< Back
India
ബിഹാറിൽ മഹാഗഡ്ബന്ധൻ വിട്ട് ജെഎംഎം; ആറ് സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
India

ബിഹാറിൽ മഹാഗഡ്ബന്ധൻ വിട്ട് ജെഎംഎം; ആറ് സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

Web Desk
|
18 Oct 2025 10:20 PM IST

നവംബർ 11, 14 തീയതികളിൽ രണ്ട് ഘട്ടമായാണ് ബിഹാറിൽ വോട്ടെടുപ്പ് നടക്കുന്നത്

പട്‌ന: ബിഹാറിലെ മഹാഗഡ്ബന്ധൻ സഖ്യത്തിൽ പൊട്ടിത്തെറി. സഖ്യം വിട്ട ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചു. ആറ് സീറ്റുകളിലാണ് ജെഎംഎം മത്സരിക്കുന്നത്. ഒക്ടോബർ 20 ആണ് രണ്ടാംഘട്ട വോട്ടെടുപ്പിലേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ 23 ആണ്.

മഹാഗഡ്ബന്ധനിൽ രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള സീറ്റ് വിഭജനം അന്തിമ ഘട്ടത്തിലെത്തിയിട്ടില്ല. മത്സരിക്കാൻ ഒരു സീറ്റ് പോലും നൽകാത്തതിനെ തുടർന്നാണ് ജെഎംഎം ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചത്. ചകായ്, ധംദാഹ, കടോറിയ, മണിഹാരി, ജാമുയി, പിർപൈന്തി മണ്ഡലങ്ങളിലാണ് ജെഎംഎം മത്സരിക്കുന്നത്.

സീറ്റ് വിഭജനം സംബന്ധിച്ച് മഹാഗഡ്ബന്ധനിലെ എല്ലാ കക്ഷികളുമായും ബന്ധപ്പെട്ടതായി ജെഎംഎം ജനറൽ സെക്രട്ടറി സുപ്രിയോ ഭട്ടാചാര്യ പറഞ്ഞു. ബിഹാറിലെ ചില സീറ്റുകളിൽ മത്സരിക്കാൻ താത്പര്യമുണ്ടെന്ന് ജെഎംഎം തേജസ്വി യാദവിനെ അറിയിച്ചിരുന്നു. എന്നാൽ സീറ്റ് വിഭജനത്തിൽ ധാരണയിലെത്താനായില്ല.

ജാർഖണ്ഡിൽ ആർജെഡിക്ക് തങ്ങൾ അർഹമായ പരിഗണന കൊടുക്കുന്നുണ്ടെന്ന് സുപ്രിയോ ഭട്ടാചാര്യ ചൂണ്ടിക്കാട്ടി. 2019ലെ ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങൾ ആർജെഡിക്കും കോൺഗ്രസിനും നൽകിയ പിന്തുണ അദ്ദേഹം എടുത്തു പറഞ്ഞു. അന്ന് ആർജെഡിക്ക് ഏഴ് സീറ്റുകൾ നൽകി. ഛാത്രയിൽ നിന്നുള്ള ആർജെഡി എംഎൽഎയെ മന്ത്രിയുമാക്കി. 2024ലും ആർജെഡിക്ക് ആറ് സീറ്റുകൾ നൽകി. ഒരു മന്ത്രിസ്ഥാനവും നൽകിയെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലെ അവഗണനയുടെ പശ്ചാത്തലത്തിൽ ജാർഖണ്ഡിൽ ഇൻഡ്യ സഖ്യം തുടരണോ എന്നതും ആലോചിക്കുമെന്നും സുപ്രിയോ ഭട്ടാചാര്യ പറഞ്ഞു.

243 അംഗ ബിഹാർ നിയമസഭയിലേക്ക് രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 11, 14 തീയതികളിലാണ് പോളിങ്.

Similar Posts