
ജാതി അധിക്ഷേപവുമായി ജെഎന്‍യു വിസി: രാജി ആവശ്യപ്പെട്ട് വിദ്യാർഥി യൂണിയൻ
|കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥികളെ ഭ്രാന്തന്മാരായി വിസി വിശേഷിപ്പിച്ചതും വിവാദമായിരുന്നു
ന്യൂഡൽഹി: ജാതി അധിക്ഷേപ പരാമര്‍ശം നടത്തിയ ജെഎൻയു വൈസ് ചാൻസലര്‍ ശാന്തിശ്രീ ദുലിപുഠി പണ്ഡിറ്റിന്റെ രാജി ആവശ്യപ്പെട്ട് വിദ്യാർഥി യൂണിയൻ. യുജിസി ചട്ടങ്ങളുമായി ബന്ധപ്പെട്ട പോഡ്‌കാസ്റ്റിനിടെ വൈസ് ചാൻസലർ നടത്തിയ പ്രസ്താവനയാണ് വലിയ പ്രതിഷേധത്തിന് തിരികൊളുത്തുന്നത്.
ഫെബ്രുവരി 16ന് പുറത്തിറങ്ങിയ പോഡ്‌കാസ്റ്റിലെ പ്രസ്‌താവനകൾ ജാതീയമായതും സർവകലാശാലയുടെ ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധവുമാണെന്നും വിദ്യാർഥി യൂണിയൻ പറഞ്ഞു. വൈസ് ചാൻസലറുടെ രാജി ആവശ്യത്തെ പിന്തുണയ്ക്കണമെന്ന് രാജ്യത്തുടനീളമുള്ള എല്ലാ വിദ്യാർഥി സംഘടനകളോടും യൂണിയനുകളോടും സർവകലാശാലകളോടും ജെഎൻയു വിദ്യാർഥി യൂണിയൻ ആവശ്യപ്പെട്ടു.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനം ഇല്ലാതാക്കുന്നതിനായി യുജിസി പുറത്തിറക്കിയ ചട്ടങ്ങൾ യുക്തിരഹിതമെന്ന് വിസി പറഞ്ഞിരുന്നു. സ്ഥിരിമായ ഒരു ഇരവാദം ഇവിടെ നിലനിൽക്കുന്നുണ്ട്. ഇൗ വാദം ഉപയോഗിച്ച് ഒരാൾക്ക് ഒരിക്കലും പുരോഗമിക്കാൻ കഴിയില്ല. കറുത്ത വംശജർ ഉയർത്തിയിരുന്ന വാദമാണത്. ഇൗ ഇരവാദം ദലിതർ ഇവിടേക്ക് കൊണ്ടുവന്നു. ഇതൊരു താൽക്കാലിക മയക്കുമരുന്നാണെന്നുമായിരുന്നു വിസിയുടെ പ്രതികരണം. അതേസമയം പോഡ്‌കാസ്റ്റിൽ നിന്ന് ചില ഭാഗങ്ങളെടുത്ത് പ്രചരിപ്പിക്കുകയാണെന്നാണ് വൈസ് ചാൻസലര്‍ പറയുന്നത്.
കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥികളെ ഭ്രാന്തന്മാരായി വിസി വിശേഷിപ്പിച്ചതും വിവാദമായിരുന്നു. എല്ലാ സർവകലാശാലകളിലും ഭ്രാന്തന്മാർ ഉണ്ടെന്നും അവരൊന്നും ഇൗ സർവകലാശാലയുടെ സവിശേഷതയെ നിർവചിക്കുന്നില്ല എന്നുമായിരുന്നു പരാമര്‍ശം.