< Back
India
സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ജാവേദ് അക്തർ- മുഫ്തി ഷമായിൽ മുഹമ്മദ് നദ്‌വി സംവാദം:  ഇതുവരെ കണ്ടത് 80 ലക്ഷത്തിലേറെ പേർ
India

സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ജാവേദ് അക്തർ- മുഫ്തി ഷമായിൽ മുഹമ്മദ് നദ്‌വി സംവാദം: ഇതുവരെ കണ്ടത് 80 ലക്ഷത്തിലേറെ പേർ

Web Desk
|
31 Dec 2025 10:33 PM IST

മുഫ്തി ഷമയിൽ നദ്‌വിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത വീഡിയോക്ക് ഏറ്റവും പുതിയ കണക്ക്പ്രകാരം 8.7 മില്യൺ കാഴ്ചക്കാരാണ്.

ന്യൂഡൽഹി: കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറും ഇസ്‌ലാമിക പണ്ഡിതന്‍ മുഫ്തി ഷമായിൽ മുഹമ്മദ് നദ്‌വിയും തമ്മിലുള്ള സംവാദം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. ദൈവം ഉണ്ടോ(Does God Exist?) എന്നായിരുന്നു സംവാദത്തിന്റെ വിഷയം. ഉത്തരേന്ത്യയിൽ വലിയ ചലനങ്ങളുണ്ടാക്കിയ സംവാദത്തിന് ഇതിനകം തന്നെ എൺപത് ലക്ഷത്തിലേറെ കാഴ്ചക്കാരാണ് ലഭിച്ചത്. ഡിസംബര്‍ 20ന് ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലായിരുന്നു സംവാദം. ഇതിന്റെ തത്സമയ സംപ്രേക്ഷണവും ഉണ്ടായിരുന്നു.

മുഫ്തി ഷമയിൽ നദ്‌വിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത വീഡിയോക്ക് ഏറ്റവും പുതിയ കണക്ക്പ്രകാരം 8.7 മില്യൺ കാഴ്ചക്കാരാണ്. മറ്റു സമൂഹമാധ്യമങ്ങളിലൂടെയും നിരവധി കാഴ്ച്ചക്കാരെ സൃഷ്ടിക്കാൻ ഈ സംവാദത്തിനായി. ഹിന്ദിയിലും ഉര്‍ദുവിലുമൊക്കെയായി ഏകദേശം രണ്ട് മണിക്കൂറിനടുത്തായിരുന്നു സംവാദം. മലയാളത്തിലുൾപ്പെടെ വിവിധ പ്രാദേശിക ഭാഷകളിൽ സംവാദത്തിന്റെ ചുവടുപിടിച്ച് ചർച്ചകൾ നടക്കുകയും ചെയ്തു. നിരീശ്വരവാദവുമായി ബന്ധപ്പെട്ട യൂട്യൂബിൽ ഏറ്റവുമധികം പേർ കണ്ട സംവാദം ഇതാകാനും സാധ്യതയുണ്ടെന്നും പറയപ്പെടുന്നു.

പത്രപ്രവർത്തകൻ സൗരഭ് ദ്വിവേദിയായിരുന്നു മോഡേറേറ്റര്‍. വിശ്വാസം, യുക്തി, ധാർമ്മികത എന്നിവയെക്കുറിച്ചൊക്കെ സംവാദത്തില്‍ നിറഞ്ഞു. അതേസമയം നിരീശ്വരവാദത്തെ തുറന്നുകാട്ടപ്പെട്ടുവെന്നും ജാവേദ് അക്തറിന്റെ പല വാദങ്ങൾക്കും പിൻബലമുണ്ടായിരുന്നില്ലെന്നുമൊക്കെയാണ് സംവാദത്തിന് ചുവട്പിടിച്ച് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ കുറിപ്പുകള്‍. ദൈവത്തിന്റെയും മതത്തിന്റെയും തത്വ ചിന്തയിൽ വിശ്വസിക്കുന്നില്ലെന്ന് വിവിധ ടെലിവിഷൻ പരിപാടികളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പരസ്യമായി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട് ജാവേദ് അക്തര്‍.

മനുഷ്യരുടെ കഷ്ടപ്പാടുകളെ, പ്രത്യേകിച്ച് ഗസ്സയില്‍ നടന്നുകൊണ്ടിരിക്കുന്ന അക്രമസംഭവങ്ങളെ ബന്ധപ്പെടുത്തിയാണ് ദൈവം ഇല്ലെന്ന് അക്തര്‍ വാദിച്ചത്. സംഘർഷമേഖലകളിലെ കുട്ടികളുടെ മരണങ്ങളും കഷ്ടപ്പാടുകളും കാണാത്തതിനാല്‍ സർവ്വശക്തനായ ദൈവത്തിലുള്ള വിശ്വാസം എങ്ങനെ പൊരുത്തപ്പെടുമെന്നും അവനെങ്ങനെ കരുണാമയാനാകുമെന്നും അക്തര്‍ ചോദിക്കുന്നു.

അതേസമയം അക്രമത്തിന്റെയും ക്രൂരതയുടെയും പ്രവൃത്തികൾ ദൈവിക ഉദ്ദേശ്യത്തേക്കാൾ മനുഷ്യന്റെ തെരഞ്ഞെടുപ്പുകളിൽ നിന്നാണ് ഉണ്ടാകുന്നതെന്നായിരുന്നു മറുപടി. അറിവില്ലായ്മ ദൈവത്തിന്റെ അസ്തിത്വത്തെ നിഷേധിക്കുന്നതിന് ന്യായീകരണമല്ലെന്ന് പറഞ്ഞുകൊണ്ട് നദ്‌വി അക്തറിനെ വെല്ലുവിളിക്കുകയും ചെയ്തു. സംവാദത്തിന്റെ അലയൊലികള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല. റീലുകളിലും മറ്റുമായി ഇപ്പോഴും സംവാദത്തിലെ ഓരോ പോയിന്റുകളും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഇതിനൊപ്പം മുഫ്തി ഷമയിൽ നദ്‌വിയും സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങായി. ആരാണ് അദ്ദേഹമെന്നും എന്തൊക്കെയാണ് അദ്ദേഹത്തിന്റെ യോഗ്യതകളെന്നുമൊക്കെ ആളുകള്‍ വ്യാപകമായി തിരയുന്നുണ്ട്.

Similar Posts