< Back
India
Judiciary Has No Magic Wand To Solve Delhi Pollution Problem Says Supreme Court
India

ഡൽഹി വായുമലിനീകരണം പരിഹരിക്കാൻ കോടതിയുടെ കൈയിൽ മാന്തികവടിയൊന്നുമില്ല: സുപ്രിംകോടതി

Web Desk
|
27 Nov 2025 8:18 PM IST

'ഞങ്ങളും ഡൽഹിയിലെ താമസക്കാരാണ്. ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്'- ബെഞ്ച് പറഞ്ഞു.

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ രൂക്ഷമായ വായുമലിനീകരണത്തിൽ പ്രതികരണവുമായി സുപ്രിംകോടതി. ഡൽ‍ഹി വായുമലിനീകരണം പരിഹരിക്കാൻ‍ കോടതിയുടെ കൈയിൽ മാന്ത്രികവടിയൊന്നുമില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല ബാഗ്ചി എന്നിവരുടെ ബെഞ്ചിന്റേതാണ് പരാമർശം.

'ഞങ്ങളും ഡൽഹിയിലെ താമസക്കാരാണ്. ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. പക്ഷേ ഈ പ്രശ്നത്തിന് ആരും കാരണക്കാരല്ലെന്ന് നമ്മൾ അംഗീകരിക്കണം'- ബെഞ്ച് പറഞ്ഞു. ഡൽഹി വായു മലിനീകരണ വിഷയത്തിൽ കോടതി നിയമിച്ച അഭിഭാഷകയായ അപരാജിത സിങ് സമർപ്പിച്ച ഹരജി അടിയന്തരമായി കേൾക്കണമെന്ന ആവശ്യം പരിഗണിക്കുമ്പോഴായിരുന്നു ബെഞ്ചിന്റെ പരാമർശം.

'ഒരു ജുഡീഷ്യൽ ഫോറത്തിന് എന്ത് മാന്ത്രിക വടിയാണ് പ്രയോഗിക്കാനാവുക? ഡൽഹിക്ക് ഈ വായുമലിനീകരണം അപകടകരമാണെന്ന് ഞങ്ങൾക്കറിയാം... ഉടനടി ശുദ്ധവായു ലഭിക്കാൻ കഴിയുന്ന എന്ത് പരിഹാരമാണ് നിർദേശിക്കാനാവുക?'- കോടതി ചോദിച്ചു.

ശൈത്യകാലത്ത് മാത്രം രൂക്ഷമായ മലിനീകരണം ഉണ്ടാകുന്നുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ദീപാവലി സീസണിൽ അതൊരു ആചാരപരമായ രീതിയുടെ ഭാ​ഗമായാണ് വിലയിരുത്തപ്പെടുന്നത്. ശൈത്യകാലം കഴിഞ്ഞാൽ അത് അപ്രത്യക്ഷമാകും. എന്തായാലും നമുക്ക് പതിവായി നിരീക്ഷണം നടത്താം"- ചീഫ് ജസ്റ്റിസ് ഉറപ്പ് നൽകി.

ഡൽഹിയിലെ മലിനീകരണ പ്രശ്നം ആരോഗ്യ അടിയന്തരാവസ്ഥയാണെന്ന് മുതിർന്ന അഭിഭാഷക അപരാജിത സിങ് പറഞ്ഞതിന് പിന്നാലെയാണ് ബെഞ്ചിന്റെ പ്രതികരണം. പരിഹാരങ്ങൾ കടലാസിൽ ഒതുങ്ങുകയാണെന്നും അടിസ്ഥാനപരമായി ഒന്നും നടക്കുന്നില്ലെന്നും അപരാജിത സുപ്രിംകോടതിയെ അറിയിച്ചു.

ഡൽഹി വായുമലിനീകരണത്തിൽ ഞായറാഴ്ച വൈകിട്ട് ഇന്ത്യാ ഗേറ്റിന് മുന്നിൽ വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നു. ഇതിൽ മലയാളി വിദ്യാർഥികൾ ഉൾപ്പെടെ 21 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിഷേധക്കാരെ പൊലീസ് ക്രൂരമായി മർദിച്ചെന്ന് വിദ്യാർഥികൾ ആരോപിച്ചിരുന്നു.

Similar Posts