< Back
India
Manmohan Vaidya

മന്‍മോഹന്‍ വൈദ്യ

India

ഇന്ത്യയിലായിരുന്നുവെങ്കില്‍ യേശുക്രിസ്തു കുരിശിലേറ്റപ്പെടില്ലായിരുന്നു: ആര്‍എസ്എസ് നേതാവ്

Web Desk
|
6 Feb 2024 10:19 AM IST

മുന്‍ വിദേശകാര്യ സെക്രട്ടറി പവന്‍ വര്‍മ, എഴുത്തുകാരന്‍ ബദ്രി നാരായണ എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചയിലാണ് മന്‍മോഹന്‍ വൈദ്യ കുരിശുമരണത്തെക്കുറിച്ച് പറഞ്ഞത്

ജയ്പൂര്‍: ഇന്ത്യയിലായിരുന്നുവെങ്കില്‍ യേശുക്രിസ്തു കുരിശിലേറ്റപ്പെടില്ലായിരുന്നുവെന്ന് ആര്‍എസ് എസ് ജോയിന്‍റെ ജനറല്‍ സെക്രട്ടറി മന്‍മോഹന്‍ വൈദ്യ. ജയ്‍പൂര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കവെയാണ് വൈദ്യയുടെ പരാമര്‍ശം.

മുന്‍ വിദേശകാര്യ സെക്രട്ടറി പവന്‍ വര്‍മ, എഴുത്തുകാരന്‍ ബദ്രി നാരായണ എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചയിലാണ് മന്‍മോഹന്‍ വൈദ്യ കുരിശുമരണത്തെക്കുറിച്ച് പറഞ്ഞത്. സംസ്‌ക്കാരത്തെ നിര്‍വചിക്കുന്നത് ഭൂപ്രദേശമാണെന്ന് വൈദ്യയും പവന്‍ വര്‍മയും പറഞ്ഞപ്പോള്‍ ഓര്‍മകളും ആഖ്യാനങ്ങളും ചേര്‍ന്ന പ്രദേശം തന്നെ ഓരോ ഭൂപ്രദേശത്തും രൂപപ്പെടുന്നുണ്ടെന്ന് സാഹിത്യ അക്കാദമി ജേതാവ് ഭദ്രി നാരായണനും വാദിച്ചു. ആത്മീയത അടിസ്ഥാനമായുള്ള ഇന്ത്യന്‍ ജീവിതശൈലി, രാജ്യത്തെ നൂറ്റാണ്ടുകളായി മറ്റ് രാജ്യങ്ങളില്‍ നിന്ന് വിഭിന്നമാക്കുന്നുവെന്ന് മന്‍മോഹന്‍ വൈദ്യ പറഞ്ഞു. ഇന്ത്യക്കാര്‍ കച്ചവടത്തിനും മറ്റുമായി ലോകമെമ്പാടും സഞ്ചരിച്ചിട്ടുണ്ടെങ്കിലും രാജ്യങ്ങളെ കോളനി വത്കരിക്കുകയോ ജനങ്ങളെ അടിമകളാക്കുകയോ ചെയതിട്ടില്ലെന്ന് മന്‍മോഹന്‍ വൈദ്യ പറഞ്ഞു.


ക്രിസ്ത്യൻ വിശ്വാസങ്ങളെ ചോദ്യം ചെയ്തതിന് 1600-ൽ ചുട്ടുകൊല്ലപ്പെട്ട ഇറ്റാലിയൻ ജിയോർഡാനോ ബ്രൂണോ ഇന്ത്യയിലായിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നുവെന്ന് വിവേകാനന്ദൻ്റെ ശിഷ്യയായ സിസ്റ്റർ നിവേദിത തൻ്റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ടെന്ന് വൈദ്യ ചൂണ്ടിക്കാണിച്ചു. ''സിസ്റ്റർ നിവേദിത എഴുതാത്ത ഒരു കാര്യം കൂടി ചേർക്കുന്നു. യേശുക്രിസ്തു ഇന്ത്യയിൽ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും ക്രൂശിക്കപ്പെടുമായിരുന്നില്ല'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ പൈതൃകം വ്യത്യസ്തമായിരുന്നു. ഇന്ത്യയിലെ ഓരോ നിവാസികളും ഒരു 'ഹിന്ദു' ആണെന്നും മൻമോഹൻ വൈദ്യ പറഞ്ഞു.വ്യത്യസ്‌ത വീക്ഷണങ്ങളോടുള്ള തുറന്ന മനസ്സാണ് ഇന്ത്യയുടെ സവിശേഷത. ഇവിടെയുള്ളവരിൽ 99 ശതമാനവും മതം മാറിയവരാണ്.തങ്ങൾ ഹിന്ദുക്കൾ മതപരിവർത്തനത്തിൽ വിശ്വസിക്കുന്നില്ലെന്നും അതിനാൽ തങ്ങൾ അതേ വിശ്വാസമാണ് പിന്തുടരുന്നതെന്നും വൈദ്യ വ്യക്തമാക്കി. മുസ്‍ലിംങ്ങളും ക്രിസ്ത്യാനികളും ആർഎസ്എസ് ശാഖകളിലേക്ക് വരുന്നുണ്ടെന്നും വൈദ്യ പറഞ്ഞു.

Related Tags :
Similar Posts