൂഡൽഹി: പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന് ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ മകൾ മണിബെൻ പട്ടേലിന്റെ ഡയറിക്കുറിപ്പുകൾ കൈമാറി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. വ്യാഴാഴ്ച രാവിലെ പാർലമെന്റിലെ പ്രവേശനകവാടമായ മകരദ്വാറിൽ മന്ത്രി കാറിൽ നിന്ന് ഇറങ്ങിയപ്പോഴാണ് ജയറാം രമേശ് ഡയറിക്കുറിപ്പുകൾ നൽകിയത്. ഗുജറാത്തിയിലുള്ള പതിപ്പാണ് ജയറാം രമേശ് മന്ത്രിക്ക് നൽകിയത്.

പൊതുപണം ഉപയോഗിച്ച് ബാബരി മസ്ജിദ് പണിയാൻ നെഹ്‌റു ശ്രമിച്ചെന്നും സർദാർ വല്ലഭായ് പട്ടേൽ അത് തടഞ്ഞെന്നും രാജ്‌നാഥ് സിങ് ഈയിടെ ഗുജറാത്തിൽ പ്രസംഗിച്ചിരുന്നു. സിങ്ങിന്റെ ആരോപണം മണിബെൻ പട്ടേലിന്റെ ഡയറിക്കുറിപ്പ് അടിസ്ഥാനപ്പെടുത്തിയാണെന്ന് ബിജെപി വക്താവ് സുധാംശു ത്രിവേദി പത്രസമ്മേളനത്തിലും പറഞ്ഞു. ഇതാണ് ഡയറിക്കുറിപ്പുകൾ കൈമാറാൻ കാരണം. സിങ്ങിന്റെ ആരോപണം ഡയറിക്കുറിപ്പിലില്ലെന്നും ഇത് വായിക്കണമെന്നും ജയറാം രമേശ് പറഞ്ഞു. എന്നാൽ ഗുജറാത്തി തനിക്കറിയില്ലെന്നും തന്റെ കയ്യിൽ ഇംഗ്ലീഷ് പതിപ്പ് ഉണ്ടെന്നുമായിരുന്നു സിങ്ങിന്റെ പ്രതികരണം.

മണിബെൻ പട്ടേലിന്റെ ഡയറിക്കുറിപ്പുകൾ ജയറാം രമേശ് നേരത്തെ എക്‌സിൽ പങ്കുവെച്ചിരുന്നു. വ്യാജ ആരോപണം ഉന്നയിച്ച സിങ് മാപ്പ് പറയണമെന്നും ജയറാം രമേശ് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധം മെച്ചപ്പെടുത്താനാണ് പ്രതിരോധമന്ത്രി നുണകൾ പ്രചരിപ്പിക്കുന്നതെന്നും ജയറാം രമേശ് കുറ്റപ്പെടുത്തിയിരുന്നു.

രാജ്‌നാഥ് സിങ്ങിന്റെ ആരോപണത്തിനെതിരെ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയാ ഗാന്ധി നേരിട്ട് രംഗത്ത് വന്നിരുന്നു. നെഹ്‌റുവിന്റെ ഓർമകൾ മായ്ക്കുക മാത്രമല്ല, രാജ്യത്തിന്റെ അടിസ്ഥാനഘടകങ്ങൾ തകർക്കുകയും അദ്ദേഹത്തെ അപകീർത്തിപ്പെടുത്തുകയുമാണ് ഭരണകക്ഷിയുടെ ലക്ഷ്യമെന്നും സോണിയ പറഞ്ഞിരുന്നു.

Similar Posts