< Back
India
ജഡ്ജിമാർ കോടതിക്കുള്ളിൽ മാന്യമായി പെരുമാറണം: ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ്
India

ജഡ്ജിമാർ കോടതിക്കുള്ളിൽ മാന്യമായി പെരുമാറണം: ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ്

Web Desk
|
6 July 2025 11:36 AM IST

ബോംബെ ഹൈക്കോടതി നടപടിക്രമങ്ങളുടെ തത്സമയ സംപ്രേക്ഷണത്തിന് തുടക്കം കുറിക്കുന്ന വേദിയിലാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം

മുംബൈ: കോടതിക്കുള്ളിൽ ജഡ്ജിമാർ മാന്യമായി പെരുമാറണമെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്. കേവലം പത്തുമണി മുതൽ അഞ്ചു മണി വരെയുള്ള ജോലിയല്ല ജഡ്ജിന്റെത്. നീതി നടപ്പാക്കാൻ ജഡ്ജിമാർ പ്രതിജ്ഞാബദ്ധരായിരിക്കണം എന്നും ചീഫ് ജസ്റ്റിസ് ഓർമിപ്പിച്ചു. ബോംബെ ഹൈക്കോടതി നടപടിക്രമങ്ങളുടെ തത്സമയ സംപ്രേക്ഷണത്തിന് തുടക്കം കുറിച്ചുകൊണ്ട് സംസാരിച്ച ചീഫ് ജസ്റ്റിസ് ബോംബെ ഹൈക്കോടതിയുടെ മികച്ച വിധിന്യായങ്ങളെ ആളുകൾ പ്രശംസിക്കുമ്പോൾ തനിക്ക് അഭിമാനം തോന്നുന്നുവെന്നും പറഞ്ഞു.

എന്നാൽ തന്റെ ചില സഹപ്രവർത്തകരുടെ 'പരുഷമായ പെരുമാറ്റം' സംബന്ധിച്ച നിരവധി പരാതികൾ തന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. 'ഈയിടെയായി ചില സഹപ്രവർത്തകരിൽ നിന്ന് മോശം പെരുമാറ്റത്തെക്കുറിച്ച് എനിക്ക് ധാരാളം പരാതികൾ ലഭിക്കുന്നുണ്ട്. ജഡ്ജിയായി സേവനമനുഷ്ഠിക്കാനുള്ള അവസരം കേവലം പത്ത് മുതൽ അഞ്ച് വരെയുള്ള ജോലിയല്ലെന്ന് ഞാൻ എപ്പോഴും വിശ്വസിക്കുന്നു. സമൂഹത്തെയും രാജ്യത്തെയും സേവിക്കാനുള്ള അവസരമാണിത്.' ചീഫ് ജസ്റ്റിസ് പറഞ്ഞു.

രാഷ്ട്രത്തെ സേവിക്കാൻ വളരെ കുറച്ച് പേർ മാത്രമേ തെരഞ്ഞെടുക്കപ്പെടുന്നുള്ളൂവെന്നും നീതിക്കുവേണ്ടിയുള്ള പ്രതിബദ്ധതയും സമർപ്പണവുമാണ് ആവശ്യമുള്ളതെന്നും ഒരു മുതിർന്ന ജഡ്ജിയുടെ വാക്കുകൾ അദ്ദേഹം ഓർമിപ്പിച്ചു. 'അഭിഭാഷകരോട് അപമര്യാദയായി പെരുമാറുന്നതോ ഉദ്യോഗസ്ഥരെ ഇടക്കിടെ കോടതിയിലേക്ക് വിളിപ്പിക്കുന്നതോ ഒരു ലക്ഷ്യത്തിനും സഹായിക്കുന്നില്ല.' അദ്ദേഹം പറഞ്ഞു. 'കോടതിമുറിയിലെ അന്തരീക്ഷം സുഖകരമായി നിലനിർത്തണം. അത് ജഡ്ജിമാരും അഭിഭാഷകരും ഉൾപ്പെടെ എല്ലാവരുടെയും രക്തസമ്മർദ്ദത്തിന്റെയും പ്രമേഹത്തിന്റെയും അളവ് നിലനിർത്താൻ സഹായിക്കുന്നു.' നർമ്മത്തോടെ അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts