< Back
India
Jharkhand: CPI-ML wont join Hemant cabinet
India

ജാർഖണ്ഡിൽ ഹേമന്ത് സോറൻ മന്ത്രിസഭയിൽ ചേരാനില്ലെന്ന് സിപിഐ (എംഎൽ)

Web Desk
|
30 Nov 2024 10:11 PM IST

ഇൻഡ്യാ മുന്നണിയുടെ ഭാഗമായി മത്സരിച്ച സിപിഐ (എംഎൽ) ജാർഖണ്ഡിൽ രണ്ട് സീറ്റിൽ വിജയിച്ചിരുന്നു.

റാഞ്ചി: ജാർഖണ്ഡിൽ ഹേമന്ത് സോറൻ നയിക്കുന്ന ഇൻഡ്യാ മുന്നണി സർക്കാരിൽ ചേരില്ലെന്ന് സിപിഐ (എംഎൽ). ഇൻഡ്യാ മുന്നണിയുടെ ഭാഗമായി മത്സരിച്ച പാർട്ടിക്ക് ജാർഖണ്ഡിൽ രണ്ട് സീറ്റുണ്ട്. സർക്കാരിൽ ചേരാൻ തങ്ങളെ മറ്റു ഘടകകക്ഷികൾ ക്ഷണിച്ചിട്ടില്ലെന്നും അതിന് പാർട്ടിക്ക് താത്പര്യമില്ലെന്നും സിപിഐ (എംഎൽ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രണ്ട് എംഎൽഎമാർ മാത്രമുള്ള തങ്ങളുടെ പാർട്ടിക്ക് സംസ്ഥാന സർക്കാരിൽ ഒരു സ്വാധീനവും ചെലുത്താനാവില്ല. സഭയിൽ 10-12 എംഎൽഎമാരെങ്കിലും ഉണ്ടെങ്കിൽ മാത്രമേ സർക്കാരിൽ എന്തെങ്കിലും ചെയ്യാനാവൂ എന്നും ഭട്ടാചാര്യ പറഞ്ഞു. ഘടകകക്ഷികൾ ക്ഷണിച്ചാൽ തീരുമാനം മാറ്റുമോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

''എനിക്കറിയാവുന്നടുത്തോളം ഞങ്ങൾക്ക് മന്ത്രിസഭയിലേക്ക് ക്ഷണം ലഭിച്ചിട്ടില്ല. ഘടകകക്ഷികൾക്ക് കൂടുതൽ എംഎൽഎമാർ ഉള്ളതിനാൽ മന്ത്രിസഭാ സ്വാഭാവികമായും വലുതായിരിക്കും. അതിൽ ഞങ്ങൾക്ക് കൂടി ഇടം ലഭിക്കാൻ ബുദ്ധിമുട്ടാണ്. അതേസമയം കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമ്പോൾ ഞങ്ങളും അതിലുണ്ടാവും''-ഭട്ടാചാര്യ പറഞ്ഞു.

നവംബർ 28നാണ് ഹേമന്ത് സോറൻ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. അടുത്ത ആഴ്ചയോടെ മന്ത്രിസഭാ വികസനമുണ്ടാവുമെന്നാണ് ഇൻഡ്യാ മുന്നണി വൃത്തങ്ങൾ നൽകുന്ന സൂചന. ഡിസംബർ ഒമ്പതിനാണ് പുതിയ നിയമസഭയുടെ പ്രഥമ സമ്മേളനം തുടങ്ങുന്നത്. അതിന് മുമ്പ് മന്ത്രിസഭാ വികസനം ഉണ്ടായേക്കുമെന്നാണ് വിവരം.

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ നാല് സീറ്റിലാണ് സിപിഐ (എംഎൽ) മത്സരിച്ചത്. ബാഗോദാർ, നിർസ, സിന്ദ്രി മണ്ഡലങ്ങളിൽ ഇൻഡ്യാ സഖ്യത്തിന്റെ ഭാഗമായായിരുന്നു മത്സരം. ധൻവാറിൽ ജാർഖണ്ഡ് മുക്തി മോർച്ചയുമായി സൗഹൃദ മത്സരമായിരുന്നു. ഇവിടെ ബിജെപി സംസ്ഥാന പ്രസിഡന്റ് ബാബുലാൽ മറാണ്ടിയാണ് വിജയിച്ചത്. നിർസ, സിന്ദ്രി മണ്ഡലങ്ങളിലാണ് സിപിഐ (എംഎൽ) വിജയിച്ചത്.

Related Tags :
Similar Posts