< Back
India
JP’s Madhavi Latha booked for verifying identity by removing burqa of Hyderabad women
India

ബൂത്തിൽ സ്ത്രീകളുടെ ബുർഖ അഴിപ്പിച്ച് പരിശോധിച്ച ബിജെപി സ്ഥാനാർഥി മാധവി ലതയ്ക്കെതിരെ കേസ്

Web Desk
|
13 May 2024 3:22 PM IST

സ്ഥാനാർഥി എന്ന നിലയ്ക്ക് തനിക്ക് വോട്ടർമാരെ പരിശോധിക്കാൻ അധികാരമുണ്ടെന്നായിരുന്നു ഇവരുടെ വാദം

ഹൈദരാബാദ്: നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഹൈദരാബാദിൽ പോളിങ് ബൂത്തിലെത്തി മുസ്‌ലിം സ്ത്രീകളുടെ ബുർഖ അഴിപ്പിച്ച് പരിശോധന നടത്തിയ വിവാദ ബിജെപി സ്ഥാനാർഥി മാധവി ലതയ്ക്കെതിരെ കേസ്. ഹൈദരാബാദ് ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാർഥി മാധവി ലതക്കെതിരെ മാലക്പേട്ട് പൊലീസാണ് കേസെടുത്തത്.

സംഭവത്തിൽ ഐപിസി 171 സി, 186, 505 (1) സി, ജനപ്രാതിനിധ്യ നിയമം 132 എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മാധവിക്കെതിരെ കേസെടുത്തതെന്ന് ഹൈദരാബാദ് ജില്ലാ വരണാധികാരി കൂടിയായ കലക്ടർ എക്സ് പോസ്റ്റിലൂടെ അറിയിച്ചു. അസംപൂരിൽ വോട്ട് ചെയ്യാൻ കാത്തുനിന്ന സ്ത്രീകളുടെ ഐഡി കാർഡുകൾ മാധവി ലത വാങ്ങിയ ശേഷം മുഖാവരണം മാറ്റാനും ഉയർത്താനും ആവശ്യപ്പെടുകയായിരുന്നു. പൊലീസുകാരെയും പോളിങ് ഉദ്യോ​ഗസ്ഥരേയും കാഴ്ചക്കാരാക്കിയായിരുന്നു ഇത്.

മണ്ഡലത്തിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് മാധവി പോളിങ് സ്റ്റേഷനുകളിലെത്തി അനധികൃത പരിശോധന നടത്തിയത്. സംഭവത്തിന്റെ വീഡിയോ വൈറലാവുകയും വിമർശനം ശക്തമാവുകയും ചെയ്തതോടെയാണ് പൊലീസ് കേസെടുത്തത്. വോട്ടിങ് നടപടികൾ തടസപ്പെടുത്തിയാണ് ഇവർ ബൂത്തിനകത്ത് കയറി ഭീഷണി മുഴക്കിയത്. വോട്ടർമാരുടെയെല്ലാം മുഖപരിശോധന നടത്തണമെന്നാണ് ഇവർ വീഡിയോയിൽ ആവശ്യപ്പെടുന്നത്.

മുഖാവരണം താഴ്ത്തിയിട്ടും ഇവർ അത് അം​ഗീകരിക്കാൻ തയാറാവാതെ സംശയം പ്രകടിപ്പിക്കുന്നതും സ്ത്രീകളോട് കയർക്കുന്നതും വീഡിയോയിൽ കാണാം. പരിശോധനയ്ക്കിടെ റിട്ടേണിങ് ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരോടും ഇവർ തട്ടിക്കയറി. ഹൈദരാബാദിൽ എഐഎംഐഎം അധ്യക്ഷനും സിറ്റിങ് എം.പിയുമായ അസദുദ്ദീൻ ഉവൈസിക്കെതിരെയാണ് മാധവി ലത മത്സരിക്കുന്നത്. സംഭവം വിവാദമായതോടെ ന്യായീകരണവുമായി ഇവർ രം​ഗത്തെത്തിയിരുന്നു.

സ്ഥാനാർഥി എന്ന നിലയ്ക്ക് തനിക്ക് വോട്ടർമാരെ പരിശോധിക്കാൻ അധികാരമുണ്ടെന്നായിരുന്നു ഇവരുടെ വാദം. 'ഞാനൊരു സ്ഥാനാർഥിയാണ്. നിയമപ്രകാരം ഐ.ഡി കാർഡുകൾ പരിശോധിക്കാൻ അവകാശമുണ്ട്. ഞാൻ ഒരു പുരുഷനല്ല, സ്ത്രീയാണ്. വളരെ വിനയത്തോടെ ഞാൻ അവരോട് അഭ്യർഥിക്കുക മാത്രമാണ് ചെയ്തത്. ഇതിലാരെങ്കിലും വലിയ പ്രശ്നം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനർഥം അവർ ഭയപ്പെടുന്നു എന്നാണ്'- എന്നായിരുന്നു ഇവരുടെ ന്യായീകരണം.

നേരത്തെ, രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിക്കു നേരെ പ്രതീകാത്മകമായി അമ്പെയ്തും വിദ്വേഷ പരാമർശങ്ങളിലൂടെയും വിവാദം സൃഷ്ടിച്ചയാൾ കൂടിയാണ് ചലച്ചിത്ര താരം കൂടിയായ മാധവി. ഈ സംഭവത്തിൽ മാധവി ലതയ്‌ക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. വിവാദ അംഗവിക്ഷേപത്തിന്റെയും വിദ്വേഷ പ്രസംഗത്തിന്റെയും പേരിലായിരുന്നു നടപടി. ഹൈദരാബാദ് സ്വദേശി നൽകിയ പരാതിയിലായിരുന്നു കേസ്.

ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ മാധവി നിരന്തരം മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങളാണു പലയിടങ്ങളിലും നടത്തിയത്. ഇതിനിടെയാണ് രാമനവമി ഘോഷയാത്രയ്ക്കിടെ സിദ്ദിയാംബർ ബസാർ ജങ്ഷനിലെ മസ്ജിദിനു നേരെ ഇവർ വിവാദ അംഗവിക്ഷേപം നടത്തിയത്. യാത്ര നഗരത്തിലെ സിദ്ദിയാംബർ ബസാറിലെ മസ്ജിദിനു സമീപത്തെത്തിയപ്പോൾ പള്ളിക്കുനേരെ അമ്പെയ്യുന്ന പോലെ ആംഗ്യം കാണിക്കുകയായിരുന്നു മാധവി.

രാമനവമി ആഘോഷങ്ങൾക്കിടെ അനിഷ്ടസംഭവങ്ങൾക്കുള്ള സാധ്യത മുൻകൂട്ടിക്കണ്ട് പള്ളി പൂർണമായും മറച്ചിരുന്നു. ഇതിനിടെയായിരുന്നു ബിജെപി സ്ഥാനാർഥിയുടെ പ്രകോപനപരമായ നടപടി. സംഭവം വലിയ വിവാദമായതോടെ വാർത്തകൾ നിഷേധിച്ച് മാധവി രംഗത്തെത്തി. താൻ അത്തരമൊരു അംഗവിക്ഷേപം നടത്തിയിട്ടില്ലെന്നും വീഡിയോ എഡിറ്റ് ചെയ്തു പ്രചരിപ്പിക്കുകയാണെന്നുമായിരുന്നു അവരുടെ വാദം.



Similar Posts