
പാർലമെന്റ് അംഗങ്ങളെ പോലും കേന്ദ്രത്തിന് വിശ്വാസമില്ല, ഇരുസഭകളും നടത്തിക്കൊണ്ട് പോകാൻ സർക്കാരിന് താൽപര്യമില്ല; ജോൺ ബ്രിട്ടാസ് എംപി
|പ്രതിപക്ഷവുമായി ഒരു സഹകരണത്തിനും കേന്ദ്രം തയ്യാറാകുന്നില്ലെന്നും എംപി പറഞ്ഞു
ന്യുഡൽഹി: പാർലമെന്റ് സമ്മേളനം നടത്തിക്കൊണ്ടു പോകാൻ സർക്കാരിന് താല്പര്യമില്ലെന്ന് ജോൺ ബ്രിട്ടാസ് എംപി. ചില വാക്കുകൾ പാർലമെന്റിൽ പ്രയോഗിക്കാൻ പാടില്ലെന്നായി. ഇന്ത്യ- യു എസ് കരാർ, എപ്സ്റ്റീൻ എന്നിവയെ കുറിച്ച് സംസാരിക്കാൻ പാടില്ല. പാർലമെന്റ് അംഗങ്ങളെ പോലും കേന്ദ്രത്തിന് വിശ്വാസമില്ലെന്നും പ്രതിപക്ഷവുമായി ഒരു സഹകരണത്തിനും കേന്ദ്രം തയ്യാറാകുന്നില്ലെന്നും എംപി പറഞ്ഞു.
ബജറ്റ് കാൽ കാശിനു കൊള്ളില്ലെന്ന് കാര്യം കേന്ദ്രത്തിന് മനസ്സിലായെന്നും എംപി പ്രതികരിച്ചു. അടുത്ത ഘട്ടം വകുപ്പുകൾ വെച്ചുള്ള ചർച്ചകളാണ്. വാണിജ്യം വിദേശകാര്യം ഗ്രാമീണം എന്നീ വിഷയങ്ങൾ ചർച്ചചെയ്യാൻ പ്രതിപക്ഷം ആവശ്യപ്പെട്ടുവെന്നും എന്നാൽ, കേന്ദ്രം അതിന് തയ്യാറായില്ലെന്നും എംപി ആരോപിച്ചു.
കൂടാതെ,ഉത്തരാഖണ്ഡിലെ കോട്ദ്വാറിൽ ബജ്‌റംഗ് ദൾ പ്രതിഷേധം തടഞ്ഞ ദീപക്കിന് ലഭിക്കുന്ന സഹായം സ്വാഗതാർഹമെന്ന് ജോൺ ബ്രിട്ടാസ് എംപി. അത്ഭുതകരമായ പ്രതികരണമാണ് വിവിധ ഇടങ്ങളിൽ നിന്ന് ലഭിക്കുന്നത്. കലാപ കലുഷിത സാഹചര്യമാണ് ദീപക് നേരിട്ടതെന്നും വെറുപ്പിന്റെ കാലത്ത് പ്രകാശകിരണമായി ദീപക്ക് മാറിയെന്നും ജോസ് ബ്രിട്ടാസ് എംപി പറഞ്ഞു. ജോൺ ബ്രിട്ടാസിന് പിന്നാലെ സുപ്രിംകോടതിയിലെ മുതിർന്ന ഇരുപതോളം അഭിഭാഷകരും ഇന്നലെ ദീപകിൻറെ ജിമ്മിൽ അംഗത്വമെടുത്തിരുന്നു. പ്രതിഷേധം തടഞ്ഞതിന്റെ പേരിൽ ജിമ്മിലെ ഭൂരിഭാഗം പേരും അംഗത്വം വേണ്ടെന്ന് വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജോൺ ബ്രിട്ടാസ് എംപി ഉൾപ്പടെ അംഗത്വം എടുത്തത്. ദീപക്കിന് നിയമ രാഷ്ട്രീയ പിന്തുണയും ബ്രിട്ടാസ് വാഗ്ദാനം ചെയ്തിരുന്നു. അഭിഭാഷകരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബജ്‌റംഗ് ദൾ പ്രവർത്തകർ പ്രതിഷേധിച്ച തുണിക്കട ഉടമ വക്കീൽ അഹമ്മദിന്റെ കടയിലും എംപിയെത്തിയിരുന്നു.
എയിംസിൽ മറ്റു സംസ്ഥാനങ്ങളെ പോലെയുള്ള അർഹത കേരളത്തിന് ഇല്ലേയെന്ന് ബ്രിട്ടാസ് ചോദിച്ചു. എല്ലാവർക്കും കിട്ടിയശേഷം കേരളത്തിന് കിട്ടിയാൽ മതി എന്നാണോ? പരിഗണിക്കേണ്ട സമയത്ത് പരിഗണിക്കണം ആരോഗ്യരംഗത്ത് മികച്ചു നിൽക്കുന്ന കേരളത്തോട് മര്യാദ കാണിക്കണം. എയിംസിന്റെ മുകളിൽ അടിക്കേണ്ട ചായം വരെ സുരേഷ് ഗോപി നിശ്ചയിച്ചിരുന്നു. അദ്ദേഹം പറയുന്നത് രക്ഷപ്പെടാൻ വേണ്ടിയാണ്. സുരേഷ് ഗോപിയെ കേന്ദ്രത്തിലുള്ളവർ വേഷം കെട്ടിക്കുന്നുവെന്നും എംപി പറഞ്ഞു.