< Back
India
വംശീയ ഉന്മൂലനത്തിൽ പങ്കാളികളാകുന്നുവെന്ന് വിമർശനം;   സാഹിത്യ പുരസ്കാരം നൽകുന്നത്  ജെസിബി അവസാനിപ്പിക്കുന്നു
India

വംശീയ ഉന്മൂലനത്തിൽ പങ്കാളികളാകുന്നുവെന്ന് വിമർശനം; സാഹിത്യ പുരസ്കാരം നൽകുന്നത് ജെസിബി അവസാനിപ്പിക്കുന്നു

Web Desk
|
22 Jun 2025 1:21 PM IST

ബുൾഡോസർ നിർമാതാക്കളായ ബ്രിട്ടീഷ് കമ്പനി ഇന്ത്യയിലും ഫലസ്തീനിലും വംശീയ ഉന്മൂലനത്തിൽ പങ്കാളികളാകുന്നുവെന്നായിരുന്നു സാഹിത്യകാരന്മാരുടെ വിമർശനം

ന്യൂഡൽഹി: വിമർശനങ്ങളുയർന്നതിന് പിന്നാലെ രാജ്യത്തെ ഏറ്റവും വിലയേറിയ സാഹിത്യ പുരസ്കാരം നൽകുന്നത് അവസാനിപ്പിക്കാനൊരുങ്ങി ജെസിബി ലിറ്ററേച്ചർ ഫൗണ്ടേഷൻ. 25 ലക്ഷം രൂപ സമ്മാനം നൽകുന്ന ജെസിബി സാഹിത്യ പുരസ്കാരമാണ് നിർത്തലാക്കുന്നത്.

ഇംഗ്ലീഷിൽ എഴുതിയതോ ഇന്ത്യൻ ഭാഷകളിൽ എഴുതി ഇംഗ്ലീഷിലേക്ക് വിർത്തനം ചെയ്ത ഫിക്ഷൻ കൃതികൾക്കാണ് പുരസ്കാരം നൽകിയിരുന്നത്. 25 ലക്ഷം രൂപയും ശിൽപവും അടങ്ങുന്ന പുരസ്കാരം 2018 ലാണ് നൽകി തുടങ്ങിയത്. 2024 ലാണ് അവസാന പുരസ്കാരം നൽകിയത്. പുരസ്കാരം നൽകുന്നത് നിർത്തിയതായി ജെസിബി പുരസ്കാര സാഹിത്യ ഡയറക്ടർ മിത കപൂർ വ്യക്തമാക്കി. എന്നാൽ അവാർഡിൽ നിന്ന് പിന്മാറാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. ബെന്യാമിൻ, എസ്.ഹരീഷ്,എം.മുകുന്ദൻ എന്നിവർക്ക് മലയാളത്തിൽ നിന്ന് പുരസ്കാരം ലഭിച്ചിട്ടുണ്ട്.

സാഹിത്യത്തിനുള്ള ജെസിബി പുരസ്കാരം കാപട്യമെന്ന് ആരോപിച്ച് നൂറിലധികം എഴുത്തുകാരും വിവർത്തകരും പ്രസാദകരും ജെസിബിക്ക് കഴിഞ്ഞ നവംബറിൽ തുറന്ന കത്തെഴുതിയിരുന്നു. പുരസ്കാരം ഏർപ്പെടുത്തുന്ന ബുൾഡോസർ നിർമാതാക്കളായ ബ്രിട്ടീഷ് കമ്പനി ഇന്ത്യയിലും ഫലസ്തീനിലും വംശീയ ഉന്മൂലനത്തിൽ പങ്കാളികളാകുന്നുവെന്നായിരുന്നു സാഹിത്യകാരന്മാരുടെ വിമർശനം. നവംബർ 23 ന് ജെസിബി പുരസ്കാര ജേതാക്കളെ പ്രഖ്യാപിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് കത്ത് പുറത്തുവന്നത്.

കവിയും നിരൂപകനുമായ കെ.സച്ചിദാനന്ദൻ, കവിയും പ്രസാദകനുമായ ആസാദ് സെയ്ദി, കവയിത്രി ജസീന്ത കെർക്കറ്റ, കവിയും നോവലിസ്റ്റുമായ മീന കന്തസാമി, കവിയും ആക്ടിവിസ്റ്റുമായ സിന്തിയ സ്റ്റീഫൻ തുടങ്ങിയവരാണ് കത്തിൽ ഒപ്പുവെച്ചത്.

ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിലുടനീളമുള്ള മുസ്‍ലിം വീടുകളും കടകളും ആരാധനാലയങ്ങളും തകർക്കാൻ ബിജെപി സർക്കാർ ജെസിബി ബുൾഡോസറുകൾ ഉപയോഗിച്ചു. ജെസിബിയുടെ ഏജൻ്റും ഇസ്രായേൽ പ്രതിരോധ മന്ത്രാലയവും തമ്മിലുള്ള കരാർ കാരണം, അധിനിവേശ ഫലസ്തീൻ പ്രദേശത്ത് വീടുകൾ പൊളിക്കുന്നതിനും സെറ്റിൽമെൻ്റ് വിപുലീകരണത്തിനും ജെസിബി ബുൾഡോസറുകൾ ഉത്തരവാദികളാണ്. അങ്ങനെ ഫലസ്തീനികളുടെ വംശീയ ഉന്മൂലനത്തിനുള്ള ഇസ്രായേലിൻ്റെ തുടർച്ചയായ ശ്രമങ്ങളിൽ ജെസിബി പ്രധാന പങ്ക് വഹിക്കുന്നു.

പാർശ്വവൽക്കരിക്കപ്പെട്ട വൈവിധ്യരായ സാഹിത്യകാരന്മാർക്കായി ജെസിബി ഒരു സാഹിത്യ സമ്മാനം ഏർപ്പെടുത്തി. എന്നാൽ, അതേസമയം തന്നെ അനേകം പേരുടെ ജീവിതവും ഉപജീവനമാർഗവും നശിപ്പിക്കുന്നതിൽ കൂട്ടുനിന്നു. സാഹിത്യകാരന്മാർ എന്ന നിലയിൽ, സാഹിത്യ സമൂഹത്തിന് പിന്തുണ നൽകാനുള്ള ഇത്തരം ധിക്കാരപരമായ അവകാശവാദങ്ങൾക്കായി ഞങ്ങൾ നിലകൊള്ളില്ല. ഈ സമ്മാനത്തിന് ജെസിബിയുടെ കൈകളിലെ രക്തം കഴുകാൻ കഴിയില്ല. ഇന്ത്യയിലെ വളർന്നുവരുന്ന എഴുത്തുകാർ മികച്ചത് അർഹിക്കുന്നുവെന്നും തുറന്ന കത്തിൽ പറഞ്ഞു.

ഫലസ്തീൻ നോവലിസ്റ്റ് ഇസബെല്ല ഹമ്മദ്, കവി റഫീഫ് സിയാദ, ഈജിപ്ഷ്യൻ നോവലിസ്റ്റ് അഹ്ദാഫ് സൂയിഫ്, ഇറാഖി കവിയും നോവലിസ്റ്റുമായ സിനാൻ അൻ്റൂൺ, നോവലിസ്റ്റും ഫലസ്തീനിയൻ ഫെസ്റ്റിവൽ ഓഫ് ലിറ്ററേച്ചറിൻ്റെ ഡയറക്ടറുമായ ഒമർ റോബർട്ട് ഹാമിൽട്ടൺ എന്നിവരുൾപ്പെടെ ഫലസ്തീനിലെയും പശ്ചിമേഷ്യയിലെയും നിരവധി എഴുത്തുകാരും കത്തിൽ ഒപ്പിട്ടവരിൽ ഉൾപ്പെട്ടിരുന്നു.

സാധാരണ പൗരന്മാരുടെ ലക്ഷക്കണക്കിന് വീടുകൾ പൊളിക്കാൻ സഹായിച്ച യന്ത്രമെന്ന നിലയിൽ ജെസിബി എന്ന പദം ഇന്ത്യയിൽ കൂടുതൽ പ്രചാരത്തിലുണ്ട്. ഈ പേര് ഇന്ത്യൻ സാഹിത്യത്തിനുള്ള വളരെ അഭിമാനകരമായ സാഹിത്യ സമ്മാനവുമായി ബന്ധപ്പെടുത്തുന്നത് എന്ത് വിരോധാഭാസമാണെന്നും സാഹിത്യകാരന്മാർ ചോദിച്ചിരുന്നു.

Related Tags :
Similar Posts