< Back
India
ബിഹാർ; 462 വോട്ടിന് കൈവിട്ട മണ്ഡലം പിടിക്കാൻ ജെഎൻയുവിലെ തീപ്പൊരി; ഭോരെ മണ്ഡലത്തിൽ ഇത്തവണ പൊടിപാറും
India

ബിഹാർ; 462 വോട്ടിന് കൈവിട്ട മണ്ഡലം പിടിക്കാൻ ജെഎൻയുവിലെ തീപ്പൊരി; ഭോരെ മണ്ഡലത്തിൽ ഇത്തവണ പൊടിപാറും

Web Desk
|
1 Nov 2025 3:47 PM IST

ജെഎൻയു യൂനിവേഴ്സിറ്റി യൂനിയൻ പ്രസിഡന്റായിരുന്ന ധനഞ്ജയ് ആണ് ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർത്ഥി

പട്ന: ജെഎൻയു യൂനിയൻ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ധനഞ്ജയിന് വലിയൊരു ദൗത്യമേൽപ്പിച്ചിരിക്കുകയാണ് പാർട്ടി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 462 വോട്ടിന് കൈവിട്ട ഭോരെ മണ്ഡലം തിരിച്ച് പിടിക്കുക എന്ന ലക്ഷ്യമാണ് സിപിഐ(എംഎൽ) ധനഞ്ജയിനെ ഏൽപ്പിച്ചിരിക്കുന്നത്. ഗയ സ്വദേശിയായ ധനഞ്ജയ് 27 വർഷത്തിന് ശേഷം ജെഎൻയുവിൽ പ്രസിഡന്റായ ദലിത് വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥിയാണ്. നവംബർ ആറിന് നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിലാണ് ധനഞ്ജയ് മത്സരിക്കുന്ന ഭോരെ മണ്ഡലം ഉൾപ്പെട്ടിട്ടുള്ളത്. സിപിഐ(എംഎൽ) വിദ്യാർഥി വിഭാഗമായ ഐസയിൽ 2015 മുതൽ സജീവ പ്രവർത്തകനാണ് ധനഞ്ജയ്. ജനതാദൾ യുനൈറ്റഡിന്റെ സുനിൽകുമാറാണ് ധനഞ്ജയുടെ എതിരാളി.

ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദവും അംബേദ്ക്കർ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ ധനഞ്ജയ് എംഫിൽ പഠനത്തിനായാണ് ജെഎൻയുവിൽ എത്തിയത്. ജെഎൻയുവിലെ സ്‌കൂൾ ഓഫ് ഏസ്തറ്റിക്‌സ് സ്റ്റഡീസിൽ തന്നെ ഗവേഷണത്തിനും ചേരുകയായിരുന്നു. രാഷ്ട്രീയത്തിൽ എത്തപ്പെട്ടതിനെ കുറിച്ചും ധനഞ്ജയ് പറയുന്നുണ്ട്. ചെറിയ പ്രായത്തിൽ തന്നെ പത്രംവായന ഉണ്ടായിരുന്നു. സുഹൃത്തുക്കളുമായി ചർച്ച ചെയ്യലും പതിവായിരുന്നു.എന്നാൽ, ഒരു സംഘടനയുടെ ഭാഗമാവുന്നത് ഡൽഹി സർവകലാശാലയിൽ ബിരുദ പഠനത്തിന് എത്തിയപ്പോഴാണെന്നും അദ്ദേഹം പറയുന്നുണ്ട്.

ഡൽഹി യുനിവേഴ്‌സിറ്റിയിൽ നടപ്പാക്കാൻ ശ്രമിച്ച നാല് വർഷ ബിരുദപദ്ധതിക്കെതിരെ വലിയ പ്രതിഷേധത്തിന് ഐസ നേതൃത്വം നൽകിയിരുന്നു. ആ സമരത്തിലൂടെയാണ് ധനഞ്ജയ് സംഘടനാപ്രവർത്തകനായി മാറുന്നത്. ഏറെ പിന്നോക്ക മേഖലയിൽ നിന്ന് വരുന്ന വിദ്യാർഥികൾക്ക് പലകാര്യങ്ങളിലും പരിമിതികളുണ്ടായിരുന്നു. ഇത്തരം ജീവിതസാഹചര്യത്തിൽ നിന്ന് എത്തുന്നവരുടെ പ്രശ്‌നങ്ങൾ ഏറ്റെടുക്കുന്നതിൽ ഐസയും സിപിഐ(എംഎൽ)ഉും പ്രത്യേക ശ്രദ്ധകാണിച്ചിരുന്നു. ഇതും സംഘടനയായി തന്നെ അടുപ്പിച്ചുവെന്ന് ധനഞ്ജയ് പറയുന്നു.

ഏറെ പിന്നോക്കം നിൽക്കുന്ന പ്രദേശത്ത് നിരവധി ചൂഷണങ്ങളും നിലനിൽക്കുന്നുണ്ട്. അവ ഉയർത്തിയാണ് ധനഞ്ജയുടെ പ്രചാരണം. മികച്ച വിദ്യാഭ്യാസ സൗകര്യം, സ്‌കൂളുകളിൽ അധ്യാപക നിയമനം കൃത്യമായി നടപ്പാക്കുക, മൈക്രോ ഫിനാൻസിൽ നിന്ന് വായ്പയെടുത്ത സ്ത്രീകൾക്ക് രണ്ട് ലക്ഷം വരെ കടാശ്വാസം, പ്രകൃതിദുരന്തങ്ങൾ മൂലം വിള നശിച്ചവർക്കുള്ള നഷ്ടപരിഹാരം എന്നിവയും പ്രചാരണങ്ങളിൽ ഉയർത്തുന്നുണ്ട്.

വിദ്യാർഥി പ്രശ്‌നങ്ങൾക്ക് പരിഹാരം തേടിയും അടിസ്ഥാന വികസന പ്രവർത്തനങ്ങൾ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ധനഞ്ജയ് ജെഎൻയുവിൽ നിരവധി സമരങ്ങൾ നടത്തിയിട്ടുണ്ട്. 16 ദിവസം നിരാഹാരം കിടന്ന് വിദ്യാർഥി ആവശ്യങ്ങൾ നേടിയെടുത്ത ചരിത്രവുമുണ്ട് ജെഎൻയുവിലെ ഈ തീപ്പൊരി നേതാവിന്.

Similar Posts