< Back
India
ഹിന്ദുത്വരുടെ വെല്ലുവിളികൾക്കിടയിൽ ഗുരുഗ്രാമിൽ ജുമുഅ നിസ്‌കരിച്ചു; ഹിന്ദു-മുസ്‌ലിം മൈത്രിക്കായി പ്രാർത്ഥന നടത്തി ഇമാം
India

ഹിന്ദുത്വരുടെ വെല്ലുവിളികൾക്കിടയിൽ ഗുരുഗ്രാമിൽ ജുമുഅ നിസ്‌കരിച്ചു; ഹിന്ദു-മുസ്‌ലിം മൈത്രിക്കായി പ്രാർത്ഥന നടത്തി ഇമാം

Web Desk
|
3 Dec 2021 7:15 PM IST

ഇക്കുറിയും മുദ്രാവാക്യവുമായി ജുമുഅ തടസ്സപ്പെടുത്താനെത്തിയ ഹിന്ദുത്വരെ പൊലിസ് തടഞ്ഞു

ഹരിയാനയിലെ ഗുരുഗ്രാം സെക്ടർ 37 ഏരിയയിൽ ഇന്നും ജുമുഅ തടസ്സപ്പെടുത്താൻ ജയ് ശ്രീരാം മുദ്രാവാക്യവുമായി ഹിന്ദുത്വ ശക്തികളെത്തിയെങ്കിലും പ്രാർത്ഥന നടന്നു. ഇമാമായ ഗുരുഗ്രാമിലെ മുസ്‌ലിം ഏകതാ മഞ്ച് തലവൻ ഹാജി ഷഹ്‌സാദ് ഖാൻ ജുമുഅ നമസ്‌ക്കാര ശേഷം ഹിന്ദു മുസ്‌ലിം മൈത്രിക്കായി പ്രാർത്ഥനയും നടത്തി. തുടർച്ചയായി മൂന്നാം ആഴ്ചയാണ് സർക്കാർ അനുവദിച്ച സ്ഥലങ്ങളിൽ നടക്കുന്ന മുസ്‌ലിംകളുടെ വെള്ളിയാഴ്ച പ്രാർത്ഥന തടയാൻ വിവിധ ഹിന്ദുത്വ സംഘാംഗങ്ങളെത്തിയത്. പ്രതിഷേധവുമായെത്തിയ 40 ഓളം പേരെ പൊലിസ് തടഞ്ഞുവെച്ചു. ഏഴു പേരെ അറസ്റ്റു ചെയ്തു.

കനത്ത സുരക്ഷയിലാണ് പ്രത്യേക സ്ഥലങ്ങളിൽ ജുമുഅ നടന്നത്. ജുമുഅ തടയുമെന്ന് വ്യാഴാഴ്ച ഹിന്ദുത്വ വാദികൾ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പ്രദേശത്ത് പൊലിസ് സാന്നിധ്യമുണ്ടായിരുന്നു. എന്നാൽ പ്രതിഷേധക്കാർ നമസ്‌ക്കാരം നടക്കുന്ന ഇടങ്ങളിൽ തങ്ങളുടെ ട്രക്കുകൾ നിർത്തിയിടുകയായിരുന്നു. വേറെ സ്ഥലമില്ലെന്നായിരുന്നു അവരുടെ വാദം. കാവി ഷാളുകളണിഞ്ഞെത്തിയ ഇക്കൂട്ടർ നമസ്‌ക്കാരം മുടക്കാൻ ഉച്ചത്തിൽ മുദ്രാവാക്യങ്ങൾ മുഴക്കി.

പൊതുസ്ഥലങ്ങളിൽ വെള്ളിയാഴ്ചകളിലെ ജുമുഅ തടഞ്ഞ ഹിന്ദുത്വ സംഘങ്ങളുടെ എതിർപ്പിനെ തുടർന്ന് സിഖ് മതവിശ്വാസികൾ ഗുരുദ്വാരകൾ തുറന്നുനൽകിയിട്ടും കഴിഞ്ഞാഴ്ച നമസ്‌ക്കാരം നടന്നിരുന്നില്ല. ഗുരുഗ്രാമിലെ അഞ്ചു ഗുരുദ്വാരകളാണ് മുസ്ലിംകളുടെ ജുമുഅ നമസ്‌ക്കാരത്തിനായി തങ്ങളുടെ പ്രാർത്ഥനാലയങ്ങൾ നൽകാൻ സന്നദ്ധരായിരുന്നത്. എന്നാൽ നിങ്ങളുടെ മുൻഗാമികളോട് മുഗളന്മാർ ചെയ്തത് ഓർക്കണമെന്ന് പറഞ്ഞ ഹിന്ദുത്വ സംഘങ്ങൾ നമസ്‌ക്കാരത്തിന് അവസരം നൽകിയ കമ്മിറ്റി അംഗങ്ങളെ ഒഴിവാക്കാനും ആവശ്യപ്പെട്ടു. ഈ പ്രചാരണം കൊഴുപ്പിക്കപ്പെട്ടതിനെ തുടർന്ന കഴിഞ്ഞ വെള്ളിയാഴ്ച ഒരൊറ്റ ഗുരുദ്വാരയിലും നമസ്‌ക്കാരം നടന്നില്ല. അടുത്താഴ്ച നമസ്‌ക്കാരം നടക്കുമോയെന്നതിൽ പിന്നീട് തീരുമാനമുണ്ടാകുമെന്ന് ഒരു ഗുരുദ്വാര ഭാരവാഹി പറഞ്ഞിരുന്നു.

ഭൂമി കയ്യേറാനാണ് പൊതുസ്ഥലത്തെ നമസ്‌ക്കാരമെന്ന് ആരോപിച്ച് സെപ്തംബറിൽ ഹിന്ദുത്വ വാദികൾ തുടങ്ങിയ ജുമുഅ തടയൽ കാമ്പയിനെ തുടർന്നാണ് സിഖ് സമൂഹം ഗുരുദ്വാരകളിൽ നമസ്‌ക്കരത്തിന് ഇടം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നത്. ഇത് ഏറെ പ്രശംസിക്കപ്പെടുകയും വാർത്താ പ്രാധാന്യം നേടുകയും ചെയ്തിരുന്നു. എന്നാൽ ഈ മതസൗഹാർദ സമീപനമാണ് ഹിന്ദുത്വവാദികൾ തടസ്സപ്പെടുത്തിയിരിക്കുന്നത്. ഹിന്ദുത്വവാദികൾ സാമൂദായിക സൗഹാർദ്ദം ഇല്ലാതാക്കാൻ കാത്തിരിക്കുന്നതിനാൽ ഗുരുഗ്രാമിൽ നമസ്‌ക്കാരം നടത്താൻ കഴിയാത്ത അവസ്ഥയാണെന്ന് ഗുരുഗ്രാം നാഗരിക് ഏകതാ മഞ്ച് കോ ഫൗണ്ടറായ അൽത്താഫ് അഹമ്മദ് പറഞ്ഞു. എന്നാൽ ദശലക്ഷക്കണക്കിന് മുസ്ലിംകൾ സിഖ് സഹോദരന്മാരുടെ ഹൃദയത്തിലിരുന്ന് നമസ്‌ക്കാരം നിർവഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഉലമാ എ- ഹിന്ദിന്റെ പ്രാദേശിക ചാപ്റ്റർ പ്രസിഡൻറായ മുഫ്തി മുഹമ്മദ് സലീം വെള്ളിയാഴ്ച സദാർ ബസാർ സോന ചൗക്കിലെ ഗുരുദ്വാര സന്ദർശിക്കുകയും സ്ഥിതിഗതികൾ ചർച്ച ചെയ്യുകയും ചെയ്തു.'' ഗുരുദ്വാരക്ക് പുറത്തു ചിലർ നിൽക്കുന്നത് സാമുദായിക സൗഹാർദം സഹിക്കാത്ത പലരും ഇവിടെയുണ്ടെന്നതിന് തെളിവാണ്. ഇവിടെ നമസ്‌ക്കാരം നടത്താൻ കഴിയാതിരുന്നാലും പ്രശ്നമില്ല, ഗുരുദ്വാരകളിൽ ജുമുഅ നടത്താമെന്ന് പറഞ്ഞത് പ്രതീകാത്മക പിന്തുണയാണ് '' മുഫ്തി മുഹമ്മദ് സലീം പറഞ്ഞു. ഗുരുനാനാക്ക് ജയന്തിയോടനുബന്ധിച്ച് നിരവധി പേർ അലംകൃതമായ സോനചൗക്ക് ഗുരുദ്വാരയിലെത്തിയിരുന്നു. അതേസമയം തന്നെ ഗുരുദ്വാരക്ക് പുറത്ത് സംയുക്ത് ഹിന്ദു സംഘർഷ് സമിതിയുടെ 15 അംഗങ്ങളും എത്തി. പൊതുയിടങ്ങളിലെ ജുമുഅ തടയുന്ന 22 ഹിന്ദുത്വ സംഘടനകളുടെ മേൽസമിതിയാണിത്. 1675 ൽ മുഗൾ ഭരണകൂടം ശിരഛേദം നടത്തിയ ഗുരു തേജ് ബഹദൂറിനെ കുറിച്ചുള്ള പുസ്തകവുമായായിരുന്നു ഇവരെത്തിയത്. സിഖുകാരുടെ ഹിന്ദു സഹവാസവും മുസ്ലിം ഭരണകൂട വിരോധവും ഓർമിപ്പിക്കാനായിരുന്നു ഈ പുസ്തകം വിതരണം. സത്യം ഓർമപ്പെടുത്തൽ തങ്ങളുടെ ബാധ്യതയാണെന്നും അവർ പറഞ്ഞു.

2021 സെപ്തംബറിൽ ഗുരുഗ്രാം ഭരണകൂടം 34 സ്ഥലങ്ങളിൽ വാഹനഗതാഗതം തടസ്സപ്പെടുത്താതെ നമസ്‌ക്കരിക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ സെപ്തംബർ 17 ന് ഭാരത് മാതാ വാഹിനി സ്ഥാപകൻ ദിനേശ് ഭാരതിയുടെ നേതൃത്വത്തിൽ ഇതിനെതിരെ കാമ്പയിൻ തുടങ്ങുകയായിരുന്നു. ഗുരുഗ്രാമിലെ സെക്ടർ 47 ലായിരുന്നു ഇവരുടെ പ്രതിഷേധം തുടങ്ങിയത്. പിന്നീട് സെക്ടർ 12 ലേക്കും മറ്റിടങ്ങളിലേക്കും വ്യാപിച്ചു. ഹിന്ദുത്വ സംഘങ്ങളുടെ എതിർപ്പിനെ തുടർന്ന് നമസ്‌ക്കാര സ്ഥലങ്ങളുടെ എണ്ണം ദീപാവലിക്ക് ശേഷം 27 ആയി ചുരുങ്ങി. ഒക്ടോബർ 26 ഓടെ എല്ലാ സ്ഥലത്തും നമസ്‌ക്കാരം നിർത്തിവെക്കാൻ അവർ സമ്മർദ്ദം ചൊലുത്തി. ശേഷം ജുമുഅ നടത്താറുള്ള സെക്ടർ 12 ലെ സ്ഥലത്ത് അവർ ഗോവർദ്ധൻ പൂജ നടത്തി. പിന്നീട് അവിടെ വോളിബാൾ കോർട്ട് പണിയുമെന്ന് പറഞ്ഞ അവർ സ്ഥലത്ത് ചാണകം ഉപേക്ഷിച്ച് പോവുകയും ചെയ്തു.

നമസ്‌ക്കാരത്തിന് ഇടം നൽകാമെന്ന് പറഞ്ഞ ഷെർദിൽ സിങ് സിദ്ദുവിനെതിരെ രാമജന്മഭൂമി പ്രക്ഷോഭത്തിനിറങ്ങിയ രവി രഞ്ജൻ ഒരു വിഡിയോ പുറത്തിറക്കിയിരുന്നു. അനുമതി നൽകാൻ താനാരാണെന്നായിരുന്നു രഞ്ജന്റെ ചോദ്യം. അദ്ദേഹം മാപ്പുപറയണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. മറ്റു ഗുരുദ്വാര ഭാരവാഹികളും അവഹേളിക്കപ്പെട്ടിരുന്നു.


Similar Posts