< Back
India
പടക്കംപൊട്ടിക്കലും വിഗ്രഹമൊഴുക്കലും നിർബന്ധിത മതാചാരമല്ല: മുൻ സുപ്രിംകോടതി ജഡ്ജി എ.എസ് ഓക
India

പടക്കംപൊട്ടിക്കലും വിഗ്രഹമൊഴുക്കലും നിർബന്ധിത മതാചാരമല്ല: മുൻ സുപ്രിംകോടതി ജഡ്ജി എ.എസ് ഓക

Web Desk
|
31 Oct 2025 9:06 PM IST

പരിസ്ഥിതി പ്രശ്‌നങ്ങൾ ഏറ്റെടുക്കുന്നവരെ രാഷ്ട്രീയ നേതാക്കൾ പരിഹസിക്കുന്നത് പോലെ ജഡ്ജിമാരും അത്തരം കാര്യങ്ങളിൽ ശക്തമായ ഉത്തരവ് പുറപ്പെടുവിക്കുമ്പോൾ ഇത്തരം വിമർശനങ്ങൾക്ക് ഇരയാകാറുണ്ടെന്ന് ജസ്റ്റിസ് ഓക പറഞ്ഞു

ന്യൂഡൽഹി: പടക്കം പൊട്ടിക്കുന്നതും വിഗ്രഹം പുഴയിലൊഴുക്കുന്നതും ലൗഡ് സ്പീക്കർ ഉപയോഗിക്കുന്നതുമൊന്നും നിർബന്ധിത മതാചാരമല്ലെന്ന് സുപ്രിംകോടതി മുൻജഡ്ജി ജസ്റ്റിസ് എ.എസ് ഓക. മതത്തിന്റെ പേരിൽ അന്തരീക്ഷ മലിനീകരണം ന്യായീകരിക്കുന്നത് വർധിച്ചുവരികയാണ്. ഭരണകൂടവും ജനങ്ങളും മൗലികമായ കടമകൾ നിർവഹിക്കാത്തതാണ് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ പരാജയപ്പെടാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. അന്തരീക്ഷ മലിനീകരണം സംബന്ധിച്ച് സുപ്രിംകോടതി ബാർ അസോസിയേഷൻ നടത്തിയ പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ഓക.

പടക്കം പൊട്ടിക്കുന്നത് അനിവാര്യമായ മതാചാരമാണൈന്ന് ആർക്കെങ്കിലും പറയാനാകുമോ? ദീപാവലിക്കും ഹിന്ദു ആഘോഷങ്ങൾക്കോ മാത്രമല്ല, പുതുവത്സരത്തിനും രാജ്യത്ത് പലയിടത്തും പടക്കം പൊട്ടിക്കാറുണ്ട്. ലക്ഷക്കണക്കിനാളുകളെ പുഴയിൽ കുളിക്കാൻ പ്രോത്സാഹിപ്പിക്കുകയാണ് മതങ്ങൾ. ഇതുവഴി പുഴ മലിനമാക്കപ്പെടുന്നു. ഗണപതിവിഗ്രഹ നിമജ്ജനച്ചടങ്ങിന് ശേഷം മുംബൈയിലെ ബീച്ചുകൾ സന്ദർശിച്ചാൽ എത്രത്തോളം പ്രശ്‌നമാണ് അതുണ്ടാക്കിയിരിക്കുന്നതെന്ന് ബോധ്യമാകും. അതുപോലെ ഒരു മതവും ലൗഡ് സ്പീക്കറുപയോഗിക്കാൻ പറയുന്നില്ലെന്നും ജസ്റ്റിസ് ഓക പറഞ്ഞു.

പരിസ്ഥിതി പ്രശ്‌നങ്ങൾ ഏറ്റെടുക്കുന്നവരെ രാഷ്ട്രീയ നേതാക്കൾ പരിഹസിക്കുന്നത് പോലെ ജഡ്ജിമാരും അത്തരം കാര്യങ്ങളിൽ ശക്തമായ ഉത്തരവ് പുറപ്പെടുവിക്കുമ്പോൾ ഇത്തരം വിമർശനങ്ങൾക്ക് ഇരയാകാറുണ്ടെന്ന് ജസ്റ്റിസ് ഓക പറഞ്ഞു. വളരെ റിസ്‌ക് എടുത്താണ് ആക്ടിവിസ്റ്റുകൾ പരിസ്ഥിതി പ്രശ്‌നങ്ങൾ കോടതിയിലെത്തിക്കുന്നത്. എന്നാൽ രാഷ്ട്രീയ നേതാക്കളും മതനേതൃത്വവും പലപ്പോഴും അവരെ ലക്ഷ്യംവെക്കുന്നത് നിർഭാഗ്യകരമായ സാഹചര്യമാണ്. പരിസ്ഥിതി വിഷയങ്ങളിൽ ഉത്തരവാദിത്തബോധത്തോടെ ശക്തമായ ഉത്തരവ് പുറപ്പെടുവിക്കുന്ന ജഡ്ജിമാരെ പോലും ലക്ഷ്യമിടുന്നുണ്ടെന്നും ജസ്റ്റിസ് ഓക പറഞ്ഞു.

Similar Posts